Monday
18 Feb 2019

സാധ്യതകളും ബാധ്യതകളും സമന്വയിപ്പിച്ച ബജറ്റ്

By: Web Desk | Friday 2 February 2018 10:44 PM IST

പ്രൊഫ. പി എ വാസുദേവന്‍
(സാമ്പത്തിക വിദഗ്ധന്‍)

ധനകാര്യമന്ത്രി തോമസ് ഐസക് വളരെ യാഥാര്‍ഥ്യ ബോധത്തോടെ അവതരിപ്പിച്ച ബജറ്റാണ് ഇത്തവണത്തേത്. സംസ്ഥാന ഗവണ്‍മെന്റിന് നികുതിയുടെ പേരിലുള്ള സ്വാധികാരം കുറയുന്നതു കൊണ്ടു തന്നെ ചെലവില്‍ വളരെയേറെ ശ്രദ്ധയാവശ്യമായ സമയമാണെന്ന് ഐസക്കിനറിയാം.
ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ധനം കുറയ്ക്കാനാവില്ല. പണം ഇല്ലാത്തതു കാരണം വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും കുറയ്ക്കാനാവില്ലെന്നും അദ്ദേഹത്തിനറിയാം. എന്നാല്‍ അതിന് ചേര്‍ന്ന വരുമാനം കണ്ടെത്താനാവുന്നുമില്ല.
അതുകൊണ്ടു തന്നെ മറ്റ് മേഖലകളില്‍ ചെലവ് കുറയ്‌ക്കേണ്ടി വരുമെന്ന ദീര്‍ഘവീക്ഷണം ഇത്തവണത്തെ ബജറ്റിലുണ്ട്. നികുതി വരുമാനം 8.2 ശതമാനം മാത്രമാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ പദ്ധതി ചെലവുകളും പദ്ധതിയേതര ചെലവുകളും വളരെയധികം വര്‍ധിക്കുകയും ചെയ്തു.
അതു കൊണ്ടുതന്നെ ഒഴിവാക്കാവുന്ന എല്ലാ ദുഷ്‌ചെലവുകളും റദ്ദാക്കുകയാണ് മുമ്പിലുള്ള വഴി. അദ്ദേഹം അത് ബജറ്റില്‍ കാണിച്ചിട്ടുമുണ്ട്. ക്ഷേമപെന്‍ഷനുകള്‍ അര്‍ഹതയില്ലാത്തവര്‍ തട്ടിയെടുക്കുന്ന അവസ്ഥയുണ്ട്. ഇത് നിയന്ത്രിക്കുക എന്നതാണ് അതിലൊന്ന്.
അര്‍ഹതയില്ലാത്തവര്‍ക്ക് കൊടുക്കുന്ന പണവും മറ്റ് ദുഷ്‌ചെലവുകളും നിയന്ത്രിക്കുക. നികുതിയേതര വരുമാനത്തിനുള്ള സാധ്യത കണ്ടെത്തുക. പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭകരമാക്കിയെടുക്കുക. എന്നിവയെല്ലാം ബജറ്റില്‍ പ്രതിപാദിച്ചിരിക്കുന്നു.
ജി എസ് ടി വര്‍ധിച്ചാല്‍ പണം ഉണ്ടാകും എന്നത് യാഥാര്‍ഥ്യമാണ്. 2016 മുതല്‍ ധനകമ്മി വളരെ കുറച്ചു കൊണ്ടുവരാന്‍ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. 2016-17ല്‍ ധനകമ്മി 4.3 ശതമാനവും 2017-18 ല്‍ 3.3 ശതമാനവും ആയി കുറഞ്ഞു. 2018-19ല്‍ അത് 3.1% ആക്കി കുറയ്ക്കുകയാണ് ലക്ഷ്യം.
കേന്ദ്രസര്‍ക്കാര്‍ കമ്മി കുറച്ചത് എങ്ങനെയെന്ന് ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒരു ലക്ഷം കോടിയുടെ ഓഹരി വിറ്റിട്ടാണ് അവര്‍ കമ്മി കുറച്ചു കൊണ്ടുവന്നത്. സംസ്ഥാനത്തിനുള്ള കടമെടുപ്പ് കേന്ദ്രം പരിമിതപ്പെടുത്തിയതും തിരിച്ചടിയായി. ഇതെല്ലാം മുന്നില്‍ കണ്ടുകൊണ്ടുള്ള ബജറ്റാണിത്.
