28 March 2024, Thursday

Related news

February 5, 2024
February 5, 2024
February 5, 2024
February 5, 2024
February 5, 2024
February 4, 2023
February 4, 2023
February 4, 2023
February 4, 2023
February 3, 2023

കേരള ബജറ്റ്; കാര്‍ഷിക മേഖലയ്ക്ക് കൈനിറയെ

പി എസ് രശ്‌മി
February 4, 2023 4:30 am

സംസ്ഥാനത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകാന്‍ കൈനിറയെ പദ്ധതികളുമായി ബജറ്റ്. കാര്‍ഷിക മേഖലയ്ക്ക് ആകെ 971.71 കോടി രൂപയാണ് വകയിരുത്തിയത്. കേന്ദ്രനയം മൂലം പ്രതിസന്ധി നേരിടുന്ന റബര്‍ കര്‍ഷകരെ സഹായിക്കുന്നതിന് പ്രത്യേക പരിഗണനയാണ് സംസ്ഥാനം നല്‍കിയിരിക്കുന്നത്. റബര്‍ സബ്സിഡിക്കുള്ള ബജറ്റ് വിഹിതം 600 കോടിയായി വര്‍ധിപ്പിച്ചു. 2023–24 വര്‍ഷം ആകെ വിളപരിപാലന മേഖലയ്ക്കായി 732.46 കോടി മാറ്റി വെച്ചു.
നെല്‍കൃഷി വികസനത്തിന് നീക്കി വെക്കുന്ന തുകയും വര്‍ധിപ്പിച്ചു. 76 കോടിയില്‍ നിന്ന് 95.10 കോടി രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയിലധിഷ്ഠിതമായ കൃഷിരീതികള്‍ക്കൊപ്പം ജൈവകൃഷി രീതികളിലൂടെയും ഭക്ഷ്യയോഗ്യവും സുരക്ഷിതവുമായ ഭക്ഷ്യഉല്പാദനവും പ്രോത്സാഹിപ്പിക്കാന്‍ നടപടിയുണ്ട്. ഇതിനായി ആറ് കോടി രൂപ ബജറ്റില്‍ അനുവദിച്ചു. സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതികള്‍ക്കായി 93.45 കോടിയും വകയിരുത്തി.
വിഎഫ് പി‌സികെക്കുള്ള തുക നടപ്പ് വര്‍ഷത്തെ 25 കോടി രൂപയില്‍ നിന്ന് 30 കോടിയായി ഉയര്‍ത്തി. തദ്ദേശീയവും വിദേശീയവുമായ പഴവര്‍ഗങ്ങളുടെ ഉല്പാദനവും ഉല്പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കി ഫലവര്‍ഗ കൃഷി വിപുലീകരിക്കാനും പദ്ധതിയുണ്ട്. ഇതിനായി 18.92 കോടി വകയിരുത്തി. വന്യജീവികള്‍ ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടയാന്‍ കൃഷിവകുപ്പിന് കീഴില്‍ രണ്ട് കോടി അനുവദിച്ചിട്ടുണ്ട്. കുട്ടനാട് മേഖലയുടെ കാര്‍ഷിക വികസനത്തിന് 17 കോടിയും സാങ്കേതിക സൗകര്യവികസനത്തിനായി 12 കോടിയും അനുവദിച്ചു. ചെറുകിട‑ഇടത്തരം സംസ്ക്കരണ സംരംഭങ്ങള്‍ക്കുള്ള യന്ത്രോപകരണങ്ങള്‍ എഫ്‌പിഒകള്‍ മുഖേന വാങ്ങുന്നതിന് സഹായമായി 3.75 കോടിയും അനുവദിച്ചു. 

