ആർ ഗോപകുമാർ

കൊച്ചി

March 05, 2020, 6:04 pm

കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടി പിരിച്ചു വിട്ടുവെന്ന് ജോണി നെല്ലൂർ

Janayugom Online

കേരള കോൺഗ്രസ് (ജേക്കബ്) ഗ്രൂപ്പ് പി ജെ ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ്(എം)ൽ ലയിക്കുന്ന സാഹചര്യത്തിൽ താൻ ചെയർമാനായ കേരള കോൺഗ്രസ്(ജേക്കബ്) പാർട്ടി പിരിച്ചു വിട്ടതായി ജോണി നെല്ലൂർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ മാസം ഏഴിന് വൈകുന്നേരം നാലിന് എറണാകുളം രാജേന്ദ്രമൈതാനിയിൽ വെച്ചാണ് ലയന സമ്മേളനം നടക്കുകയെന്നും ജോണി നെല്ലൂർ പറഞ്ഞു.

നിലവിൽ കഴിഞ്ഞ 24 വർഷമായി കേരള കോൺഗ്രസ് (ജേക്കബ്) ഗ്രൂപ്പിന്റെ ചെയർമാൻ താനാണ്. തന്റെ പേരിലാണ് പാർട്ടിയുടെ രജിസ്ട്രേഷനും ഉള്ളത്. ഈ സാഹചര്യത്തിൽ പാർട്ടി പിരിച്ചുവിടാൻ തനിക്ക് അധികാരമുണ്ടെന്നും ഇക്കാര്യം താൻ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചുവെന്നും ജോണി നെല്ലൂർ പറഞ്ഞു. ജേക്കബ് ഗ്രൂപ്പിന്റെ സംസ്ഥാന കമ്മിറ്റിയും ഉന്നതാധികാര സമിതിയും 10 ജില്ലാ കമ്മിറ്റിയും ലയന പ്രമേയം അംഗീകരിച്ച് പൂർണ പിന്തുണ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലയനം നടക്കുന്നത്. കഴിഞ്ഞ 21 ന് കോട്ടയത്ത് ചേർന്ന പാർട്ടിയുടെ ഉന്നതാധികാര സമിതിയുടെയും സംസ്ഥാന കമ്മിറ്റിയുടെയും യോഗത്തിലാണ് പി ജെ ജോസഫും സിഎഫ് തോമസും നയിക്കുന്ന കേരള കോൺഗ്രസ്(എം)ൽ ലയിക്കാൻ തീരുമാനമെടുത്തത്.

തുടർന്ന് ഇത് സംബന്ധിച്ച് തുടർ നടപടികൾക്കായി അഞ്ചംഗ ഉപസമിതിയെ നിശ്ചയിക്കുകയും ചെയ്തിരുന്നു. തുടർന്ന് മാണി ഗ്രൂപ്പിന്റെ നേതാക്കളുമായി ചർച്ച നടത്തിയാണ് ഈ മാസം ഏഴിന് ലയനം നടത്താൻ തീരുമാനിച്ചത്. പാർട്ടിയുടെ 17 ഭാരവാഹികളിൽ 10 പേരും തീരുമാനത്തിന് അനൂകൂലമായി ഒപ്പമുണ്ട്. 14 ജില്ലാ പ്രസിഡന്റുമാരിൽ 10 പേരും തങ്ങൾക്കൊപ്പമാണ്. അനൂപ് ജേക്കബിന്റെ നേതൃത്വത്തിലുളള ചെറിയ വിഭാഗം മാത്രമാണ് എതിർക്കുന്നത്. ആദ്യം ലയനത്തിന് മുന്നിൽ നിന്ന് നേതൃത്വം നൽകി ചർകളുമായി മുന്നോട്ടു പോയതിനു ശേഷം നാടകീയമായി അദ്ദേഹം മലക്കം മറിയുകയായിരുന്നുവെന്നും ജോണി നെല്ലൂർ പറഞ്ഞു.

