ഒരുപാടു നായികമാർ ജനഹൃദയങ്ങളിലേക്കു പടർന്നു കയറിയ ശബ്ദത്തിനോട്  ആദരവ് കാട്ടാൻ മലയാള സിനിമാലോകം മറന്നു

Web Desk
Posted on April 07, 2019, 3:01 pm

തിരുവനന്തപുരം: ആ ശബ്ദം അനേകർക്ക്‌ കഥാപാത്രത്തിന്റെ ആത്മാവ് പകരുന്നതായിരുന്നു. അതിലൂടെയാണ് ഒരുപാടു നായികമാർ ജനഹൃദയങ്ങളിലേക്കു പടർന്നു കയറിയത്. എന്നാൽ  ആ ശബ്ദത്തിനോട്  ആദരവ് കാട്ടാൻ മലയാള സിനിമാലോകം മറന്നു.  ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലിയുടെ മരണത്തെ അവഗണിച്ച്‌ സിനിമാപ്രവര്‍ത്തകരും, പ്രശസ്തരായ നായികമാരും. അടുത്തുണ്ടായിട്ടു പോലും  പലരും ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയില്ല. ലജ്ജാകരമായ ഈ അവഗണക്കെതിരെ നടിയും ഡബ്ബിംഗ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി പ്രതികരിച്ചു.  നടിമാര്‍ അരങ്ങില്‍ തകര്‍ത്ത് അഭിനയിച്ച്‌ കൈയടി നേടിയതിനു പിന്നില്‍ ആനന്ദവല്ലിയുടെ ശബ്ദമാണ്. ആനന്ദവല്ലി ശബ്ദം നല്‍കിയ പ്രശസ്ത താരങ്ങളായ പൂര്‍ണിമ, രേവതി, ഗീത, രാധിക, ശോഭന, സുഹാസിനി, ഊര്‍വ്വശി, സുമലത, പാര്‍വ്വതി തുടങ്ങിയ ഒരാള്‍ പോലും ആനന്ദവല്ലി മരണപ്പെട്ടതിനു ശേഷം കാണാനെത്തിയില്ലെന്നും സിനിമാ സംവിധായകര്‍ പോലും അവഗണിച്ചെന്നും അവര്‍ കുറ്റപ്പെടുത്തി.

നാല് മണിക്കൂര്‍ കാര്‍യാത്രയോ അരമണിക്കൂര്‍ വിമാനയാത്രയോ മാത്രം ദൂരെ ആദരാഞ്ജലി കാത്തിരുന്ന ആനന്ദവല്ലിക്ക് അവഗണന മാത്രമായിരുന്നു സിനിമാ പ്രവര്‍ത്തകര്‍ നല്‍കിയതെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തുന്നു. സാമ്ബത്തികമായി തകര്‍ന്ന ആനന്ദവല്ലിക്ക് നടി മഞ്ജുവാര്യര്‍ സഹായമെത്തിച്ചിരുന്നതായും അല്ലെങ്കില്‍ അവര്‍ എന്നേ മരിച്ചുപോയേനെയെന്നും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുന്നു.