കിഫ്ബിയെ പ്രതിപക്ഷനേതാവ് പരിഹസിക്കുന്നത് കാണാമായിരുന്നു. അതിന് 9.5 ശതമാനം പലിശ നല്‍കണ്ടേ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. കിഫ്ബി ഇല്ലെങ്കില്‍ ഇന്നു നേടേണ്ട വികസനത്തിനായി നാം 20 വര്‍ഷം വരെ കാത്തിരിക്കണം. ഒരുതലമുറക്ക് അതിന്റെ ഗുണഫലം കിട്ടാതാവും. കിഫ്ബിയുടെ പ്രോജക്ട് സമയബന്ധിതമാണ്. അതുകൊണ്ടുതന്നെ അതിന്റെ തിരച്ചടവ് സംസ്ഥാനത്തിന് ബാധ്യതയാവില്ല എന്നതാണ് വസ്തുത.
കേന്ദ്രബജറ്റും സംസ്ഥാന ബജറ്റും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്. പ്രായോഗികവും യാഥാര്‍ഥ്യ ബോധവും പ്രൊഫഷണലിസവും സംസ്ഥാന ബജറ്റിലുണ്ട്. ഓരോ അക്കൗണ്ട് ഹെഡിലും എങ്ങനെ എത്ര പണം എവിടെ ചെലവഴിക്കണമെന്ന് കൃത്യമായി തോമസ് ഐസക് നിര്‍ദ്ദേശിച്ചിരിക്കുന്നു.
താഴേത്തട്ടിലുള്ള വരുമാനം കണ്ടെത്താന്‍ സ്ത്രീകള്‍ക്ക് തൊഴില്‍ ശാക്തീകരണം. ഗ്രാമീണമേഖലയുടെ ഉണര്‍വ്വിനായി വരുമാനം. ുതിയ തൊഴിലവസരം എന്നിവക്ക് പണം നീക്കിവെച്ചിരിക്കുന്നു.
കുടുബശ്രീയെ അധികാരപ്പെടുത്തി പഞ്ചായത്തുതലത്തില്‍ കോഴി വളര്‍ത്തല്‍ ഇതിന് ഉദാഹരണമാണ്. കേരളത്തില്‍ ഇതിന് വന്‍ തൊഴില്‍ സാധ്യതയും കാണാം. കുറഞ്ഞ മൂലധനച്ചെലവു മാത്രം. അതിന്റെ വിപണനം സര്‍ക്കാര്‍ ഉറപ്പുവരുത്തണം എന്നു മാത്രം.
കുടുംബശ്രീ കോഴിയിറച്ചി ഇപ്പോള്‍ വിപണിയിലെത്തി കഴിഞ്ഞു. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ വിജയം അദ്ദേഹം ഉറപ്പു നല്‍കുന്നു. കേരളത്തിന്റെ പണം ഈ വകയില്‍ തമിഴ്‌നാട്ടിലേക്ക് പോകുന്നത് തടയനാവും എന്ന പ്രത്യേകതയുമുണ്ട്.
വിശപ്പുരഹിത പദ്ധതിക്ക് 20 കോടി, മത്സ്യമേഖലയിലെ വിപണനവും അവരുടെ ക്ഷേമസൗകര്യങ്ങളും സര്‍ക്കാര്‍ ഏറെ ശ്രദ്ധിക്കുന്നു എന്ന് വ്യക്തം. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അതിന് ഏറെ യാണ് പ്രാധാന്യം.
മറ്റൊന്ന് പൊതു ആരോഗ്യമേഖലക്ക് നീക്കിവെച്ച തുകയാണ്. വലിയൊരു ശതമാനം ആളുകളെ താളം തെറ്റിക്കുന്നതാണ് ഇത്. ഏറെ ചെലവുവരുന്നതു മൂലം കുടംബ ബജറ്റ് തകരുകയും ദാരിദ്ര്യം എത്തിപ്പെടുകയും ചെയ്യുന്ന മേഖലയാണിത്. ഇതിന് പ്രധാനകാരണം പൊതു ആരോഗ്യരംഗത്തെ സര്‍ക്കാര്‍ അവഗണനയാണ്. ഇത് വളരെ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്തിരിക്കുന്നു.
ഉദാഹരണത്തിന് താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് സെന്ററുകള്‍, താങ്ങാവുന്ന ചെലവില്‍ നല്ല ചികിത്സ. തീരദേശ കുടുംബാരോഗ്യ പദ്ധതി. പഞ്ചായത്തു തലത്തില്‍ വ്യക്തിഗത സൂക്ഷ്മാരോഗ്യപദ്ധതി, അപകടം സംഭവിച്ചാല്‍ ഏറ്റവും അടുത്ത ആശുപത്രിയില്‍ മികച്ച ചികിത്സാ സൗകര്യം. ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാനം ഇത്ര സമഗ്രമായ ആരോഗ്യ പദ്ധതി രൂപീകരിച്ചിട്ടുള്ളത്.
