Friday
20 Sep 2019

കുരുക്കഴിക്കാനാവാതെ കേരള കോണ്‍ഗ്രസ്

By: Web Desk | Friday 14 June 2019 10:08 PM IST


ജയ്‌സണ്‍ ജോസഫ്

തിരുവനന്തപുരം: ചെയര്‍മാന്‍ സ്ഥാനത്തിനായുള്ള സമവായ ചര്‍ച്ചകള്‍ ഒന്നൊന്നായി പരാജയപ്പെടുകയാണ് കേരള കോണ്‍ഗ്രസ് എമ്മില്‍. ചെയര്‍മാനാകാന്‍ ഉറച്ചു തന്നെയാണ് ജോസ് കെ മാണി എം പി . പക്ഷെ ജോസ് കെ മാണിക്ക് കീഴില്‍ നില്‍ക്കാനാവില്ലെന്ന ഉറച്ച തീരുമാനത്തിലാണ് പി ജെ ജോസഫും മുതിര്‍ന്ന നേതാവായ സി എഫ് തോമസും.
സി എഫ് തോമസിന് ചെയര്‍മാന്‍ സ്ഥാനവും ജോസ് കെ മാണിക്ക് ഡപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനവും നല്‍കി വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനവും പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനവും തനിക്ക് എന്ന പഴയഫോര്‍മുല പുതുക്കി ആവര്‍ത്തിക്കുകയാണ് പി ജെ ജോസഫ്.
സി എഫ് തോമസ് ചെയര്‍മാന്‍ അകുന്നതില്‍ പരാതിയില്ല എന്ന് പറയുന്ന ഒരു വിഭാഗവുമുണ്ട് ജോസ് കെ മാണി ഗ്രൂപ്പില്‍. പക്ഷെ അവര്‍ ജോസ് കെ മാണിക്ക് വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനം ആഗ്രഹിക്കുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ ഒന്നുമില്ലാത്ത അവസ്ഥയിലാകും താനെന്ന ബോധ്യത്തില്‍ ജോസഫ് അത് തള്ളുന്നു.
കെ എം മാണിയുടെ മരണത്തെ തുടര്‍ന്ന് വൈകാതെ ഈ ഫോര്‍മുല ജോസഫ് മുന്നോട്ട് വച്ചിരുന്നെങ്കിലും ജോസ് കെ മാണി വിഭാഗം അന്നും ഇതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കെ എം മാണിയോട് കൂറുപുലര്‍ത്തിയിരുന്ന സി എഫ് തോമസിന് ആ കൂറ് തന്നോടില്ലെന്ന് ജോസ് കെ മാണിക്കറിയാം. സി എഫ് തോമസില്‍ നിന്ന് ചെയര്‍മാന്‍ സ്ഥാനം പിന്നീട് പി ജെ ജോസഫിലേക്ക് തന്നെ എത്തുമെന്നും അത് രാഷ്ട്രീയമായി കനത്ത തിരിച്ചടിയാകുമെന്നുമാണ് ജോസ് കെ മാണി വിഭാഗം അന്ന് വിലയിരുത്തിയത്.
വ്യക്തമായ തീരുമാനം ഉരുത്തിരിയാതെ സംസ്ഥാന കമ്മിറ്റി യോഗം വിളിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ചെയര്‍മാന്റെ ചുമതലയിലുള്ള നിലവില്‍ വര്‍ക്കിംഗ് ചെയര്‍മാനായ പി ജെ ജോസഫ്. ഹൈപവര്‍ കമ്മിറ്റിയിലോ പാര്‍ലമെന്ററി പാര്‍ട്ടിയിലോ ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച് തീരുമാനം രൂപപ്പെടണം. ഈ തീരുമാനം സംസ്ഥാന സമിതിയില്‍ അംഗീകരിക്കപ്പെടുക. കെ എം മാണി അനുവര്‍ത്തിച്ചിരുന്ന കീഴ് വഴക്കം ഇതാണ് എന്നാണ് ജോസഫിന്റെ നിലപാട്.
ഹൈപവര്‍ കമ്മിറ്റിയിലും പാര്‍ലമെന്ററി പാര്‍ട്ടിയിലും ഭൂരിപക്ഷം തനിക്കൊപ്പമെന്നാണ് ജോസഫിന്റെ കണക്ക്. ഇന്നലെ തിരുവനന്തപുരത്ത് ഹൈപവര്‍ കമ്മിറ്റിയിലെ വിശ്വസ്തരെ വിളിച്ച് യോഗം ചേര്‍ന്നതും ഇതേ ബലത്തിലാണ്. ഇവിടെ ജോസഫിന്റെ നെടുംതൂണ്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയി എബ്രഹാമാണ്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ മോന്‍സ് ജോസഫും സി എഫും കൂടെചേര്‍ന്നാല്‍ അവിടെയും മുന്‍തൂക്കമായി. മറുഭാഗത്ത് റോഷി അഗസ്റ്റിനും എന്‍ ജയരാജും. ജാതിസമവാക്യത്തില്‍ മാത്രം ജയിച്ചുകയറുന്ന ആകസ്മികഭാഗ്യത്തിന്റെ നേര്‍രൂപം മാത്രമാണ് എന്‍ ജയരാജ്. അതിനാല്‍ തനിക്ക് ഭൂരിപക്ഷമുള്ള സംസ്ഥാന സമിതി വിളിച്ച് തീരുമാനിക്കണമെന്ന് ശഠിക്കാതെ ജോസ് കെ മാണിക്ക് ചെയര്‍മാനാകാന്‍ മറ്റൊരു വഴിയുമില്ല.
കേരള കോണ്‍ഗ്രസ്സിന്റെ ചെയര്‍മാന്‍ ആരാണ് എന്നതു പോലെയുള്ള സുപ്രധാനമായ രാഷ്ട്രീയ തീരുമാനം സംബന്ധിച്ച് പൊതുവേദിയില്‍ അഭിപ്രായം പറയാന്‍ തയ്യാറല്ലെന്ന് കേരള കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ കൂടിയായ ജോസ് കെ മാണി ഇന്നലെ പറഞ്ഞു. ഏത് നിര്‍ദേശങ്ങള്‍ സംബന്ധിച്ചും ജനാധിപത്യപരമായ ചര്‍ച്ചകള്‍ നടക്കേണ്ടത് ഇക്കാര്യത്തില്‍ അവസാന തീരുമാനം എടുക്കാന്‍ പരമാധികാരമുള്ള സംസ്ഥാന കമ്മറ്റിയിലാണെന്നും തുടര്‍ന്നു.
സമവായം എന്ന് ആവര്‍ത്തിച്ചുള്ള ആവശ്യം പി ജെ ജോസഫ് ഉന്നയിക്കുമ്പോള്‍ തന്നെ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ചുചേര്‍ത്തതിലൂടെ സമവായത്തിന്റെ പ്രസക്തി നഷ്ടമായെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എയും വ്യക്തമാക്കി. ചെയര്‍മാന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍, വൈസ്‌ചെയര്‍മാന്‍ പദവികള്‍ ആര്‍ക്കെന്ന് സ്വയം പ്രഖ്യാപിച്ചതിന്‌ശേഷം സമവായ ചര്‍ച്ച എന്ന് പറഞ്ഞാല്‍ അത് മധ്യസ്ഥശ്രമങ്ങള്‍ക്ക് പോലും ബുദ്ധിമുട്ട് ഉണ്ടാക്കും, റോഷി പറഞ്ഞു.

Related News