അനുപ് ജേക്കബിന് വേണമെങ്കിൽ വീണ്ടും അപേക്ഷ നൽകി കേരള കോൺഗ്രസ്(ജേക്കബ്) എന്ന പേര് സ്വീകരിക്കാമെന്നും ചോദ്യത്തിനു മറുപടിയായി ജോണി നെല്ലൂർ പറഞ്ഞു. കേരള കോൺഗ്രസുകൾ പല ഗ്രൂപ്പുകളായി ഭിന്നിച്ചു നിന്നിട്ട് കാര്യമില്ലാത്ത സാഹചര്യത്തിലാണ് തങ്ങൾ ലയിക്കാൻ തീരുമാനിച്ചത്. ഇത്തരത്തിൽ ഭിന്നിച്ചു നിൽക്കുന്ന മറ്റു ഗ്രൂപ്പുകളും ലയിച്ച് ഒറ്റ കേരള കോൺഗ്രസ് എന്ന പാർട്ടിയായി മാറണം. ഇത് തന്നെയായിരുന്നു അന്തരിച്ച കെ എം മാണിയും ടി എം ജേക്കബും ലക്ഷ്യമിട്ടിരുന്നത്. ടി എം ജേക്കബ് ഇക്കാര്യം അദ്ദേഹത്തിന്റെ അന്ത്യ നാളുകളിൽ തന്നോട് പങ്കുവെച്ചിരുന്നുവെന്നും ജോണി നെല്ലൂർ പറഞ്ഞു.

2004 ൽ കേരള കോൺഗ്രസ് ഐക്യവേദി രൂപീകരിച്ച് കേരള കോൺഗ്രസ് ലയനം നടപടികൾ മുന്നോട്ടു പോയതാണ്. എന്നാൽ പിന്നീട് അത് മുന്നോട്ടു പോയില്ല. ജേക്കബിന്റെ ലക്ഷ്യം പൂർത്തീകരിക്കുകയാണ് താൻ ചെയ്തതെന്നും ജോണി നെല്ലൂർ പറഞ്ഞു. ജേക്കബിന്റെ പേരിലുള്ള പാർട്ടി നിലനിൽക്കണമെന്നാണ് അനൂപ് ജേക്കബ് ഇപ്പോൾ പറയുന്നത്. ഇതേ ടി എം ജേക്കബ് തന്നെയാണ് 2005 ൽ കെ കരുണാകരൻ ഡിഐസി രൂപീകരിച്ചപ്പോൾ അന്ന് ഡി ഐ സിയിൽ ലയിച്ചതെന്നും ജോണി നെല്ലൂർ പറഞ്ഞു. ടി എം ജേക്കബ് കേരള കോൺഗ്രസ്(ജേക്കബ്) ഗ്രൂപ്പ് രൂപീകരിച്ചതു മുതൽ അദ്ദേഹത്തിന്റെ അന്ത്യം വരെ അദ്ദേഹത്തിനൊപ്പം ആത്മാർഥമായി തന്നെയാണ് നിന്നത്. ജേക്കബിനെ തള്ളിപറഞ്ഞ് വന്നാൽ തനിക്ക് മന്ത്രിസ്ഥാനം വരെ താരമെന്ന് ഒരു ഘട്ടത്തിൽ വാഗ്ദാനം ഉണ്ടായപ്പോഴും വിശ്വസിച്ച് കൂടെ നിർത്തിയ ജേക്കബിനെ തള്ളിപറയാൻ താൻ തയാറായിരുന്നില്ല. അനൂപ് ജേക്കബിനെകുറിച്ചോ തന്നെ എതിർക്കുന്നവരെക്കുറിച്ചോ യാതൊരുവിധ ആക്ഷേപവും താൻ ഉന്നയിക്കുന്നില്ല. എന്നാൽ താൻ അധികാരമോഹിയാണെന്ന് പറഞ്ഞ് ഇനിയും തന്നെ അധിക്ഷേപിച്ചാൽ തനിക്ക് പലതും പറയേണ്ടിവരുമെന്നും ജോണി നെല്ലൂർ പറഞ്ഞു.

പാർട്ടി വൈസ് ചെയർമാൻ ജോർജ് ജോസഫ്, എറണാകുളം ജില്ലാ പ്രസിഡന്റ് വിൻസൻ ജോസഫ്, ജനറൽ സെക്രട്ടറി ഡൊമിനിക് കാവുങ്കൽ, എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ടോമി പാലമല എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Eng­lish Sum­ma­ry; Ker­ala con­grass (jacob) par­ty chair­man johny nel­loor response

YOU MAY ALSO LIKE THIS VIDEO