Friday
19 Jul 2019

വികസനകുതിപ്പില്‍ കേരള ഫീഡ്‌സ്: പുതിയ യുണിറ്റ് തൊടുപുഴയില്‍ ഉദ്ഘാടനത്തിന് സജ്ജമാകുന്നു

By: Web Desk | Friday 15 March 2019 10:21 PM IST


ഷാജി ഇടപ്പള്ളി

കൊച്ചി : കേരളത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള കാലിത്തീറ്റ മിതമായ നിരക്കില്‍ ലഭ്യമാക്കുന്ന പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സ് സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും വികസനകുതിപ്പിലാണ്. പുതിയ യുണിറ്റ് ഒരുമാസത്തിനുശേഷം തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്യപ്പെടും.കല്ലേറ്റുംകരയിലെ കമ്പനി ആസ്ഥാനത്തെ പ്ലാന്റിനു പുറമെ കോഴിക്കോട്, കരുനാഗപ്പള്ളി എന്നിവിടങ്ങളിലാണ് നിലവില്‍ യൂണിറ്റുകള്‍ ഉള്ളത്. ദിവസം 1250 ടണ്‍ കാലിത്തീറ്റയാണ് കേരള ഫീഡ്‌സിന്റെ 3 ഫാക്ടറികളില്‍ നിന്നായി സംസ്ഥാനത്തെ വിപണിയിലേക്കെത്തുന്നത്.

കല്ലേറ്റുംകരയില്‍ നിന്നും 650 ടണ്ണും കരുനാഗപ്പള്ളി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുംം 300 ടണ്‍ വീതവുമാണ് ഉത്പാദന ശേഷി. തൊടുപുഴയിലെ 500 ടണ്‍ ശേഷിയുള്ള അത്യാധുനിക ഉത്പാദന യൂണിറ്റ് സജ്ജമാകുന്നതോടെ ഇത് 1750 ടണ്ണായി ഉയരും. രണ്ട് വര്‍ഷത്തിനുള്ളില്‍ വിപണിയുടെ പകുതി കേരള ഫീഡ്‌സിന്റെ കാലിത്തീറ്റ വിഹിതമാകുമെന്നാണ് കണക്കു കൂട്ടുന്നത്.കേരളത്തില്‍ കാലിത്തീറ്റ മേഖലയില്‍ വില സ്ഥിരത ഉറപ്പുവരുത്തുന്ന കേരള ഫീഡ്‌സ് ഇറ്റാലിയന്‍ സാങ്കേതിക വിദ്യയാണ് എല്ലാ പ്ലാന്റുകളിലും ഉപയോഗിക്കുന്നത്. ഉത്പാദത്തിന്റെ ഘട്ടങ്ങളിലൊന്നും മനുഷ്യ ഇടപെടല്‍ ഉണ്ടാകുന്നില്ല. പാക്കിംഗ്, കയറ്റിറക്ക് എന്നിവിടങ്ങളില്‍ മാത്രമേ മനുഷ്യ ഇടപെടല്‍ ഉണ്ടാകുന്നുള്ളൂ.

Kerala feeds

നാല് തലങ്ങളില്‍ ഗുണമേന്മ പരിശോധിക്കുന്ന കേരളത്തിലെ ഏക കാലിത്തീറ്റ ഉത്പാദന കേന്ദ്രമെന്ന പ്രത്യേകതയും അസംസ്‌കൃത വസ്തുക്കളുടെ പരിശോധനയ്ക്കായി സ്വന്തമായി ലാബോറട്ടറി സംവിധാനവും ന്യൂട്രീഷന്‍ ഘടകം നിര്‍ണയിക്കാനായി ഡോക്ടറുടെ സേവനവും ലഭ്യമാക്കിയിട്ടുള്ള ഈ പൊതുമേഖല സ്ഥാപനത്തിന്റെ വളര്‍ച്ചക്ക് എല്‍ ഡി എഫ് സര്‍ക്കാര്‍ പൂര്‍ണ പിന്തുണയാണ് നല്‍കിവരുന്നത്. അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനവ് കേരള ഫീഡ്‌സിന് തിരിച്ചടിയായിട്ടുണ്ട്.

