പിളരുമോ? കേരളാ കോണ്‍ഗ്രസിന്റെ ഇന്നത്തെ ചര്‍ച്ച നിര്‍ണായകമാകും

Web Desk
Posted on June 16, 2019, 12:21 pm

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലാതെ പി ജെ ജോസഫും ജോസ് കെ മാണിയും തുടരുന്ന സാഹചര്യത്തില്‍ ജോസ് കെ മാണി വിഭാഗത്തിന്റെ സംസ്ഥാന സമിതി യോഗം ഇന്ന് കോട്ടയത്ത് നടക്കും. ഉച്ചയ്ക്ക് രണ്ടുമണിയ്ക്കാണ് യോഗം നടക്കുക. യോഗം ചേരുമെന്ന് ജോസ് കെ മാണിയുടെ നിലപാടിനെ എതിര്‍ത്ത് ചര്‍ച്ചയില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങള്‍ക്ക് പി ജെ ജോസഫ് ഇ‑മെയില്‍ സന്ദേശം അയച്ചു. കൂടാതെ ഇന്ന് കൂടാനിരിക്കുന്ന സംസ്ഥാന സമിതി അനധികൃതമാണെന്നും പി ജെ ജോസഫ് തുറന്നടിച്ചു.
തര്‍ക്കം പിളര്‍പ്പിന്റെ വക്കിലെത്തിയതോടെ ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും പികെ കുഞ്ഞാലിക്കുട്ടിയും ഇരുപക്ഷവുമായി സംസാരിച്ചു. എന്നാല്‍ ചെയര്‍മാന്‍ പദവിയില്‍ കുറഞ്ഞ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന ഉറച്ച നിലപാടിലാണ് ജോസ് കെ.മാണി പക്ഷം.