പിറക്കും പിളരാനായൊരു കേരള കോൺഗ്രസുകൂടി

വത്സൻ രാമംകുളത്ത്
Posted on July 01, 2020, 3:50 am

വിളിപ്പുറത്താണ് കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. പ്രചാരണരീതിയിൽപ്പോലും മാറ്റങ്ങള്‍ വരുത്താനുള്ള തയ്യാറെടുപ്പിലാണ് തെരഞ്ഞെടുപ്പ് കമ്മിഷനും സംവിധാനങ്ങളും. വോട്ടർ പട്ടിക പുതുക്കുന്നതിനും പുതിയ വോട്ടർമാരെ ചേർക്കുന്നതിനും നടപടിയായിക്കഴിഞ്ഞു. രാഷ്ട്രീയ പ്രസ്ഥാനങ്ങളും തങ്ങളുടേതായ പ്രവർത്തനങ്ങളിലേക്ക് കടക്കുന്നു. പതിവുപോലെ യുഡിഎഫും ഘടകക്ഷികളും ഗ്രൂപ്പ് പോരിലേക്കും തമ്മിലടിയിലേക്കും പിളർപ്പിലേക്കും പോയിത്തുടങ്ങി. കെ എം മാണി നേതൃത്വം നല്‍കിയ കേരള കോൺഗ്രസ്-എം ആണ് ഇക്കാര്യത്തിൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. യുഡിഎഫിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് ഐയുടെ സ്ഥിതിയും സമാനം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയെച്ചൊല്ലിയുള്ള തർക്കമാണ് കേരള കോൺഗ്രസ് എമ്മിന്റെ നേതാവായ ജോസ് കെ മാണിയെ യുഡിഎഫിൽ നിന്ന് പുറത്താക്കാൻ കാരണം.

പി ജെ ജോസഫിനെയും ഒപ്പമുള്ള വലിയൊരു വിഭാഗം ആളുകളെയും ജോസ് കെ മാണിയിൽ നിന്ന് അടർത്തി ആ പാർട്ടിയെ ശുദ്ധീകരിച്ച് നിലനിർത്തുകയാണ് ഐക്യമുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ് നേതൃത്വം ചെയ്തിരിക്കുന്നത്. കോൺഗ്രസിനകത്ത് തുടരുന്ന രമേശ് ചെന്നിത്തല-ഉമ്മൻചാണ്ടി ശീതയുദ്ധത്തിന്റെ ഏറ്റവും പുതിയഭാവമായിവേണം കോട്ടയം സംഭവത്തെ, അല്ലെങ്കിൽ, ജോസ് കെ മാണിയെ അകറ്റിനിർത്തുന്നതിനെ കാണാൻ. നിലവിൽ ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ഒരു പാർട്ടിയില്ലെന്നതാണ് വസ്തുത. ജോസ് കെ മാണി ഉൾപ്പെട്ടതും കോടതിവിധിമൂലം പി ജെ ജോസഫ് ‘അധികാരി‘യുമായ കേരള കോൺഗ്രസ് ‑എം ഇപ്പോഴും യുഡിഎഫിൽ തന്നെയാണ്. മുന്നണി യോഗത്തിലേക്ക് ജോസ് കെ മാണിയെ ക്ഷണിക്കില്ലെന്ന ‘വലിയൊരു’ തീരുമാനം മാത്രമാണ് യുഡിഎഫ് എടുത്തിരിക്കുന്നത്.

യഥാർത്ഥ രാഷ്ട്രീയത്തിലേക്ക് വന്നാൽ കോട്ടയത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നിലവിലെ അധികാരങ്ങളും വരാനിരിക്കുന്ന തെരഞ്ഞെടുപ്പും വച്ചുകൊണ്ടുള്ള വിരട്ടലും വിലപേശലുമായിട്ടേ ഇതിനെ കാണാനാവൂ. അതുകൊണ്ടുതന്നെയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരെ യുഡിഎഫുമായി സമദൂരസിദ്ധാന്തം കൈകൊള്ളുമെന്ന് ജോസ് കെ മാണി പറഞ്ഞുവച്ചിരിക്കുന്നത്. ജോസ് കെ മാണിയുമായുള്ള പ്രശ്നം അടഞ്ഞ അധ്യായമല്ലെന്നും മുന്നണി ഉണ്ടാക്കിയ ധാരണ പാലിക്കപ്പെട്ടാൽ എല്ലാം തീരുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചതും ശ്രദ്ധേയമാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി മൂന്ന് മാസത്തോളമായി ധാരണാതീയതിയേക്കാൾ അധികമായി വാഴുകയാണ് ജോസ് കെ മാണി വിഭാഗം. ഇക്കാലമത്രയും പി ജെ ജോസഫിനെ യുഡിഎഫിൽ ഏതുവിധേന അശക്തനാക്കാമെന്നും അവഹേളിക്കാമെന്നുമുള്ള ആസൂത്രണം നടത്തി.