 

ബിഹാര്‍, പഞ്ചാബ്, ആന്ധ്രാപ്രദേശ്, എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാന അസംസ്‌കൃത വസ്തുവായ ചോളം എത്തുന്നത്. എണ്ണരഹിതമായ തവിട്, പിണ്ണാക്ക്, പരുത്തിക്കുരു, സോയാബീന്‍, മോളാസിസ് എന്നിവ ശാസ്ത്രീയമായി അടിസ്ഥാനത്തില്‍ പാകപ്പെടുത്തിയാണ് കാലിത്തീറ്റകള്‍ ഉല്പാദിപ്പിക്കുന്നത്. നിലവില്‍ ഇത്തരം അസംസ്‌കൃത വസ്തുക്കള്‍ക്ക് സമീപ കാലത്തൊന്നും ഉണ്ടാകാത്ത തരത്തില്‍ 10 മുതല്‍ 35 ശതമാനം വരെ വിലക്കയറ്റമാണ് ഉണ്ടായിട്ടുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി സംരക്ഷണ പദ്ധതികള്‍ നിമിത്തം കാലിത്തീറ്റ ഉത്പാദനം വടക്കേന്ത്യയിലും വ്യാപകമായി കൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ അസംസ്‌കൃത വസ്തുക്കള്‍ക്ക് പൂര്‍ണമായും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരള ഫീഡ്‌സിന് വലിയ സാമ്പത്തിക ബാധ്യതയാണ് ഇത് വരുത്തി വയ്ക്കുന്നത്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നാഷണല്‍ കോഓപ്പറേറ്റീവ് ഡയറി ഫെഡറേഷനുമായി ചേര്‍ന്ന് ചില പദ്ധതികള്‍ വിഭാവനം ചെയ്യുന്നുണ്ടെന്ന് കമ്പനി മാനേജിങ് ഡയറക്ടര്‍ ഡോ ബി ശ്രീകുമാര്‍ പറഞ്ഞു. വകുപ്പ് മന്ത്രിയെന്ന നിലയില്‍ കെ രാജു കാര്യമായ ഇടപെടല്‍ ഇതിനായി നടത്തുന്നുണ്ട്. കേന്ദ്രസര്‍ക്കാരുമായി ഇതു സംബന്ധിച്ച മന്ത്രിതല ചര്‍ച്ച നടത്താനും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ കര്‍ണാടക സര്‍ക്കാരിന്റെ ഇടെന്‍ഡര്‍ പോര്‍ട്ടല്‍ വഴിയാണ് അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിക്കുന്നത്.

Kerala feeds

നേരിട്ടുള്ള സംഭരണത്തിന്റെ സാധ്യതകളും കമ്പനി ആരായുന്നുണ്ടെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ കാലിത്തീറ്റ വിപണിയില്‍ അമ്പതു ശതമാനം വിഹിതം ലക്ഷ്യമിടുന്നകമ്പനി അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ വിറ്റുവരവ് 500 കോടി രൂപയാക്കുവാനുള്ള പരിശ്രമത്തിലാണെന്ന് ചെയര്‍മാന്‍ കെ എസ് ഇന്ദുശേഖരന്‍ നായര്‍ അഭിപ്രായപ്പെട്ടു. കാലിത്തീറ്റ നിര്‍മ്മാണത്തിലെ നാഴികക്കല്ലായ ബൈപ്പാസ് പ്രോട്ടീന്‍ പ്ലാന്റ് കല്ലേറ്റുംകരയില്‍ കേരള ഫീഡ്‌സ് ആരംഭിച്ചു കഴിഞ്ഞു. നാഷണല്‍ ഡയറി ഡവലപ്മന്റ് ബോര്‍ഡാണ് ഇതിനാവശ്യമായ സാങ്കേതിക വിദ്യയും സാമ്പത്തിക സഹായവും നല്‍കിയത്. കാലിത്തീറ്റയിലെ പ്രോട്ടീന്‍ പശുക്കളുടെ ആമാശയത്തില്‍ നിന്നും ഉപയോഗിക്കാതെ പുറം തള്ളുന്നത് ഒഴിവാക്കാനുള്ള സാങ്കേതിക വിദ്യയാണിത്. ഏതാനും മാസങ്ങള്‍ പശുക്കളില്‍ പരീക്ഷണം നടത്തിയതിനു ശേഷം മാത്രമേ ഇത് കര്‍ഷകന് നല്‍കിത്തുടങ്ങുകയുള്ളൂ. പശുക്കള്‍ക്ക് നല്‍കുന്ന കാലിത്തീറ്റയുടെ അളവ് മൂന്നിലൊന്നായി കുറയ്ക്കാന്‍ ഈ സാങ്കേതിക വിദ്യയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

