കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരും സാമൂഹ്യ പുരോഗതിയും

Web Desk
Posted on June 10, 2019, 11:05 pm

 

k dileep

ഐക്യകേരളം രൂപീകൃതമായ ശേഷം നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ 126 ല്‍ 65 അസംബ്ലിസീറ്റുകള്‍ നേടിയാണ് 1957 ഏപ്രില്‍ മാസം എം എന്‍ ഗോവിന്ദന്‍ നായരുടെ നേതൃത്വത്തിലുള്ള സിപിഐ കേരള സംസ്ഥാന ഘടകം ലോകത്തിലാദ്യമായി പാര്‍ലമെന്ററി സമ്പ്രദായത്തില്‍ ഒരു സര്‍ക്കാര്‍ രൂപീകരിക്കുന്ന ആദ്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി ലോകചരിത്രത്തില്‍ ഇടം നേടിയത്. പാര്‍ട്ടി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇഎംഎസ് നമ്പൂതിരിപ്പാട് 1957 ഏപ്രില്‍ 5 ന് കേരള മന്ത്രിസഭയെ നയിക്കുവാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 1959 ജൂലൈ 31 വരെയുള്ള 28 മാസക്കാലമായിരുന്നു ആ മന്ത്രിസഭ നിലനിന്നത്. ക്രമസമാധാന തകര്‍ച്ച ആരോപിച്ച് ഭരണഘടന അനുച്ഛേദം 356 ഉപയോഗിച്ച് ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് പുറത്താക്കാന്‍ അന്ന് കേരളത്തിലെ എല്ലാ പ്രതിലോമ ശക്തികളും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒന്നിച്ചു. വളരെ ആസൂത്രിതമായി ജാതി-മത‑പൗരോഹിത്യ‑ജന്മിവിഭാഗങ്ങളെയെല്ലാം ഒന്നിപ്പിച്ചാണ് അന്ന് കോണ്‍ഗ്രസ് വിമോചന സമരം എന്ന പേരില്‍ നാടുനീളെ അക്രമസമരങ്ങള്‍ അഴിച്ചുവിടുകയും മന്ത്രിസഭ പിരിച്ചു വിടാനുള്ള അന്തരീക്ഷം ഒരുക്കുകയും ചെയ്തത്. വലിയതോതില്‍ ഭൂമി കൈവശം വച്ചിരുന്ന ജന്മിമാരുടെയും സമൂഹത്തിലെ സ്വന്തം അപ്രമാദിത്വം നഷ്ടപ്പെട്ടതില്‍ വിറളി പൂണ്ട മത, സമുദായ പ്രമാണിമാരും ചേര്‍ന്ന് നടത്തിയ ഉപജാപങ്ങളുടെ പരിണിത ഫലമായിരുന്നു അത്. ഇന്ന് 62 വര്‍ഷങ്ങള്‍ക്കിപ്പുറവും 1957 ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിന്റെ സമഗ്രമായ സാമൂഹ്യ പുരോഗതിക്കായി നല്‍കിയ സംഭാവനകള്‍ നിസ്തുലമായി തന്നെ നിലനില്‍ക്കുന്നു.
സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ചക്കുള്ളില്‍ തന്നെ 1957 ഏപ്രില്‍ 11 ന് ഒരു ഓര്‍ഡിനന്‍സിലൂടെ, കുടികിടപ്പുകാര്‍ക്കെതിരെയുള്ള എല്ലാ ഒഴിപ്പിക്കല്‍ നടപടികളും നിര്‍ത്തിവെക്കുകയും കോടതികളെ ഇത്തരം കേസുകള്‍ സ്വീകരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്ത സര്‍ക്കാരായിരുന്നു അത്. പിന്നീട് തൊട്ടടുത്ത അസംബ്ലി സെഷനില്‍ കേരള സ്റ്റേ ഓഫ് എവിക്ഷന്‍ പ്രൊസീഡിഗ്ംസ് ആക്ട് 1957 എന്ന പേരില്‍ അത് നിയമമാക്കുകയും ചെയ്തു. കേരളത്തിലെ സാമൂഹ്യ പുരോഗതിയുമായി ബന്ധപ്പെട്ട് വലിയ ഒരു കുതിപ്പിനാണ് ആ നിയമം കാരണമായത്. ‘കേരളമോഡല്‍’ എന്ന് പിന്നീട് ലോക പ്രശസ്തി നേടിയ വികസന മാതൃക രൂപീകരിക്കുന്നതിന് അടിസ്ഥാനമായ നിയമനിര്‍മാണങ്ങള്‍ കുടയൊഴിപ്പിക്കല്‍ നിര്‍ത്തിവെച്ചതും, അതിനുശേഷം അതേ മന്ത്രിസഭ കൊണ്ടുവന്ന കാര്‍ഷിക ബന്ധബില്ലും, വിദ്യാഭ്യാസ ബില്ലും, ആണെന്ന് നിസംശയം കാണാവുന്നതാണ്.