ഇതോടൊപ്പം ബിജെപി നേതൃത്വവുമായും ജോസിന്റെ ഇടപെടലുകളുണ്ടായി. എവിടെയായാലും അധികാരവും നേതൃപദവിയുമാണ് ജോസിന്റെ ലക്ഷ്യമെന്ന് പി ജെ ജോസഫിനെ അനുകൂലിക്കുന്നവർ മാത്രമല്ല, യുഡിഎഫിലെ മറ്റു ഘടകക്ഷികളിലുള്ളവരും ആരോപിക്കുന്നുണ്ട്. പിതാവ് കെ എം മാണി മരിക്കും മുൻപ് കൂട്ടിയിണക്കിയ പി ജെ ജോസഫ് വിഭാഗത്തെ കൂടുതൽ ശക്തരാക്കിക്കൊണ്ടാണ് മകൻ ജോസ് കെ മാണി പുതിയൊരു രാഷ്ട്രീയപാത തുറക്കുന്നത്. യുഡിഎഫ് തീരുമാനം പുറത്തുവന്നതിന് പിറകെ ജോസ് കെ മാണിയെ തള്ളി കൂടുതൽ നേതാക്കൾ പി ജെ ജോസഫ് വിഭാഗത്തിലേക്ക് കൂറുമാറിക്കൊണ്ടിരിക്കുന്നു. അവിടെ ബോധ്യമാകുന്നത്. ജോസ് കെ മാണിയുടേത് ആശയമല്ല, ആമാശയമാണെന്നതുതന്നെയാണ്. മാധ്യമങ്ങള്‍ പലതും ജോസ് കെ മാണിയെ ഇടതുമുന്നണിയിലേക്കടുപ്പിക്കാൻ തിരക്കിട്ട ശ്രമത്തിലാണ്.

സിപിഐയും എൻസിപിയും കോൺഗ്രസ്-എസുമെല്ലാം ജോസ് കെ മാണിയുടെ അവസരവാദത്തെ നേരത്തെത്തന്നെ ഉയർത്തിക്കാട്ടിയിരുന്നു. യുഡിഎഫിൽ നിന്ന് പുറത്തുപോരുന്നവരുടെ വെന്റിലേറ്ററല്ല എൽഡിഎഫ് എന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഒടുവിൽ പ്രതികരിച്ചത്. ആളും അർത്ഥവുമില്ലാതെ, ജോസ് കെ മാണി മൃതപ്രായനായ അവസ്ഥയിലാണ് എന്ന് സാരം. തുടക്കത്തിൽ ജോസ് കെ മാണിക്കൊപ്പമായിരുന്നു കോൺഗ്രസ് നേതൃത്വം. ഇതിനാകട്ടെ ഉമ്മന്‍ചാണ്ടിയാണ് മുന്‍കൈയെടുത്തത്. കോൺഗ്രസ് നിലപാട് അന്ന് പി ജെ ജോസഫിനെ ആശയക്കുഴപ്പത്തിലാക്കി. അപ്പോഴും കെ എം മാണിയുടെ വിശ്വസ്തനായിരുന്ന സി എഫ് തോമസ് ഉൾപ്പെടെ കേരള കോൺഗ്രസിലെ മുതിർന്ന നേതാക്കളെല്ലാം ജോസഫിനൊപ്പം നിന്നു.

ശക്തി ഇപ്പുറത്താണെന്നുറച്ചതോടെ ഉമ്മന്‍ചാണ്ടി മൗനത്തിലേക്കാണ്ടു. രമേശ് ചെന്നിത്തല കളത്തിലിറങ്ങുകയും ചെയ്തു. കോൺഗ്രസും മുന്നണിയും പി ജെ ജോസഫിനൊപ്പമാണെന്ന് ഉറച്ചസ്വരത്തിൽ ബെന്നി ബഹനാനും മറ്റും വിളിച്ചുപറഞ്ഞത് ഏതാനും നാൾ മുമ്പുമാത്രമാണ്. തർക്കം തീർക്കാൻ മുസ്‌ലിം ലീഗിന്റെയും ആർഎസ്‌പിയുടെയുമെല്ലാം നേതാക്കൾ രംഗത്തിറങ്ങി. ആരുടെ മുന്നിലും കീഴ്പ്പെടാനോ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുസ്ഥാനം ജോസഫ് വിഭാഗത്തിന് വിട്ടുകൊടുക്കാനോ ജോസും കൂട്ടരും തയ്യാറായില്ല. ഒടുവിൽ മുന്നണി കൺവീനർ പുറത്താക്കൽ പ്രഖ്യാപനം നടത്തി. ഇപ്പോഴത്തെ അവസ്ഥയിൽ ജോസ് കെ മാണിയുടെ നേതൃത്വത്തിൽ പുതിയൊരു കേരള കോൺഗ്രസ് പാർട്ടി ഉദയം കൊള്ളുമായിരിക്കും.

അതല്ല, കേരള കോൺഗ്രസ്-എം എന്ന പി ജെ ജോസഫ് അധികാരിയായ പാർട്ടിയുടെ പേരും പതാകയും തനിക്കുവേണമെന്ന ആവശ്യത്തിൽ തർക്കം ഉന്നയിച്ചേക്കാം. രണ്ടായാലും കോട്ടയത്തു നിന്നൊരു പുതിയൊരു പാർട്ടി അനിവാര്യമാണ്. 1964ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പിളർത്തിത്തുടങ്ങിയ കേരള കോൺഗ്രസ് പാരമ്പര്യമാണ് മാണിസാര്‍ എന്ന കെ എം മാണിയുടെ മകനിലെത്തിനില്‍ക്കുന്നത്. മൂവാറ്റുപുഴക്കാരൻ കെ എം ജോർജ്ജില്‍ നിന്നായിരുന്നു തുടക്കം. കേരള കോൺഗ്രസും അതിൽ നിന്ന് കേരള കോണ്‍ഗ്രസ് എമ്മും കേരള കോൺഗ്രസ് ബിയും കേരള കോണ്‍ഗ്രസ് ജേക്കബും കേരള കോൺഗ്രസ് ജോസഫും കേരള കോൺഗ്രസ് സെക്യുലറും കേരള കോൺഗ്രസ് നാഷ്ണലിസ്റ്റും… ഇനി രണ്ടിലൊരാളുടെ വക പുതിയൊരു കേരള കോൺഗ്രസുകൂടി വരും.