KFL_Factory Visit Pic

പ്രധാനപ്പെട്ട കാലിത്തീറ്റയിനങ്ങളായ കെ എഫ് റിച്ച്, കെ എഫ് മിടുക്കി, കെ എഫ് എലൈറ്റ് എന്നിവക്കുപുറമെ ധാതുലവണ മിശ്രിതങ്ങളും സമ്പുഷ്ടീകരിച്ച വൈക്കോല്‍ക്കട്ട, കൂടാതെ കെ എഫ് എല്‍ പ്രീമിയം എന്ന ആട് തീറ്റ, കേരാബിറ്റ് മുയല്‍ തീറ്റ, ചുണ്ടെലികള്‍ക്കുള്ള തീറ്റയെന്നിവയും കേരള ഫീഡ്‌സ് ഉത്പാദിപ്പിക്കുന്നുണ്ട്. എല്ലാ പ്രതിസന്ധികളിലും കര്‍ഷകര്‍ക്ക് വില കുറച്ച് കാലിത്തീറ്റ നല്‍കാനുള്ള കമ്പനിയുടെ പ്രഖ്യാപിത നയം മൂലം 2015 മുതലുള്ള പ്രവര്‍ത്തന നഷ്ട്ീ 72 കോടി രൂപയാണ്. എന്നാല്‍ കഴിഞ്ഞ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 75 ലക്ഷം രൂപ പ്രവര്‍ത്തന ലാഭം കമ്പനി നേടിയിരുന്നു. എന്നാല്‍ പ്രളയം എല്ലാം തകിടം മറിച്ചു. വയനാട്, , തൃശൂര്‍ ,എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ പ്രളയക്കെടുതികളില്‍ അകപ്പെട്ട കന്നുകാലികള്‍ക്ക് സൗജന്യമായി കാലിത്തീറ്റ നല്‍കിയിരുന്നു. ഉണര്‍ന്ന് പ്രവര്‍ത്തിച്ച ഈ നടപടിക്ക് ഏറെ പ്രശംസ നേടുവാനായി. സ്‌നേഹസ്പര്‍ശം എന്ന പദ്ധതി ആവിഷ്‌കരിച്ചാണ് ഡയറി വകുപ്പും മൃഗസംരക്ഷണ വകുപ്പും ഉള്‍പ്പെട്ട കമ്മിറ്റിയുടെ ശുപാര്‍ശയിലാണ് സൗജന്യ കാലിത്തീറ്റ വിതരണം നിര്‍വഹിച്ചത്. ഇതുമായി ബന്ധപ്പെട്ട ബാധ്യതയും കമ്പനിക്കുണ്ടായിട്ടുണ്ട്.

Read this also

വിരല്‍ തുമ്പില്‍ വിസ്മയം തീര്‍ക്കുന്ന ഗോത്രയുവാവ്

ഇതുകൂടാതെ സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് സെപ്റ്റംബറില്‍ ഒരു ബാഗിന് 100 രൂപ വിലകുറച്ചു കര്‍ഷകര്‍ക്ക് കാലിത്തീറ്റ നല്‍കിയിരുന്നു. ഈ ഇനത്തില്‍ മാത്രം 3 കോടിയുടെ നഷ്ട്ടം കമ്പനിക്കുണ്ടായി.ഈ സാമ്പത്തിക വര്‍ഷത്തില്‍ 10 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും നഷ്ട്ടം സഹിച്ച് കാര്യമായി വില വര്‍ദ്ധനവ് നടത്താതെ മുന്നോട്ടുള്ള കുതിപ്പിലാണ് ഈ പൊതുമേഖലാ സ്ഥാപനം. സംസ്ഥാനത്ത് ഒരു ലക്ഷത്തോളം പശുക്കളുണ്ടെന്നാണ് കണക്ക്. പ്രളയത്തില്‍ അയ്യായിരത്തോളം കന്നുകാലികളാണ് മരണപ്പെട്ടത്. ഇപ്പോള്‍ 12 ലക്ഷത്തോളം പശുക്കളും അഞ്ചു ലക്ഷം ക്ഷീര കര്‍ഷകരുമുണ്ടെന്നാണ് ലഭ്യമായ വിവരങ്ങള്‍. കന്നുകാലി കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്. അത് കഴിയുമ്പോള്‍ ശരിയായ കണക്കുകള്‍ ലഭിക്കുകയുള്ളു. പാല്‍ ഉല്പാദനത്തില്‍ സ്വയം പര്യാപ്തത നേടുവാനുള്ള തീവ്ര ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നത് വിജയം കാണുമ്പോള്‍ കാലിത്തീറ്റ വിപണിയിലും നേട്ടം ഉണ്ടാകും.

You may also like this

Related News