ഈ നിയമങ്ങള്‍ക്ക് പിറകില്‍ അര നൂറ്റാണ്ടിലധികം കാലത്തെ വലിയ സമരചരിത്രമുണ്ട്. 1956 നവംബര്‍ 1 ന് ഐക്യകേരള സംസ്ഥാനം നിലവില്‍ വരുന്നതുവരെ കേരളം എന്ന് ഇന്ന് വിവക്ഷിക്കപ്പെടുന്ന ഭൂവിഭാഗം വ്യത്യസ്ഥമായ മൂന്ന് പ്രവിശ്യകളായിരുന്നു. തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങള്‍, ബ്രിട്ടീഷ് മലബാര്‍. തിരുവിതാംകൂറില്‍ 80 ശതമാനം ഭൂമിയും പണ്ടാരവക പാട്ടഭൂമിയായിരുന്നു, അതായത് സര്‍ക്കാര്‍ വക ഭൂമി. ഈ ഭൂമി ജന്മിമാര്‍ കൈവശം വച്ച് പോന്നു. അവരില്‍ നിന്ന് വലിയ തുക പാട്ടമായി നല്‍കിയാണ് സാധാരണ കര്‍ഷകര്‍ കൃഷിചെയ്തിരുന്നത്. ബ്രിട്ടീഷ് സാമന്ത രാജ്യമായിരുന്ന തിരുവിതാംകൂറിന് കനത്ത നികുതി ബ്രിട്ടീഷ് സര്‍ക്കാരിന് നല്‍കേണ്ടതുണ്ടായിരുന്നു. ഈ നികുതി മുഴുവന്‍ കര്‍ഷകരില്‍ നിന്നും ഈടാക്കി. നികുതി പിരിക്കാന്‍ നിയോഗിക്കപ്പെട്ടിരുന്ന ഇടപ്രഭുക്കന്മാരും ജന്മിമാരും കര്‍ഷകരുടെ ഉല്‍പന്നങ്ങളുടെ സിംഹഭാഗവും കൈക്കലാക്കി, കൃഷിയിടങ്ങളില്‍ ജോലിചെയ്തിരുന്ന അധഃസ്ഥിത വിഭാഗങ്ങളില്‍ പെട്ട ജനങ്ങള്‍ കഠിനമായ യാതനകളും, അവര്‍ണനീയമായ ജാതി വിവേചനവും, ദാരിദ്രവും, അടിമത്തവും അനുഭവിച്ചു. അടുത്ത നാട്ടുരാജ്യമായ കൊച്ചിയില്‍ തിരുവിതാംകൂറിനേക്കാള്‍ ദയനീയമായിരുന്നു അധഃസ്ഥിത വിഭാഗങ്ങളുടെ അവസ്ഥ. 1854 ല്‍ അടിമത്തം നിയമം മൂലം നിരോധിച്ചുവെങ്കിലും കര്‍ഷകര്‍ക്കോ, കര്‍ഷകതൊഴിലാളികള്‍ക്കോ യാതൊരു സാമൂഹ്യ സുരക്ഷയുമുണ്ടായിരുന്നില്ല. ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിന്‍ കീഴിലായിരുന്ന മലബാറില്‍ വളരെ സങ്കീര്‍ണമായ ഭൂ ഉടമാസമ്പ്രദായമായിരുന്നു നിലവിലിരുന്നത്.