വകുപ്പിന്റെ ആധുനികവല്‍ക്കരണത്തിന് 26.50 കോടി

സംസ്ഥാനത്തെ റവന്യു ഓഫിസുകള്‍ സ്മാര്‍ട്ട് ഓഫിസുകള്‍ ആയി മാറ്റുന്ന പദ്ധതിക്ക് 48 കോടി രൂപ ബജറ്റില്‍ വകയിരുത്തി. റവന്യു വകുപ്പിന്റെ ആധുനികവല്‍ക്കരണത്തിനും കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനുമായി 26.50 കോടി രൂപയും വകയിരുത്തി.
റവന്യു, സര്‍വേ, രജിസ്ട്രേഷന്‍ തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ഡിജിറ്റല്‍ റെക്കോഡുകളുടെ സംഭരണവും വെബ് മീഡിയ വഴി പൊതുജനങ്ങള്‍ക്ക് ഡാറ്റ പങ്കിടലും സാധ്യമാക്കേണ്ടതുണ്ട്. ഇപ്രകാരം കൃത്യതയാര്‍ന്ന ഡിജിറ്റല്‍ മാപ്പ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഭൂരേഖ സേവന സംവിധാനങ്ങളുടെ സംയോജനത്തിന് 7.50 കോടി രൂപ വകയിരുത്തി. 

മൃഗചികിത്സാ സേവനങ്ങള്‍ ശക്തിപ്പെടുത്താന്‍ 41 കോടി രൂപ

സംസ്ഥാനത്ത് മൃഗചികിത്സാ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ബജറ്റില്‍ 41 കോടി രൂപ വകയിരുത്തി. വീട്ടുപടിക്കല്‍ വെറ്ററിനറി സേവനങ്ങള്‍ നല്‍കുന്ന പദ്ധതിക്ക് 20 കോടി രൂപയും വകയിരുത്തി.
മൃഗസംരക്ഷണ വകുപ്പിന് 320.64 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. കേന്ദ്ര സഹായമായി 9.91 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്.
കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് ബോര്‍ഡിനുള്ള സഹായം 2022–23ലെ 23.47 കോടി രൂപയില്‍ നിന്നും 29.68 കോടി രൂപയായി ഉയര്‍ത്തി. കേരള ഫീഡ്സ് ലിമിറ്റഡിന്റെ പദ്ധതി വിഹിതം ഇരട്ടിയായി വര്‍ധിച്ചു. 20 കോടി രൂപയാണ് വകയിരുത്തിയത്. മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യക്ക് സഹായമായി 13.50 കോടി രൂപ വകയിരുത്തി.
കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് ബോര്‍ഡിന് കീഴില്‍ പുതിയതായി ഒരു ഡയറി പാര്‍ക്ക് 20 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കും. ഇതിന്റെ ആദ്യപടിയായി രണ്ട് കോടി രൂപ ബജറ്റില്‍ വകയിരുത്തി. കൊല്ലം, കാസര്‍കോട് ജില്ലകളില്‍ പെറ്റ് ഫുഡ് ഫാക്ടറി സ്ഥാപിക്കുന്നതിന് നാല് കോടി രൂപയും വകയിരുത്തി. 

ക്ഷീരവികസനത്തിന് 114.76 കോടി

സംസ്ഥാനത്ത് വാണിജ്യ ക്ഷീര വികസന പ്രവര്‍ത്തനങ്ങളും മില്‍ക്ക് ഷെഡ് വികസന പ്രവര്‍ത്തനങ്ങളും എന്ന പദ്ധതിക്ക് 42.33 കോടി രൂപ ആകെ വകയിരുത്തി. ക്ഷീരഗ്രാമം പദ്ധതി വ്യാപിപ്പിക്കുന്നതിനായി 2.40 കോടിയും തീറ്റപ്പുല്‍, അസോള, ചോള കൃഷികള്‍ക്കുള്ള സഹായം, ജലസേചന സഹായം, സൈലേജ് നിര്‍മ്മാണ യൂണിറ്റുകള്‍, തീറ്റപ്പുല്‍ ഹബ്ബ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 8.50 കോടിയും വകയിരുത്തി.
സംസ്ഥാന കാലിത്തീറ്റ ഫാമും മോഡല്‍ ഡയറി യൂണിറ്റും സ്ഥാപിക്കല്‍ എന്ന പുതിയ പദ്ധതിക്കായി 11 കോടി രൂപ വകയിരുത്തി. ആര്‍ഐഡിഎഫ് വായ്പ അടക്കം ആകെ 114.76 കോടി രൂപയാണ് ക്ഷീരവികസന വകുപ്പിന് ആകെ വകയിരുത്തിയത്.

മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് തൊഴിലും പുനരധിവാസവും ഉറപ്പാക്കും 

വിദേശത്തു നിന്നും മടങ്ങിയെത്തിയ തൊഴിലാളികൾക്ക് തൊഴിൽ ലഭ്യമാക്കുന്ന നോർക്ക അസിസ്റ്റഡ് ആന്റ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് (NAME) എന്ന പദ്ധതി സംസ്ഥാനത്ത് നടപ്പാക്കും. പദ്ധതി മുഖേന ഓരോ പ്രവാസി തൊഴിലാളിക്കും പരമാവധി 100 തൊഴിൽ ദിനങ്ങൾ എന്ന കണക്കിൽ ഒരു ലക്ഷം തൊഴിൽ ദിനങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിക്കായി അ‍ഞ്ച് കോടി രൂപ വകയിരുത്തി.
മടങ്ങിയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും പുതിയ നൈപുണ്യ വികസന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിനും സർക്കാർ വലിയ ശ്രദ്ധയാണ് നൽകുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇതിനായി വിവിധ പദ്ധതികളിൽ 84.60 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.
മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പ്രത്യേക പദ്ധതി ‘നോർക്ക് ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സി(എന്‍ഡിപിആര്‍ഇഎം)ന്റെ പ്രവർത്തനങ്ങൾക്കായി 25 കോടി രൂപയും വകയിരുത്തി.
മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിനായി ആകെ 50 കോടി രൂപ വകയിരുത്തി. കുറഞ്ഞ വരുമാനമുള്ള പ്രവാസികൾക്ക് രണ്ട് ലക്ഷം രൂപ വരെയുള്ള പലിശ രഹിത വായ്പ കുടുംബശ്രീ മിഷനു കീഴിൽ നൽകുന്ന പദ്ധതിയായ ‘പ്രവാസി ഭദ്രത’ (പേള്‍), സഹകരണ ബാങ്കുകൾ/ ദേശസാൽകൃത ബാങ്കുകൾ / ഷെഡ്യൂൾഡ് ബാങ്കുകൾ മുഖേന അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 25 ശതമാനം മൂലധന സബ്സിഡിയും (പരമാവധി ഒരു ലക്ഷം രൂപ) 3 ശതമാനം പലിശ സബ്സിഡിയും നൽകുന്ന ‘പ്രവാസി ഭദ്രത മൈക്രോ’, കെഎസ്ഐഡിസി മുഖേന എംഎസ്എംഇ സംരംഭകർക്ക് അഞ്ച് ശതമാനം പലിശ നിരക്കിൽ 25 ലക്ഷം മുതൽ രണ്ട് കോടി വരെ വായ്പയായി നൽകുന്ന ‘പ്രവാസി ഭദ്രത‑മെഗാ’ എന്നീ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്.
മടങ്ങിവന്ന പ്രവാസി മലയാളികൾക്കും മരണമടഞ്ഞ പ്രവാസി മലയാളികളുടെ ആശ്രിതർക്കും സമയബന്ധിതമായി ധനസഹായം ലഭ്യമാക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ‘സാന്ത്വന’ പദ്ധതിക്ക് വേണ്ടി 33 കോടി രൂപ മാറ്റിവച്ചു. ‘കേരള നോൺ റസിഡന്റ് കേരളൈറ്റ്സ് വെൽഫെയർ ഫണ്ട് ബോർഡ്’ മുഖേനയുള്ള ക്ഷേമപദ്ധതികൾക്കായി 15 കോടി രൂപ വകയിരുത്തി. എയർപോർട്ടുകളിൽ നോർക്ക എമർജൻസി ആംബുലൻസ് സേവനത്തിനായി 60 ലക്ഷം രൂപയും വകയിരുത്തി.
രണ്ടാമത്തെയും മൂന്നാമത്തെയും ലോകകേരള സഭകളുടെ പ്രായോഗികമായ ശുപാർശകൾ നടപ്പിലാക്കുന്നതിനും ലോകകേരള സഭയുടെ പ്രാദേശിക യോഗങ്ങൾ നടത്തുന്നതിനും ലോകകേരള സഭ സെക്രട്ടേറിയേറ്റിന്റെ ഓഫീസ് ചെലവുകൾ വഹിക്കുന്നതിനുമായി 2.50 കോടി രൂപ വകയിരുത്തി. നോർക്ക വകുപ്പിന്റെ മാവേലിക്കരയിലുള്ള അ‌ഞ്ച് ഏക്കർ ഭൂമിയിൽ ലോകകേരള കേന്ദ്രം സ്ഥാപിക്കുന്നതിന് ഒരു കോടി രൂപ നീക്കിവച്ചു.
ഐഇഎൽടിഎസ്, ഒഇടി തുടങ്ങിയ പരീക്ഷകളുടെ പരിശീലനത്തിനുള്ള സാമ്പത്തിക സഹായം എന്ന നിലയിൽ കുറഞ്ഞ പലിശ നിരക്കിൽ നടപടിക്രമങ്ങൾ ലഘൂകരിച്ചു കൊണ്ടുള്ള വായ്പ നൽകുന്ന നോർക്ക ശുഭയാത്ര എന്ന പുതിയ പദ്ധതിക്കായി രണ്ട് കോടി രൂപ വകയിരുത്തി. 

