പ്രത്യേക ലേഖകൻ

കോട്ടയം:

October 14, 2020, 2:20 pm

ഇടതുമുന്നണി പിന്തുണ 39 വർഷത്തിനു ശേഷം

Janayugom Online

പ്രത്യേക ലേഖകൻ

കേരള കോൺഗ്രസ് എം വിഭാഗത്തിന്റെ ഇടതുമുന്നണി പിന്തുണ 39 വർഷത്തിനു ശേഷം. 1981 ഒക്ടോബർ 20നാണ് ആദ്യ നായനാർ മന്ത്രിസഭയ്ക്കുള്ള പിന്തുണ കെഎം മാണി പിൻവലിച്ചതും യുഡിഎഫിലേയ്ക്ക് നീങ്ങിയതും. ഇപ്പോൾ ഉപാധികളില്ലാതെ പിന്തുണയുമായി ഇടതുമുന്നണിയുടെ വാതിലിൽ മാണിയുടെ മകൻ ജോസ് കെ മാണി ചെയർമാനായ കേരളാ കോൺഗ്രസ് (എം) എത്തിയിരിക്കുന്നു.
1964ൽ രൂപമെടുത്ത കേരള കോൺഗ്രസ് അഞ്ചു വർഷത്തിനുശേഷം സി അച്യുതമേനോന്റെ ഐക്യമുന്നണി സർക്കാരിൽ കെഎം ജോർജിനെ അംഗമാക്കിയതോടെ മുന്നണി ബന്ധങ്ങൾക്ക് ആരംഭമായി.

1970ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സീറ്റുതർക്കത്തിൽ ഐക്യമുന്നണി  വിട്ടു. എന്നാൽ, 1971ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഐക്യമുന്നണി സഖ്യത്തിൽ മത്സരിച്ചു. എന്നാൽ തെരഞ്ഞെടുപ്പിനു ശേഷം സഖ്യം വീണ്ടും മുന്നണി വിട്ടു.
1975ൽ വീണ്ടും അച്യുതമേനോൻ മന്ത്രിസഭയിൽ ചേർന്നു. കെഎം മാണിയും ആർ ബാലകൃഷ്ണപിള്ളയും മന്ത്രിമാരായി. കെഎം മാണിയുമായി തെറ്റിയ പിള്ള മുന്നണി മാറി. 1977ലെ തിര‍ഞ്ഞെടുപ്പിൽ മാണി വിഭാഗം ഐക്യമുന്നണിക്കൊപ്പവും പിള്ള വിഭാഗം എതിർചേരിയിലും നിലകൊണ്ടു. 1979 ജൂലൈ 15നു കേരള കോൺഗ്രസ് മാണി, ജോസഫ് വിഭാഗങ്ങളായി പിരിഞ്ഞു. 1980ലെ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മാണി ഇടതുമുന്നണിയുടെ ഭാഗമായി. 1980ലെ നായനാർ മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായിരുന്നു കെ എം മാണി. മാണിക്കൊപ്പം ജോസഫ് വിഭാഗവും യുഡിഎഫിലെ ഘടകകക്ഷിയായി. കേരള കോൺഗ്രസ് ജോസഫ് വിഭാഗം 1989ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ സീറ്റുതർക്കത്തെ തുടർന്നു യുഡിഎഫ് വിട്ടു.

1991 ഏപ്രിൽ 13ന് അവർ എൽഡിഎഫിന്റെ ഭാഗമായി. 2010 ഏപ്രിൽ 30ന് എൽഡിഎഫ് വിട്ട ജോസഫ് മുൻ ധാരണ അനുസരിച്ച് മെയ് 27നു കേരള കോൺഗ്രസ്(എം)ൽ ലയിച്ചു. 2016 ഓഗസ്റ്റ് ഏഴിന് കേരള കോൺഗ്രസ് (എം) യുഡിഎഫുമായുള്ള ബന്ധം വീണ്ടും ഉപേക്ഷിച്ചു. നിയമസഭയിൽ പ്രത്യേക ബ്ലോക്കായി മാറി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മാണിഗ്രൂപ്പ് സിപിഎമ്മുമായി കൈകോർത്തു. 2018 ജൂൺ 8ന് വീണ്ടും യുഡിഎഫിൽ എത്തി.

2019 ഏപ്രിൽ 9 ന് കേരള കോൺഗ്രസ് (എം) ചെയർമാൻ കെഎം മാണി മരിച്ചു. തുടർന്ന് ജോസഫും ജോസ് കെ മാണിയും തമ്മിൽ പാർട്ടി നേതൃത്വത്തെ ചെല്ലി തർക്കം കടുത്തു. പാർട്ടി ഉള്ളിൽ പിളർന്നുമാറി . 2019 ലെ പാലാ ഉപതിരഞ്ഞെടുപ്പിൽ ജോസ് വിഭാഗം സ്ഥാനാർഥി പരാജയപ്പെട്ടു. ഉൾപ്പോരു കടത്തു. കോൺഗ്രസിലെ ഒരു വിഭാഗത്തിന് പ്രിയനായി ജോസഫും കൂട്ടരും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് ജോസ് വിഭാഗത്തെ 2020 ജൂൺ 29ന് യുഡിഎഫിൽ നിന്നു പുറത്താക്കിയതായി യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ അറിയിച്ചു.സമയവായത്തിന് ഇട നൽകാതെ ജോസഫ് നിരന്തരം ജോസ് കെ മാണിയെ അധിക്ഷേപിച്ചുകൊണ്ടെയിരുന്നു. കോൺഗ്രസ് നേതൃത്വം കേരളാ കോൺഗ്രസിന്റെ നിയമസഭാ സീറ്റുകൾ മോഹിച്ച് കളികണ്ടു നിന്നു.

ENGLISH SUMMARY: ker­ala con­gress sup­port left alliance after 39 years

YOU MAY ALSO LIKE THIS VIDEO