December 2, 2022 Friday

Related news

November 20, 2021
November 18, 2021
September 30, 2021
September 15, 2021
July 15, 2021
July 15, 2021
May 30, 2021
May 9, 2021
May 5, 2021
May 4, 2021

ചിഹ്ന പ്രതിസന്ധിയില്‍ ഉലഞ്ഞ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

Janayugom Webdesk
March 16, 2021 1:54 pm

സീററ് വിഭജനത്തെതുടര്‍ന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലുണ്ടായ പ്രതിസന്ധി രണ്ടില ചിഹ്നം കിട്ടാതായതോടെ വീണ്ടും പ്രശ്നങ്ങള്‍ രൂക്ഷമാകുന്നു. പാര്‍ട്ടിയില്‍ മോന്‍സ് ജോസഫിനെപോലെയുള്ളവര്‍ കൂടുതല്‍ പിടിമുറുക്കുന്നത്.പഴയ മാണി വിഭാഗത്തിലുള്ളവര്‍ക്കും, ഫ്രാന്‍സിസ് ജോര്‍ജിനെ പോലെയുള്ളവര്‍ക്കും ഏറെ ഖിന്നരാണ്. ഇടുക്കിയില്‍ കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിന്നു മത്സരിച്ചതിനുശേഷം ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതും ഫ്രാന്‍സിസ് ജോര്‍ജിനെ ബുദ്ധിമുട്ടിക്കുന്നുണ്ട്. 

മൂവാറ്റുപുഴ സീററിലായിരുന്നു നോട്ടം എന്നാല്‍ കോണ്‍ഗ്രസ് അതു വിട്ടുകൊടുക്കുവാന്‍ തയ്യാറായുമില്ല. വിക്ടര്‍ ടി തോമസ്, ജോസഫ് എം പുതുശേരി , സജി മഞ്ഞക്കടമ്പന്‍ തുടങ്ങിയവര്‍ സീറ്റ് ലഭിക്കാത്തതിനെ തുര്‍ന്ന് കൂടുതല്‍ പ്രതിഷേധത്തിലാണ്. തിരുവല്ല സീറ്റ് നല്‍കാമെന്നു പറഞ്ഞാണ് തന്നെ ജോസഫ് ഗ്രൂപ്പില്‍ കൊണ്ടുവന്നതെന്നും പറഞ്ഞ് ജോസഫും കൂട്ടരും ചതിക്കുകയായിരുന്നതായും വിക്ടര്‍ ടി തോമസ് അഭിപ്രായപ്പെട്ടു. കേരള കോണ്‍ഗ്രസ് പാര്‍ട്ടി പത്തനംതിട്ട ജില്ലാ പ്രസിഡന്‍റുകൂടിയായിരുന്നു വിക്ടര്‍ ടി തോമസ്, എന്നാല്‍ ഇപ്പോള്‍ തിരുവല്ല സീറ്റ് നല്‍കിയിരിക്കുന്നത് പി.ജെ ജോസഫിന്‍റെ വലംകൈയായ കുഞ്ഞുകോശി പാളിനാണ്. പാര്‍ട്ടിയില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായ സാഹചര്യത്തിലാണ് രണ്ടില ചിഹ്നം നഷ്ടമായിരിക്കുന്നതും. രണ്ടില ചിഹ്നം ജോസ് കെ മാണി പക്ഷത്തിനാണെന്ന് സുപ്രീംകോടതിയും വിധിച്ചതോടെ പിജെ ജോസഫ് പക്ഷം ചിഹ്ന പ്രതിസന്ധിയിലുമായിരിക്കുന്നു. 

ഔദ്യോഗിക കേരള കോണ്‍ഗ്രസ് (എം) ജോസ് കെ മാണി പക്ഷമാണെന്ന് വ്യക്തമാക്കിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടില ചിഹ്നവും ജോസിന് അനുവദിച്ചത്. ഇതിനെതിരെ പി ജെ ജോസഫ് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ശരിവെക്കുകയായിരുന്നു. ഇതോടെ യുഡിഎഫിലുള്ള പിജെ ജോസഫ് കേരള കോണ്‍ഗ്രസ് ഔദ്യോഗിക പാര്‍ട്ടിയല്ലാതായി. പി ജെ ജോസഫിന്റെ നേതൃത്വത്തില്‍ യുഡിഎഫില്‍ മല്‍സരിക്കുന്ന പത്തുപേരും ഫലത്തില്‍ സ്വതന്ത്രരാകും. ഇതോടെ ഇവര്‍ക്ക് വിപ്പ് ബാധകമാകില്ലെന്നത് യുഡിഎഫിനും തിരിച്ചടിയാണ്. 

തദ്ദേശ തെരഞ്ഞെടുപ്പില്‍ പി ജെ ജോസഫിന് ചെണ്ട ചിഹ്നമായി അനുവദിച്ചിരുന്നു. രണ്ടില ജോസ് കെ മാണിക്ക് അനുവദിച്ചത് ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ അപ്പീല്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക പരിഗണന നല്‍കി പി ജെ ജോസഫ് പക്ഷത്തിന് ചെണ്ട അനുവദിച്ചത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ പിജെ ജോസഫിനൊപ്പം മല്‍സരിക്കുന്ന എല്ലാവര്‍ക്കും ചെണ്ട ചിഹ്നമായി അനുവദിച്ചേക്കില്ല. സ്വതന്ത്രര്‍ എന്ന നിലയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിക്കുന്ന വ്യത്യസ്ത ചിഹ്നങ്ങളില്‍ ജനവിധി തേടേണ്ടി വരും. ഇതു മറികടക്കാന്‍ ഔദ്യോഗിക അംഗീകാരമുള്ള ചെറുപാര്‍ട്ടിയില്‍ ലയിക്കാനുള്ള സാധ്യതയാണ് ജോസഫ് തേടുന്നത്. കൂടാതെ, ചെണ്ടയ്ക്ക് പകരം സൈക്കിള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് പൊതുവായി ആവശ്യപ്പെടാനുമാണ് ജോസഫും കൂട്ടരും ആലോചിക്കുന്നത്. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെയും കോടതിയെയും സമീപിക്കാനും ജോസഫ് ആലോചിക്കുന്നുണ്ട്.

Eng­lish Sum­ma­ry : Ker­ala Con­gress Joseph group in prob­lem due to elec­tion symbol

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.