മലബാറില്‍ ഭൂമിയുടെ പരമാധികാരം ജന്‍മിമാര്‍ക്കായിരുന്നു. തിരുവിതാംകൂറിലോ, കൊച്ചിയിലോ ഇല്ലാതിരുന്ന മധ്യവര്‍ത്തികള്‍ (മിഡില്‍മാന്‍) എന്നൊരു സമ്പ്രദായം മലബാറില്‍ നിലനിന്നിരുന്നു അതായത് ജന്‍മിമാര്‍ക്കും യഥാര്‍ഥ കര്‍ഷകര്‍ക്കുമിടയില്‍ കൃഷി ചെയ്യാതെ തന്നെ ഭൂമി കൈവശം വച്ച് കര്‍ഷകരെക്കൊണ്ട് കൃഷിനടത്തുന്ന ഒരു വിഭാഗം. അവര്‍ യഥാര്‍ഥ കര്‍ഷകര്‍ക്ക് കാണം, കുഴിക്കാണം, വെറുംപാട്ടം തുടങ്ങിയ പേരുകളില്‍ ഒരു വര്‍ഷത്തേക്ക് ഭൂമി കൃഷിക്കായി പാട്ടത്തിനു നല്‍കും. പലപ്പോഴും വിളവെടുപ്പ് വൈകിയാല്‍ പോലും വര്‍ഷ കാലാവധി അവസാനിച്ചാല്‍ ബലമായി ഇറക്കിവിട്ട് ആ വിളവ് കൈക്കലാക്കുന്ന ക്രൂരമായ നടപടികള്‍ സര്‍വ്വ സാധാരണമായിരുന്നു. 1928 ല്‍ കൊണ്ടുവന്ന മലബാര്‍ കുടികിടപ്പു നിയമം 1929, 1930 വര്‍ഷങ്ങളില്‍ പരിഷ്‌കരിച്ചുവെങ്കിലും കര്‍ഷകര്‍ക്ക് ഒരു ഗുണവുമുണ്ടായില്ല. ന്യായമായ പാട്ടത്തുക നിശ്ചയിച്ചു കിട്ടുന്നതിനും, കുടികിടപ്പുകാര്‍ക്ക് ഭൂമിയില്‍ സ്ഥിരമായ അവകാശം സ്ഥാപിച്ചു കിട്ടുന്നതിനും, അന്യായമായ കുടിയൊഴിപ്പിക്കലിനെതിരെ സംരക്ഷണം ലഭിക്കുന്നതിനും, ഇടനിലക്കാരെ ഒഴിവാക്കുന്നതിനുമായി മലബാറിലെ കര്‍ഷകര്‍ നിരന്തരമായ പ്രക്ഷോഭത്തിലായിരുന്നു. രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്നതുവരെ മലബാറിലെ കുടിയായ്മയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പഠിക്കാനായി നിയോഗിച്ച കുട്ടികൃഷ്ണമേനോന്റെ റിപ്പോര്‍ട്ട് മദ്രാസ് സര്‍ക്കാര്‍ പരിഗണിച്ചില്ല. 1946 ല്‍ യുദ്ധാനന്തരം എന്‍ രാഘവേന്ദ്രറാവുവിനെ മദ്രാസ് പ്രവിശ്യയിലും കര്‍ഷകരുടെയും, കുടിയാന്മാരുടെയും പ്രശ്‌നങ്ങള്‍ പഠിക്കുവാനായി സ്‌പെഷല്‍ ഓഫീസറായി നിയോഗിച്ചു. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ കുടിയാന്മാര്‍ക്ക് ന്യായമായ പാട്ടത്തുകയും, കുടിയൊഴിപ്പിക്കലില്‍ നിന്ന് പരിരക്ഷയും നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 1946 ലെ മദ്രാസ് കര്‍ഷകരുടെയും കുടിയാന്‍മാരുടെയും ആക്ട് നിലവില്‍ വരുന്നത്. 1946 ല്‍ തന്നെയാണ് വിഷ്ണുഭാരതീയന്റെ നേതൃത്വത്തില്‍ മലബാര്‍ കിസാന്‍ കോണ്‍ഗ്രസ് രൂപീകൃതമാവുന്നത്. കിസാന്‍ കോണ്‍ഗ്രസിന്റെ തുടര്‍ച്ചയാണ് കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള കിസാന്‍ സംഘമായി മാറിയത്. 