പ്രവാസികള്‍ക്കുള്ള ഉയര്‍ന്ന വിമാനയാത്രാക്കൂലി നിയന്ത്രിക്കാന്‍ പദ്ധതി

പ്രവാസി സമൂഹം, പ്രത്യേകിച്ച് ഗള്‍ഫ് മേഖലയിലുള്ളവര്‍ കേരളത്തിലേക്കും തിരിച്ചും യാത്ര ചെയ്യേണ്ടിവരുമ്പോള്‍ ഉയര്‍ന്ന വിമാന യാത്രാക്കൂലിയാണ് പലപ്പോഴും നല്‍കേണ്ടിവരുന്നത്. ഇത് നിയന്ത്രിക്കുന്നതിന് ആഭ്യന്തര, വിദേശ എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാരുമായും ട്രാവല്‍ ഏജന്‍സികള്‍, പ്രവാസി അസോസിയേഷനുകള്‍ എന്നിവയുമായും സര്‍ക്കാര്‍ ഒന്നിലധികം ചര്‍ച്ചകള്‍ നടത്തിയിരുന്നു.
വിഷയത്തില്‍ പരിഹാരം കാണുന്നതിനായി, നോര്‍ക്ക റൂട്ട്സ് ഒരു പ്രത്യേക പോര്‍ട്ടല്‍ നടപ്പിലാക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാനുള്ള കുറഞ്ഞ ക്വട്ടേഷനുകള്‍ എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാരില്‍ നിന്ന് സുതാര്യമായ പ്രക്രിയയിലൂടെ വാങ്ങും. ചാര്‍ട്ടര്‍ ഫ്ലൈറ്റുകളുടെ ചെലവ് യുക്തിസഹമാക്കാനും അതുവഴി യാത്രക്കാര്‍ക്ക് താങ്ങാനാവുന്ന പരിധിക്കുള്ളില്‍ ടിക്കറ്റ് നിരക്ക് നിലനിര്‍ത്താനും പ്രാഥമികമായി 15 കോടി രൂപയുടെ ഒരു കോര്‍പസ് ഫണ്ട് രൂപീകരിക്കും. ഏതെങ്കിലും പ്രത്യേക വിമാനത്താവളം പങ്കാളിയാകാന്‍ ആഗ്രഹിക്കുന്ന സാഹചര്യത്തില്‍ ഈ ഫണ്ട് ഒരു അണ്ടര്‍ റൈറ്റിങ് ഫണ്ടായും ഉപയോഗിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.