മനോജ് മാധവൻ

തിരുവനന്തപുരം

December 16, 2020, 10:48 pm

തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളം വിധിച്ചു ; ഇവിടം ഇടത്ത് ഉറച്ചദേശം

Janayugom Online

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ചുവപ്പണിഞ്ഞ് കേരളം. എല്ലാ ജില്ലകളിലും ഇടതുപക്ഷ ജനാധിപത്യമുന്നണി ആധിപത്യം സ്ഥാപിച്ചു. യുഡിഎഫും ബിജെപിയും വർഗീയ കക്ഷികളും ചില മാധ്യമങ്ങളും ഒത്തുചേർന്ന് അഴിച്ചുവിട്ട അപവാദ പ്രചാരണങ്ങളെയും അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള കേന്ദ്രസർക്കാരിന്റെ വേട്ടയാടലിനെയും അതിജീവിച്ചാണ് എൽഡിഎഫ് അഭിമാനകരമായ വിജയം കൈവരിച്ചത്.

നിയമസഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിച്ച തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ‑ബിജെപി കൂട്ടുകെട്ടിന്റെ മോഹങ്ങളെല്ലാം തകർന്നടിഞ്ഞു. ബിജെപി ജയിച്ചാലും ഇടതുപാർട്ടികൾ ജയിക്കാൻ പാടില്ലെന്ന യുഡിഎഫിന്റെ മോഹങ്ങളും ജനം തൂത്തെറിഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് യുഡിഎഫ് ഏറ്റുവാങ്ങിയത്. എൻഡിഎയ്ക്കും തിരിച്ചടി നേരിട്ടു.

സംസ്ഥാനത്തെ ആറു കോർപ്പറേഷനുകളിൽ കണ്ണൂർ ഒഴികെ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ എൽഡിഎഫ് ഭരണത്തിലെത്തും. 14 ജില്ലാ പഞ്ചായത്തുകളിൽ പത്തിടത്തും എൽഡിഎഫ് ആധിപത്യം നേടി. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 108 എണ്ണത്തിലും 35 നഗരസഭകളിലും എൽഡിഎഫ് മേൽകൈ നേടി. 941 ഗ്രാമപഞ്ചായത്തുകളിൽ 514 ഇടങ്ങളിലാണ് ഇടതുമുന്നണി വിജയം കൈവരിച്ചത്. അന്തിമഫലം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് പുറത്തുവിടും.

ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫ് നേടിയ വിജയം രാഷ്ട്രീയ വിഷയങ്ങളെ അധികരിച്ചുള്ള ഫലമായാണ് വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പിന് മുൻപേ ഏവരും ഉറ്റുനോക്കിയ ബിജെപി, യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട് ശക്തമായ തിരുവനന്തപുരം കോർപ്പറേഷനിൽ വ്യക്തമായ മുന്നേറ്റമാണ് എൽഡിഎഫ് നടത്തിയത്. കേവല ഭൂരിപക്ഷത്തോടെ 52 സീറ്റുകൾ എൽഡിഎഫ് നേടി. 21 സീറ്റുണ്ടായിരുന്ന യുഡിഎഫ് 10 സീറ്റിലേക്കു ഒതുങ്ങി. ബിജെപി 34 സീറ്റ് നിലനിർത്തി.
കഴിഞ്ഞ പത്തുവർഷത്തെ യുഡിഎഫ് ഭരണത്തിലായിരുന്ന കൊച്ചി കോർപ്പറേഷനിൽ 34 സീറ്റുമായി എൽഡിഎഫ് ഏറ്റവും വലിയ ഒറ്റ കക്ഷിയായി. സ്വതന്ത്ര സ്ഥാനാർത്ഥികളുടെ പിന്തുണയോടെ എൽഡിഎഫ് ഭരണത്തിലെത്തും. യുഡിഎഫ് 31, എൻഡിഎ അഞ്ച് സീറ്റിലും ഒതുങ്ങി.

തൃശൂരിൽ എൽഡിഎഫ് 24, യുഡിഎഫ് 23, എൻഡിഎ ആറ് സീറ്റും നേടി. കൊല്ലത്ത് 39 സീറ്റ് എൽഡിഎഫ് നേടിയപ്പോൾ യുഡിഎഫിന് ഒൻപതും, ബിജെപിക്ക് ആറും സീറ്റും മാത്രമായി. കോഴിക്കോട് എൽഡിഎഫ് 48, യുഡിഎഫ് 14, എൻഡിഎ ഏഴ് സീറ്റും നേടി. കണ്ണൂരിൽ യുഡിഎഫിന് 34 സീറ്റ് ലഭിച്ചപ്പോൾ എൽഡിഎഫ് 19, എൻഡിഎ ഒന്ന് എന്നിങ്ങനെയായി സീറ്റ് നില.

മധ്യ‑തെക്കൻ ജില്ലകളിൽ വൻ നേട്ടമുണ്ടാക്കാൻ ഇടതുമുന്നണിക്ക് കഴിഞ്ഞു. ചരിത്രത്തിൽ ആദ്യമായി പാല നഗരസഭയിൽ എൽഡിഎഫ് ഭരണം ഉറപ്പിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളി പഞ്ചായത്ത് ഭരണം കാൽ നൂറ്റാണ്ടിനുശേഷം എൽഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് കോട്ടകളായ കോട്ടയത്തും പത്തനംതിട്ടയിലും എല്‍ഡിഎഫ് ആധിപത്യം പുലർത്തി. ജോസഫ് ഗ്രൂപ്പ് തകര്‍ന്നടിഞ്ഞു. മുസ്‌ലിം ലീഗിന് സീറ്റില്ലാത്ത മലപ്പുറത്തെ ഏക മുന്‍സിപ്പാലിറ്റിയായി നിലമ്പൂര്‍ മാറിയതും ചരിത്രമാണ്.

Eng­lish Sum­ma­ry : Ker­ala ruled in the local elections

You May Also Like This Video