1947 ഏപ്രില്‍ മാസത്തില്‍ കിസാന്‍ കോണ്‍ഗ്രസ് രൂപീകരിച്ച സബ് കമ്മിറ്റിയുടെ നിവേദനം മദ്രാസ് സര്‍ക്കാരിന് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 1948 ഡിസംബര്‍ 6,7 തീയ്യതികളില്‍ കോഴിക്കോട് വച്ച് മദ്രാസ് പ്രവിശ്യ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത് മലബാറിലെ പ്രവിശ്യ കൗണ്‍സില്‍ അംഗങ്ങളുടെയും, കുടിയാന്മാരുടെയും ജന്മിമാരുടെയും യോഗത്തില്‍ ജന്മിമാരുടെ രൂക്ഷമായ എതിര്‍പ്പിനെ തുടര്‍ന്ന് ഒരു തീരുമാനവുമുണ്ടായില്ല. ഈ യോഗത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പ്രതിനിധികള്‍ തമ്മില്‍ വലിയ ചേരിതിരിവ് രൂപപ്പെട്ടു. ഉല്‍പതിഷ്ണുക്കളായ പുരോഗമന വാദികള്‍ കമ്മ്യൂണിസ്റ്റ് പക്ഷത്തേക്കും, യാഥാസ്ഥിതിക പക്ഷം കോണ്‍ഗ്രസിനോടൊപ്പവും നിലയുറപ്പിച്ചു. മലബാറിലെ കര്‍ഷക സമരം കൂടുതല്‍ ശക്തിപ്രാപിച്ചു. 1951 ല്‍ ചിറക്കല്‍ താലൂക്കിലെ കര്‍ഷകര്‍ വിശദമായ ഒരു മെമ്മോറാണ്ടം മദ്രാസ് സര്‍ക്കാരിന് സമര്‍പ്പിച്ചു. 1952 ലെ മദ്രാസ് അസംബ്ലി തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിച്ചു. കോണ്‍ഗ്രസിന്റെ പ്രധാന എതിര്‍കക്ഷികള്‍ സിപിഐ, കിസാന്‍ മസ്ദൂര്‍ പാര്‍ട്ടി, കര്‍ഷക ലോക്പാര്‍ട്ടി, ജസ്റ്റിസ് പാര്‍ട്ടി എന്നിവയായിരുന്നു. 1952 ലെ തെരഞ്ഞെടുപ്പില്‍ ഡിഎംകെ മത്സരിച്ചില്ല. മദ്രാസ് അസംബ്ലിയിലെ 375 സീറ്റുകളില്‍ 152 സീറ്റ് കോണ്‍ഗ്രസ് നേടി. സിപിഐ 62 സീറ്റുകള്‍ നേടി ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി മാറി.

ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന സാഹചര്യത്തില്‍ രാജാജിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മന്ത്രിസഭ രൂപീകരിച്ചു. മറ്റു ചെറിയ കക്ഷികളുടെ സഹായത്തോടെ ഭൂരിപക്ഷം നിലനിര്‍ത്തി. 1953 ല്‍ ആന്ധ്ര സംസ്ഥാനം രൂപീകൃതമായതോടെ മദ്രാസ് അസംബ്ലിയുടെ അംഗസംഖ്യ 375 ല്‍ നിന്ന് 230 ആയി കുറയുകയും കെ കാമരാജ് മുഖ്യമന്ത്രിയാവുകയും ചെയ്തു. 1953 ഡിസംബറില്‍ മലബാര്‍ കുടിയാന്‍ സംഘം, കിസാന്‍ സംഘത്തിന്റെ നേതൃത്വത്തില്‍ 400 ലധികം പ്രതിനിധികളുടെ ഒരു യോഗം കോഴിക്കോട് ചേരുകയും 1953 ജനുവരി 15 ന് സത്യഗ്രഹം നടത്തുവാനും, ഒരു ലക്ഷം കര്‍ഷകരുടെ ഒപ്പു ശേഖരിച്ച് മദ്രാസ് അസംബ്ലിയിലേക്ക് കിസാന്‍ ജാഥ നടത്തുവാനും തീരുമാനിച്ചു. ഈ സമരങ്ങള്‍ക്ക് മദ്രാസ് സര്‍ക്കാരില്‍ വലിയ സ്വാധീനം ചെലുത്തുവാനായില്ല. ഭരണത്തിലെത്തിയപ്പോള്‍ കോണ്‍ഗ്രസ് ജന്മിമാരുടെ താല്‍പര്യത്തിനു വഴങ്ങുന്നതാണ് കണ്ടത്.
