കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടിയിലെ പിളർപ്പ് പൂർണ്ണമാകുന്നു. ഇരുവിഭാഗങ്ങളും ജില്ലാതല യോഗങ്ങൾ വിളിച്ച് തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതിനുള്ള നീക്കത്തിലാണ്. പാർട്ടിയ്ക്കൊപ്പം യുവജന വിഭാഗമായ കേരള യൂത്ത് ഫ്രണ്ടും സമ്പൂർണ്ണമായ പിളർപ്പിലേക്ക് നീങ്ങുകയാണ്. കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗത്തിൽ ലയിക്കാനുള്ള കേരള കോൺഗ്രസ് (ജെ) യിലെ ജോണി നെല്ലൂർ വിഭാഗത്തിന്റെ തീരുമാനമാണ് പാർട്ടിയിൽ പ്രശ്നങ്ങൾ രൂക്ഷമാക്കിയിട്ടുള്ളത്. ലയനസമ്മേളനം മാർച്ച് 7 ന് ഏറണാകുളം രാജേന്ദ്ര മൈതാനിയിൽ നടക്കാനിരിക്കെയാണ് പാർട്ടി നേതാക്കൾ രണ്ട് ചേരിയായിത്തിരിഞ്ഞ് ജില്ലകൾതോറും യോഗങ്ങളുമായി മുന്നേറുന്നത്.
അനൂപ് ജേക്കബിനെ അനുകൂലിക്കുന്ന കേരള കോൺഗ്രസ് (ജേക്കബ്) കോഴിക്കോട് ജില്ലാ നേതൃയോഗം ഇന്നലെ നടന്നു. ഇന്ന് കണ്ണൂർ ജില്ലാ തല യോഗം ചേരും. ഈ യോഗങ്ങളിൽ നിന്നും ജോണി നെല്ലൂരിനെ അനുകൂലിക്കുന്ന വിഭാഗം വിട്ടു നിൽക്കുകയാണ്. അവരാകട്ടെ സമാന്തര യോഗങ്ങൾ എല്ലാ ജില്ലകളിലും നടത്തിവരികയുമാണ്. ജോണിനെല്ലൂർ തനിക്ക് ഇഷ്ടപ്പെട്ടവരെ വിവിധ ജില്ലകളിൽ നേതാക്കളായി അവരോധിക്കുകയാണെന്നും ഇവരെയാണ് ലയനത്തിന് അനുകൂലിക്കുന്നവരായി ഉയർത്തിക്കാട്ടുന്നതെന്നുമാണ് അനൂപ് ജേക്കബിന്റെ ആരോപണം.പാർട്ടിയുടെ ലയന തീരുമാനത്തിൽ യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും പൂർണ്ണ പിന്തുണ നൽകുന്നതായി അറിയിച്ചിട്ടുണ്ടെന്ന് ഒരു വിഭാഗം ഇന്നലെ കോഴിക്കോട് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കോഴിക്കോട് ജില്ലയിലെ എല്ലാ നിയോജക മണ്ഡലം കമ്മിറ്റികളും മണ്ഡലം കമ്മിറ്റികളും ലയനത്തെ അനുകൂലിക്കുന്നതായി ഇവർ പറഞ്ഞു. സംസ്ഥാനത്തെ യൂത്ത് ഫ്രണ്ട് പ്രവർത്തകരിൽ ഭൂരിപക്ഷം പേരും തങ്ങൾക്കൊപ്പമാണെന്നാണ് പാർട്ടി നേതാവ് ജോണിനെല്ലൂരിനെ അനുകൂലിക്കുന്ന ഇവരുടെ വാദം.
പാർട്ടി ലീഡറായിരുന്ന ടി എം ജേക്കബിന്റെ സ്വപ്നം കൂടിയായിരുന്നു എല്ലാ കേരള കോൺഗ്രസുകളുടേയും ലയനമെന്നും അതിന്റെ ഭാഗമായി രൂപംകൊണ്ടതായിരുന്നു ഐക്യ കേരള കോൺഗ്രസ് എന്ന ആശയമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. കേരള കോൺഗ്രസ്സുകളുടെ ലയനം കാലഘട്ടത്തിന്റെ ആവശ്യമാണ്.
ഭിന്നിച്ചുനിന്നാൽ പാർട്ടി വളരില്ല. കേരള ജനതയുടെ പ്രത്യേകിച്ച് കർഷകരുടെ യാതൊരു പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയാത്ത സാഹചര്യമാണ്. തുടക്കത്തിൽ 25 എം എൽ എമാരുണ്ടായിരുന്ന കേരള കോൺഗ്രസ് ഭിന്നിച്ചതോടെ നിയമസഭാ പ്രാതിനിധ്യം കുറഞ്ഞുവന്നു. ഈ രീതി മാറി കേരള കോൺഗ്രസ് പാർട്ടികളെല്ലാം ഒന്നായാൽ പാർട്ടിയുടെ പ്രസക്തി വീണ്ടെടുക്കാൻ കഴിയും. അതിനായി ചിലരുടെ സ്വാർത്ഥ താല്പര്യങ്ങൾ ഒഴിവാക്കിയേ തീരൂവെന്നും യൂത്ത് ഫ്രണ്ട് നേതാക്കൾ അഭിപ്രായപ്പെടുന്നു. ഇന്ന് കേരളത്തിൽ ജീവിക്കുന്ന കേരള കോൺഗ്രസ് നേതാക്കളിൽ ഏറ്റവും മുതിർന്ന അംഗമെന്ന നിലയിലാണ് ജോസഫ് നേതൃത്വം നൽകുന്ന വിഭാഗവുമായി ലയിക്കാൻ തീരുമാനിച്ചതെന്നും പാർട്ടി നേതാവും എം എൽ എയുമായ അനൂപ് ജേക്കബ് തുടക്കം മുതൽ ലയനത്തെ അനുകൂലിച്ചിരുന്നുവെന്നും ഇപ്പോൾ നിലപാട് മാറ്റിയതാണെന്നും യൂത്ത് ഫ്രണ്ട് നേതാക്കൾ വ്യക്തമാക്കുന്നു.
യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോമോൻ കുന്നുംപുറം, മാത്യു പുല്ല്യാട്ടേൽ തരകൻ, നവീൻ സെബാസ്റ്റ്യൻ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് സിഗിലാൽ തുടങ്ങിയവരാണ് നിലപാട് വ്യക്തമാക്കാൻ വാർത്താസമ്മേളനം വിളിച്ചു ചേർത്തത്.ഇതിനിടെ ലയന നീക്കത്തെ പാടെ തള്ളിക്കളയുകയാണ് ടി എം ജേക്കബിന്റെ മകനും ജേക്കബ് വിഭാഗം നേതാവുമായ അനൂപ് ജേക്കബ് എം എൽ എ. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ഇതേ നിലയിൽ തന്നെ മുന്നോട്ടു പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ ജില്ലാ തല നേതൃയോഗങ്ങൾ നടന്നു വരികയാണെന്നും ലയനം സംബന്ധിച്ച് എവിടേയും ചർച്ചയൊന്നും നടന്നില്ലെന്നുമാണ് അനൂപ് ജേക്കബ് വ്യക്തമാക്കുന്നത്. കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പുവരുത്തുന്നതിനുള്ള പ്രവർത്തനങ്ങളുമായാണ് പാർട്ടി മുന്നോട്ട് പോകുന്നതെന്നും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹം കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കർഷകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് 6 ന് സെക്രട്ടേറിയറ്റ് ധർണ്ണ നടത്താൻ തീരുമാനിച്ചതായും പാർട്ടി ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിലെ ആഭ്യന്തര വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി പാർട്ടി ഭാരവാഹികളുടെ യോഗം മാർച്ച് ആറിന് തിരുവനന്തപുരത്ത് ചേരുമെന്നും അനൂപ് ജേക്കബ് പറഞ്ഞു. ആരെങ്കിലും പാർട്ടി അച്ചടക്കം ലംഘിച്ചിട്ടുണ്ടോയെന്ന് ഈ യോഗത്തിൽ പരിശോധിക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പാർട്ടിയിൽ ആരെങ്കിലും സമാന്തര പ്രവർത്തനങ്ങൾ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ അനൂപ് ജേക്കബ് യൂത്ത് ഫ്രണ്ട് നേതാവ് ജോമോൻ കുന്നുംപുറം ഇപ്പോഴും പാർട്ടി നേതാവാണെന്നും വ്യക്തമാക്കി. ജോമോൻ കുന്നുംപുറം യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. അദ്ദേഹം ജോസഫ് വിഭാഗവുമായി ലയിക്കുന്നുണ്ടെങ്കിൽ അത് ആ വ്യക്തിയുടെ തീരുമാനം മാത്രമാണ്.
പാർട്ടിയുടെ സ്ഥാനമാനങ്ങൾ പലർക്കും നൽകി പാർട്ടി ജോസഫ് വിഭാഗവുമായി ലയിക്കുന്നു എന്ന് പറയുന്നതിൽ കാര്യമില്ല. പാർട്ടിയുടെ ഔദ്യോഗിക ഭാരവാഹികളെല്ലാം വ്യാഴാഴ്ച നടന്ന കോഴിക്കോട് ജില്ലാ നേതൃയോഗത്തിൽ പങ്കെടുത്തിരുന്നു.പി ജെ ജോസഫ് സമുന്നതനായ നേതാവാണെന്നും കേരള കോൺഗ്രസ് (ജെ) പാർട്ടിയെ പിളർത്തുന്ന നടപടികളൊന്നും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും അനൂപ് ജേക്കബ് പറയുന്നു. അതേസമയം പാർട്ടിയിലെ അസംതൃപ്തരായ ആരെങ്കിലുമുണ്ടെങ്കിൽ അവർ വ്യക്തിപരമായി മറ്റ് പാർട്ടികളിൽ ചേരുന്നുണ്ടാകാമെന്നും അനൂപ് ജേക്കബ് വ്യക്തമാക്കുന്നുണ്ട്. ജോണി നെല്ലൂരിന്റെ യു ഡി എഫ് സെക്രട്ടറി സ്ഥാനം സംബന്ധിച്ച് യു ഡി എഫിന് കത്ത് നൽകിയിട്ടുണ്ട്. യു ഡി എഫിന്റെ തീരുമാനം എന്താണോ അത് അംഗീകരിക്കും. ഇവിടെ പാർട്ടിക്കാണ് പ്രസക്തിയെന്നും വ്യക്തികൾക്കല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary: Kerala congress jacob split followup
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.