ഇതുപോലെ ശ്രദ്ധ ആവശ്യമായ മേഖലയാണ് പൊതുവിദ്യാഭ്യാസ രംഗവും. സ്‌കൂളുകളില്‍ ഡിജിറ്റലൈസേഷന്‍, സ്‌കൂള്‍ നെറ്റ് വര്‍ക്കിംഗ്, ഗ്രാമീണ സ്‌കൂളുകളെ ലോക നിലവാരത്തിലെത്തിക്കാനുള്ള പദ്ധതികള്‍. 400 സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ എന്നിവ ഇതിലുണ്ട്. ബജറ്റില്‍ എല്ലാം കൊണ്ടു വരാന്‍ ശ്രദ്ധിച്ചിട്ടുണ്ട്,
സ്ത്രീ ശാക്തീകരണത്തില്‍ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്. ഇത് അയല്‍ക്കൂട്ട വര്‍ഷമാണ്. അതുകൊണ്ടുതന്നെ കുടുംബശ്രീക്ക് 200 കോടി നീക്കിവെച്ചു, വനിതാ ക്ഷേമത്തിനായി 1257 കോടിയും. ഷീ ലോഡ്ജ്, ട്രാന്‍സ് ജെണ്ടര്‍ പദ്ധതികള്‍ തുടങ്ങിയവയും ബജറ്റില്‍ ശ്രദ്ധിച്ചിരിക്കുന്നു. ഇത്തരത്തില്‍ എല്ലാ മേഖലയേയും പ്രത്യേകം പ്രത്യേകം പരാമര്‍ശിച്ചിട്ടുമുണ്ട്.
തന്റെ നാട്ടിലെ പ്രധാന വ്യവസായവും ധനാഗമ മാര്‍ഗവുമായ കയര്‍ മേഖലക്ക് അദ്ദേഹം ഊന്നല്‍ നല്‍കിയിട്ടുണ്ട്. കയര്‍ വാങ്ങാന്‍ പണം. ഒരു സ്ത്രീക്ക് 600 രൂപയെങ്കിലും ദിവസ വരുമാനം നല്‍കുകയാണ് ലക്ഷ്യം. വ്യക്തികള്‍ക്കും സര്‍ക്കാരിനും വരുമാനം കൂട്ടാനുള്ള പദ്ധതികളും ഇതോടനുബന്ധിച്ച് ഉള്‍പ്പെടുത്തിയിരിക്കുന്നു.
കാര്‍ഷികമേഖലയേയും കാര്യമായി പരിഗണിച്ചിട്ടുണ്ട്. പ്രത്യേകിച്ച് നെല്‍കൃഷി സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കുന്ന സാഹചര്യത്തില്‍. അതുകൊണ്ടു തന്നെ കൂടുതല്‍ ബാധ്യത ഈ മേഖലകളില്‍ സര്‍ക്കാരിന് ഏറ്റെടുക്കേണ്ടി വരുന്നു.
പ്രത്യേകിച്ച് നെല്ല് സംഭരണം കാര്യക്ഷമമാക്കുന്ന കാര്യത്തില്‍. ഉദാഹരണമായി പാലക്കാട്ടെ സ്വകാര്യ മില്ലുകള്‍ നെല്ല് സംഭരിക്കുന്നില്ല. അതുകൊണ്ടുതന്നെ ഈ മേഖലയിലെ സംഭരണം സഹകരണ സംഘങ്ങള്‍ വഴിയാക്കുന്നതിന് നടപടി സ്വീകരിച്ചിരിക്കുന്നു.
ഇതോടൊപ്പം നാളികേരത്തിന്റെ മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ക്ക് പരിഗണന നല്‍കുകയും വേണം.
ഇവയ്‌ക്കെല്ലാമായി പ്രത്യേക യുവസംരംഭക പദ്ധതിയും, സ്റ്റാര്‍ട്ട് അപ് ഇന്‍ക്യുബേറ്റര്‍ സിസ്റ്റവും ഇതിന്റെ പ്രത്യേകതയാണ്. ഇത്തരത്തില്‍ ദീര്‍ഘദര്‍ശനത്തോടെയാണ് അദ്ദേഹം ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്.
ഇവയ്‌ക്കെല്ലാം വരുമാനം കണ്ടെത്താന്‍ സേവനരംഗത്തും പൊതുമേഖലയെ ലാഭത്തിലാക്കുകയുമല്ലാതെ വേറെ വഴിയില്ല. അതിലൂടെ വരുമാനം കണ്ടെത്തുകയെന്ന മാര്‍ഗമാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ വളരെ ഭാവനാപൂര്‍ണമായ ഫിനാന്‍സ് മാനേജ്‌മെന്റുതന്നെയാണ് തോമസ് ഐസക് തന്റെ ബജറ്റിലൂടെ നടത്തിയിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം.