September 28, 2022 Wednesday

Related news

November 20, 2021
November 18, 2021
September 30, 2021
September 15, 2021
July 15, 2021
July 15, 2021
June 30, 2021
May 30, 2021
March 17, 2021
March 16, 2021

ചിഹ്ന പ്രതിസന്ധി ; തോമസില്‍ ലയിച്ച് ജോസഫ്

Janayugom Webdesk
പാലാ
March 17, 2021 12:46 pm

ചിഹ്ന പ്രതിസന്ധി മറികടക്കാൻ പി സി തോമസിന്റെ കേരളാ കോൺഗ്രസുമായി ലയിക്കാൻ പി ജെ ജോസഫ് വിഭാഗം. പി സി തോമസ് എൻഡിഎ വിട്ട് യുഡിഎഫിനൊപ്പമാകും. പിജെ ജോസഫിന്റെ കേരളാകോൺഗ്രസ് വിഭാഗവും പിസി തോമസിന്റെ കേരളാകോൺഗ്രസ് വിഭാഗവും ഇനി ഒരുപാർട്ടിയാകും. നിലവിൽ പി സി തോമസിന്റെ കേരളാ കോൺഗ്രസിന്റെ ചിഹ്നം കസേരയാണ്. കസേര ചിഹ്നത്തിന് പകരം നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികൾക്കായി ജോസഫ് വിഭാഗത്തിന്റെ പഴയ ചിഹ്നമായ സൈക്കളിനായി അപേക്ഷ നൽകും

കടുത്തുരുത്തിയിൽ ഇന്ന് നടക്കുന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പി. സി തോമസ് പങ്കെടുക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് സീറ്റ് നൽകാതെ ബിജെപി തഴഞ്ഞതിനെ തുടർന്നാണ് എൻഡിഎ വിട്ടതെന്ന് തോമസ് പറഞ്ഞു. കഴിഞ്ഞ പ്രാവശ്യം നാല് സീറ്റിൽ മത്സരിച്ച തങ്ങൾ മത്സരിച്ചിരുന്നു. ഇത്തവണ ഒരു സീറ്റും തന്നില്ല. പാലായിൽ മത്സരിക്കണമെന്ന് തന്നെ നിർബന്ധിച്ചിരുന്നു. പക്ഷേ ഇത്തവണ മത്സര രംഗത്തേക്ക് പോകാൻ പറ്റാത്ത സാഹചര്യമാണുള്ളത്. അത് തികച്ചും വ്യക്തിപരമാണ്. അതുകൊണ്ടാണോ എന്നറിയില്ല ഒരു സീറ്റ് പോലും തന്നില്ലെന്ന് തോമസ് ആവർത്തിച്ചു. 

ഇന്നലെ വന്ന ഒരു കക്ഷിക്ക് വരെ എൻഡിഎയിൽ സീറ്റ് കൊടുത്തിട്ടുണ്ടെന്നും പി സി തോമസ് പറഞ്ഞു. 

ലയിച്ചുള്ള പുതിയ പാർട്ടിയിൽ പി ജെ ജോസഫ് ചെയർമാനും പി സി തോമസ് വർക്കിങ് ചെയർമാനും എന്നാണ് ധാരണ. മോൻസ് ജോസഫായിരിക്കും വൈസ് ചെയർമാൻ.

ബ്രാക്കറ്റില്ലാത്ത പി സി തോമസിന്റെ കേരളാ കോൺഗ്രസിനൊപ്പം ചേരുമ്പോൾ ചിഹ്ന പ്രതിസന്ധിയിൽ ജോസഫിന് ആശ്വാസമാകും. കേരള കോൺഗ്രസിന് ഇനി ബ്രാക്കറ്റുണ്ടാവില്ലെന്ന് മോൻസ് ജോസഫ് എംഎൽഎ വിശദീകരിച്ചു. പി സി തോമസിൻറെ വരവോടെ കേരളാ കോൺഗ്രസ് ബ്രാക്കറ്റില്ലാത്ത യഥാർഥ കേരളാ കോൺഗ്രസ് ആയി മാറിയെന്നും മോൻസ് മാധ്യമങ്ങളോട് പറഞ്ഞു. 

രണ്ടില ചിഹ്നം ജോസ് കെ മാണി പക്ഷത്തിന് അനുവദിച്ചുള്ള സുപ്രീംകോടതി വിധി യെ തുടർന്ന് നിലനിൽപ്പ് ഇല്ലാതായ ജോസഫ് വിഭാഗത്തിന് ആശ്വാസമാണ് തോമസ് വിഭാഗവുമായുള്ള ലയനം. 

ഔദ്യോഗിക കേരള കോൺഗ്രസ് (എം) ജോസ് കെ മാണി പക്ഷമാണെന്ന് വ്യക്തമാക്കിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രണ്ടില ചിഹ്നവും ജോസിന് അനുവദിച്ചത്. ഇതിനെതിരെ പി ജെ ജോസഫ് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ശരിവെക്കുകയായിരുന്നു. 

സ്വന്തമായി പാർട്ടിയും ചിഹ്നവുമില്ലാതായ പി.ജെ ജോസഫ് ഇപ്പോൾ പി.സി തോമസിന്റെ പാർട്ടിയിൽ ലയിക്കുന്നത് തോട് ചെന്ന് ഓടയിൽ ലയിക്കുന്നതിനു സമാനമാണ് എന്നു കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി അഡ്വ.ജോസ് ടോം ആരോപിച്ചു. പാലാ നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന കുടുംബയോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

കേരള കോൺഗ്രസ് എന്ന പാർട്ടിയുടെ പേരും ചിഹ്നവും ഹൈജാക്ക് ചെയ്യാനായിരുന്നു പി.ജെ ജോസഫിന്റെ ശ്രമം. ഈ ശ്രമവുമായി ഹൈക്കോടതിയിൽ എത്തിയ ജോസഫിനെ സുപ്രീം കോടതിയും, ഹൈക്കോടതിയും വരെ ഓടിച്ചു വിടുകയായിരുന്നു. തിരഞ്ഞെടുപ്പിൽ ഒൻപത് സീറ്റ് പിടിച്ചു വാങ്ങിയ യു.ഡി.എഫ് സ്ഥാനാർത്ഥികളായി മത്സരിക്കാൻ ഒരുങ്ങുകയായിരുന്നു. എന്നാൽ, സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി കിട്ടിയതോടെ കടിച്ചതും പിടിച്ചതും ഇല്ലെന്ന അവസ്ഥയിലാണ് ഇപ്പോൾ പി.ജെ ജോസഫ്. കേരള കോൺഗ്രസ് തങ്ങളാണ് എന്നു പറഞ്ഞ് ഓടി നടന്ന ജോസഫ് ഇപ്പോൾ തിരഞ്ഞെടുപ്പു കമ്മിഷന്റെ എല്ലാ സ്വതന്ത്ര ചിഹ്നങ്ങളും ഉപയോഗിച്ചു കഴിഞ്ഞു. കെ.എം മാണി സാറിന്റെ യഥാർത്ഥ പിൻഗാമികൾ തങ്ങളാണ് എന്നാണ് ജോസഫ് വിഭാഗം പറഞ്ഞു നടന്നിരുന്നത്. സ്വന്തമായി പാർട്ടി പോലും ഇല്ലാതായ ഈ സാഹചര്യത്തിലും ഈ നിലപാട് ജോസഫ് തുടരുന്നുണ്ടോ എന്നു വ്യക്തമാക്കണം. സ്വന്തമായി പാർട്ടിയില്ലാതെ വ്യക്തിമാത്രമായി മാറിയ പി.സി തോമസിൽ ചെന്ന് ജോസഫ് ലയിക്കുന്നത് തോട് ചെന്ന് ഓടയിൽ ലയിക്കുന്നതിനു സമാനമാണെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry : Joseph group merges with Thomas group

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.