Monday
18 Feb 2019

പൊതുവിദ്യാഭ്യാസം വിരല്‍ത്തുമ്പില്‍

By: Web Desk | Sunday 3 February 2019 11:00 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്കും ദൃശ്യമാവുന്ന വിധത്തില്‍ ‘സമേതം’ ഓണ്‍ലൈന്‍ സ്‌കൂള്‍ ഡേറ്റാ ബാങ്ക് തയ്യാറായി.

കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) തയ്യാറാക്കിയ പോര്‍ട്ടലില്‍ സ്‌കൂളുകളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍, ഭൗതിക സൗകര്യങ്ങള്‍, അധ്യാപകരുടേയും ജീവനക്കാരുടേയും വിശദാംശങ്ങള്‍, കുട്ടികളുടെ എണ്ണം, സ്‌കൂള്‍ വിക്കിയിലുള്ള താള്‍, ലൊക്കേഷന്‍ തുടങ്ങിയ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
www.sametham.kite.kerala.gov.in എന്ന വിലാസത്തില്‍ സ്‌കൂളുകള്‍ക്കും പൊതുജനങ്ങള്‍ക്കും ഇന്ന് മുതല്‍ പോര്‍ട്ടലിലെ വിവരങ്ങള്‍ പരിശോധിക്കാം. ഫീല്‍ഡില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കൂടി ലഭിച്ച് ഫെബ്രുവരി 20 ഓടെ പോര്‍ട്ടല്‍ പൂര്‍ണമായും ഔദ്യോഗികമാവും.

വിവിധ വിഭാഗത്തിലുള്ള സ്‌കൂളുകളെ (പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി) ഒരു ക്യാമ്പസ് എന്ന രൂപത്തിലാണ് ‘സമേത’ത്തില്‍ നല്‍കിയിട്ടുള്ളത്. അടിസ്ഥാന വിവരങ്ങള്‍, ഭൗതിക സൗകര്യങ്ങള്‍ എന്നീ വിഭാഗങ്ങളിലായി സ്‌കൂളിനെക്കുറിച്ച് യഥാക്രമം 23 ഉം 51 ഉം വിവരങ്ങള്‍ ഉണ്ട്.
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ വിവിധ വിഭാഗങ്ങളിലെ എല്ലാ അധ്യാപകരുടേയും ജീവനക്കാരുടേയും തസ്തികകളും പേരും പ്രത്യേകം നല്‍കിയിട്ടുണ്ട്. ഓരോ ക്ലാസിലെയും വിവിധ മീഡിയം തിരിച്ച് കുട്ടികളുടെ എണ്ണം നല്‍കിയിട്ടുണ്ട്. സ്‌കൂളിന്റെ ചരിത്രം, വിവിധ ക്ലബ്ബുകള്‍, പ്രവര്‍ത്തനങ്ങള്‍ പ്രശസ്തരായ പൂര്‍വ വിദ്യാര്‍ഥികള്‍, ദിനാചരണങ്ങള്‍ തുടങ്ങിയവ ചിത്രം സഹിതം വിവരിക്കുന്ന സ്‌കൂളിന്റെ ‘സ്‌കൂള്‍ വിക്കി’ പേജിലേക്കും സമേതത്തില്‍ നിന്നും നേരിട്ട് പ്രവേശിക്കാം.

‘സമേതം’ ഹോം പേജില്‍ത്തന്നെ കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് മേഖലകളിലെ അഞ്ച് വിഭാഗം സ്‌കൂളുകളുടെയും തരംതിരിച്ചിട്ടുള്ള എണ്ണം, കുട്ടികളുടെ എണ്ണം സര്‍ക്കാര്‍എയ്ഡഡ് മേഖലയിലെ അധ്യാപകരുടെയും അനധ്യാപകരുടെയും എണ്ണം എന്നിങ്ങനെ തരംതിരിച്ച് നല്‍കിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് സഹായകമാകുന്നവിധം യൂസര്‍ഗൈഡും, വീഡിയോ ട്യൂട്ടോറിയലും ഈ പേജില്‍ത്തന്നെയുണ്ട്.
പ്രത്യേകം ലോഗിന്‍ ചെയ്യാതെ തന്നെ വിഭാഗങ്ങള്‍ തിരിച്ചും ജില്ല തിരിച്ചും സ്‌കൂളുകളുടെ പേജിലേക്കെത്താം. ഒരു സ്‌കൂളിന്റെ പേരോ, സ്‌കൂള്‍ കോഡോ, സ്ഥലത്തിന്റെ പേരോ ‘സേര്‍ച്ച്’ ഭാഗത്ത് നല്‍കിയും സ്‌കൂളുകളിലെത്താം.

ജില്ല, പാര്‍ലമെന്റ്അസംബ്ലി മണ്ഡലങ്ങള്‍, ത്രിതല പഞ്ചായത്തുകള്‍, വിദ്യാഭ്യാസ ജില്ല, ഉപജില്ല എന്നിങ്ങനെ തരംതിരിച്ച് ആ പരിധിയില്‍ വരുന്ന സ്‌കൂളുകളെ മുഴുവനായും അഡ്വാന്‍സ്ഡ് സേര്‍ച്ചിലൂടെ കണ്ടെത്താനും കഴിയും.

Related News