കോവിഡ് കാലത്തും പരസ്യമായി തമ്മിലടിച്ച് കേരളാ കോൺഗ്രസ് വിഭാഗങ്ങൾ

Web Desk

കോട്ടയം

Posted on March 26, 2020, 5:48 pm

കോവിഡ് ഭീതിയിൽ രാജ്യം വീടുകൾക്കുള്ളിലേക്ക് ചുരുങ്ങുമ്പോഴും പരസ്യമായി തമ്മിലടിച്ചും പരിഹസിച്ചും കേരളാ കോൺഗ്രസ് വിഭാഗങ്ങൾ. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയാണ് ഇപ്പോൾ പരസ്യ വിഴുപ്പലക്ക്. യുഡിഎഫ് ധാരണ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് ‑എം ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ യുഡിഎഫ് ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യനും, ഡിസിസി ജില്ലാ പ്രസിഡന്റ് ജോഷി ഫിലിപ്പിനും ഇന്ന് കത്ത് നൽകി. കോട്ടയം ജില്ലാ പഞ്ചായത്തിലെ യുഡിഎഫ് ധാരണ പ്രകാരം കോൺഗ്രസിലെ സണ്ണി പാമ്പാടി രാജി വച്ചതിനു ശേഷം നടന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി യുഡിഎഫ് സംസ്ഥാന നേതൃത്വം നടത്തിയ ചർച്ചയിലെ തീരുമാനം ആദ്യ എട്ടുമാസം സെബാസ്റ്റ്യൻ കുളത്തുങ്കലും തുടർന്നുള്ള കാലാവധിയിൽ കങ്ങഴ ഡിവിഷൻ അംഗം അജിത് മുതിരമലയും പ്രസിഡന്റ് സ്ഥാനം വഹിക്കുക എന്നായിരുന്നു. ഇക്കാര്യം ഡിസിസി പ്രസിഡന്റ് അറിയിക്കുന്ന അന്നത്തെ വീഡിയോ ദൃശ്യം പ്രചരിപ്പിച്ചാണ് ജോസഫ് വിഭാഗത്തിന്റെ കോവിഡ് കാലത്തെ ഗ്രൂപ്പുപോര്.

തീരുമാന പ്രകാരം പ്രസിഡന്റായി ജൂലൈ 25ന് തെരഞ്ഞെടുക്കപ്പെട്ട സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചു. എന്നാൽ ധാരണ പ്രകാരം പ്രസിഡന്റ് രാജി വച്ചിട്ടില്ല. അതിനാൽ സംസ്ഥാന യുഡിഎഫ് നിലവിലുള്ള പ്രസിഡന്റിനെ രാജി വയ്പിച്ച് ശേഷിക്കുന്ന കാലയളവിൽ കേരളാ കോൺഗ്രസ് എം ജോസഫ് വിഭാഗം പ്രതിനിധിയും കങ്ങഴ ഡിവിഷൻ അംഗവുമായ അജിത് മുതിരമലയെ പ്രസിഡന്റ് ആക്കണമെന്നാണ് കത്തിലെ ആവശ്യം.

കാഞ്ഞിരപ്പള്ളി എംഎൽഎ എൻ ജയരാജിന്റെ വിശ്വസ്തനായിരുന്നു ഒരിക്കൽ അജിത് മുതിരമല. തന്നെ കാലുവാരി ജോസഫ് വിഭാഗത്തിലേക്കു പോയ അജിത്തിനെ പ്രസിഡന്റാക്കാൻ അനുവദിക്കില്ലെന്ന് എൻ ജയരാജ് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അവസാന ടേം കേരളാ കോൺഗ്രസ്സ് (എം) ജോസ് വിഭാഗത്തിനുള്ളതാണെന്നും അത് സെബാസ്റ്റ്യൻ കുളത്തുങ്കൽ തന്നെ ആയിരിക്കുമെന്നും ബാക്കിയുള്ള കാലാവധിയിലും അദ്ദേഹം തന്നെ തുടരുമെന്നും കേരളാ കോൺഗ്രസ്സ് ജോസ് വിഭാഗം ജില്ലാ പ്രസിഡന്റും നിലവിൽ യുഡിഎഫ് ജില്ലാ ചെയർമാനുമായ സണ്ണി തെക്കേടം പറഞ്ഞു. സെബാസ്റ്റ്യൻ കുളത്തുങ്കൽ മാറുന്നത് സംബന്ധിച്ച് ജില്ലാ യുഡിഎഫിൽ യാതൊരു കരാറും ഇല്ലാത്തതാണ്.

യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ അവസാനിപ്പിക്കണമെന്നും കൊറോണ വൈറസ് ബാധയെത്തുടർന്ന് ലോക ജനത ആശങ്കയിൽ ഇരിക്കുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥരുമായി പൊതുപ്രവർത്തകർ സഹകരിക്കണമെന്നും ജോസ് വിഭാഗം ജില്ലാ പ്രസിഡന്റ് ജോസഫ് വിഭാഗത്തെ ഉപദേശിച്ചു.

Eng­lish Sum­ma­ry; ker­ala con­gress clash

YOU MAY ALSO LIKE THIS VIDEO