ഈ പശ്ചാത്തലത്തിലാണ് കേരള സംസ്ഥാന രൂപീകരണത്തിനുശേഷം 1957 ല്‍ ഏപ്രില്‍ മാസത്തില്‍ അധികാരത്തില്‍ വന്ന ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ചയ്ക്കുള്ള തന്നെ പുറപ്പെടുവിച്ച ആദ്യ ഓര്‍ഡിനന്‍സിലൂടെ കുടിയിറക്കുന്ന നടപടി നിര്‍ത്തിവച്ച് തീരുമാനമെടുത്തതിന്റെ പിറകിലെ രാഷ്ട്രീയ ഇച്ഛാശക്തിയും, സാമൂഹ്യപ്രതിബദ്ധതയും വിലയിരുത്തപ്പെടേണ്ടത്. അരനൂറ്റാണ്ടിലധികമായി കേരളത്തില്‍ നടന്നുവന്ന കര്‍ഷകരുടെയും കുടികിടപ്പുകാരുടെയും, കര്‍ഷകതൊഴിലാളികളുടെയും ത്യാഗനിര്‍ഭരമായ ചെറുത്തുനില്‍പ്പുകളുടെയും, നേരിട്ടകൊടിയ അക്രമങ്ങളുടെയും പശ്ചാത്തലം കൂടി പരിശോധിക്കുമ്പോഴാണ് ഈ വിപ്ലവകരമായ നിയമനിര്‍മ്മാണത്തിനും തുടര്‍ന്ന് സമഗ്രമായ കാര്‍ഷിക ബന്ധ നിയമം രൂപീകരിക്കുന്നതിനും ശ്രദ്ധകേന്ദ്രീകരിച്ച ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ രാഷ്ട്രീയ സത്യസന്ധതയും ഇച്ഛാശക്തിയും വ്യക്തമാവുന്നത്. പൊതു വിദ്യാഭ്യാസരംഗത്ത് സമഗ്രമായ മാറ്റങ്ങള്‍ക്ക് കാരണമായ വിദ്യാഭ്യാസ ബില്ലും പാസാക്കിയശേഷമാണ് ആ മന്ത്രിസഭ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ വഴി പിരിച്ചുവിടപ്പെട്ടത്.
പിന്നീടു വന്ന വിവിധ കമ്മ്യൂണിസ്റ്റ് മന്ത്രിസഭകള്‍ സാമൂഹ്യക്ഷേമ, സാമൂഹ്യസുരക്ഷാ പദ്ധതികള്‍, പൊതുവിദ്യാഭ്യാസം, പൊതു ആരോഗ്യം തുടങ്ങിയമേഖലകളുടെ സമഗ്രമായ വളര്‍ച്ചക്കായി ചെയ്ത നടപടികള്‍ എന്നിവയുടെയൊക്കെ ഫലമായാണ് കേരളം ഇന്ന് കാണുന്ന, അനുഭവിക്കുന്ന സാമൂഹ്യ പുരോഗതി. 1971 ലെ സി അച്യുതമേനോന്‍ നയിച്ച മന്ത്രിസഭയാണ് 1957 ല്‍ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പാസ്സാക്കിയ ഭൂപരിഷ്‌കരണ നിയമങ്ങള്‍ സമയബന്ധിതമായി നടപ്പില്‍ വരുത്തിയത്.

കേരള സംസ്ഥാനത്തെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ 1957 ല്‍ അവസാനിപ്പിച്ച കുടിയിറക്കലും, സമഗ്രമായ കാര്‍ഷിക ബന്ധനിയമവും, വിദ്യാഭ്യാസ നിയമവുമാണ് കേരളത്തില്‍ മനുഷ്യന് മനുഷ്യനായി ജീവിക്കുവാനുള്ള അവകാശം നേടിത്തന്നത്. സമൂഹ ശരീരത്തിലേക്ക് ആ നിയമങ്ങള്‍ പ്രസരിപ്പിച്ച ഊര്‍ജ്ജമാണ് നമ്മളിന്നു കാണുന്ന കേരളം. യാഥാസ്ഥിതികരും, മതസാമുദായിക ശക്തികളും വീണ്ടും അസഹിഷ്ണുതയുടെ സ്വരമുയര്‍ത്തുന്നതിനെതിരെ ചരിത്രത്തിന്റെ പാഠങ്ങള്‍ ജനങ്ങളിലേക്കെത്തിക്കേണ്ടിയിരിക്കുന്നു.