രാജ്യത്തെ പൊതുവിതരണ രംഗം; കേരളം ഒന്നാമത്

Web Desk
Posted on June 20, 2019, 10:44 pm

തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയില്‍ രാജ്യത്തെ ഏറ്റവും മികച്ച പൊതുവിതരണ സംവിധാനം കേരളത്തിലേതാണെന്ന് കണ്ടെത്തിയതായി മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പൊതുവിതരണ ശൃംഖല കുറ്റമറ്റതാക്കാന്‍ ജില്ലാ, താലൂക്ക്, നിയോജക മണ്ഡലം, പഞ്ചായത്ത്, റേഷന്‍ ഷോപ്പ് തലങ്ങളിലായി വിജിലന്‍സ് കമ്മിറ്റികള്‍ രൂപീകരിക്കും. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് വിജിലന്‍സ് കമ്മിറ്റികളെ നിയോഗിക്കുക. അംഗങ്ങളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ഭക്ഷ്യ കമ്മിഷന്റെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്നും ക്രമക്കേടുകള്‍ നടക്കുന്നുണ്ടോയെന്ന് കൃത്യമായി പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

വിലക്കയറ്റം എന്ന വിഷയം ഇന്ന് കേരളത്തില്‍ വലിയ ചര്‍ച്ചയല്ല. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍പ്പോലും വിലക്കയറ്റം വിഷയമാക്കിയില്ല. അരിയുടെ വില കൂടുമ്പോഴാണ് പരാതികളുണ്ടാവുന്നതും മറ്റെല്ലാറ്റിനും വില കൂടുന്നതും. അത്തരമൊരു സാഹചര്യം ഇന്ന് കേരളത്തിലില്ല. അതിന് കാരണം സിവില്‍ സപ്ലൈസ് വകുപ്പും സര്‍ക്കാരും വിപണിയില്‍ നടത്തുന്ന കാര്യക്ഷമമായ ഇടപെടലാണ്. 13 ഇനങ്ങള്‍ക്ക് അഞ്ച് വര്‍ഷക്കാലം വില കൂട്ടില്ലെന്ന് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞ ഒന്നാണ്. മൂന്നു വര്‍ഷമായി ആ വാക്ക് പാലിച്ചുവരുന്നു. റേഷന്‍ കടകളെല്ലാം നവീകരിച്ചുവരികയാണ്. അടുത്ത ലക്ഷ്യം റേഷന്‍ കടകളുടെ വൈവിധ്യവല്‍ക്കരണമാണ്. കണ്ണൂരില്‍ ഇതിന് തുടക്കമിട്ടെങ്കിലും വ്യാപാരികളുടെ നിസഹകരണം ഉണ്ടായി. അവരുമായി ചര്‍ച്ച നടത്തി പദ്ധതിയുമായി മുന്നോട്ടുപോകുകയാണിപ്പോള്‍. ആദ്യഘട്ടത്തില്‍ റേഷന്‍ കടകളില്‍ ശബരി ഉല്‍പ്പന്നങ്ങളും കുപ്പിവെള്ളവും വില്‍പ്പന തുടങ്ങിയിട്ടുണ്ട്. റേഷന്‍ വ്യാപാരികള്‍ക്ക് പുതിയ വേതന പാക്കേജ് പ്രഖ്യാപിച്ച് നടപ്പാക്കിയത് വലിയ മാറ്റങ്ങളുണ്ടാക്കി. 18,000 രൂപയാണ് ഇന്ന് റേഷന്‍ വ്യാപാരിയുടെ അടിസ്ഥാന വേതനം. 45 ക്വിന്റല്‍ ധാന്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വ്യാപാരിക്കാണിത്.

പ്രയാസങ്ങളെയും പ്രതിസന്ധികളെയും മറികടന്ന് വാതില്‍പ്പടി വിതരണം സുഗമമായി നടക്കുന്നുണ്ട്. ഒന്നര മാസത്തേക്കുള്ള റേഷന്‍ ധാന്യങ്ങള്‍ കടകളിലേക്ക് മുന്‍കൂര്‍ അനുവദിക്കുന്നതിനാല്‍ പദ്ധതിക്ക് തടസങ്ങളുണ്ടാവുന്നില്ല. റേഷന്‍ വിതരണത്തെക്കുറിച്ചും പരാതികളൊന്നുമില്ല. ഏതെല്ലാം സാധനങ്ങളാണ് അതത് മാസം ലഭ്യമാകാന്‍ പോകുന്നതെന്ന് എസ്എംഎസ് വഴി കാര്‍ഡുടമകള്‍ മുന്‍കൂട്ടി അറിയുന്നുണ്ട്. റേഷന്‍ കടകളില്‍ നടക്കുന്ന കാര്യങ്ങളെല്ലാം പൊതുജനങ്ങള്‍ക്ക് അറിയാനുള്ള വെബ്‌സൈറ്റ് സംവിധാനവും ഇന്നുണ്ട്. 1.31 കോടി ആളുകളാണ് വെബ്‌സൈറ്റിലൂടെ റേഷന്‍ കടകളെ നിരീക്ഷിക്കുന്നതെന്ന് കഴിഞ്ഞ ദിവസം പരിശോധിച്ചപ്പോള്‍ മനസിലാക്കാനായെന്ന് മന്ത്രി പറഞ്ഞു.

ഏത് റേഷന്‍ കടയില്‍ നിന്നായാലും കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ ലഭിക്കുന്ന പോര്‍ട്ടബിലിറ്റി സംവിധാനം 6.17 ലക്ഷം ആളുകളാണ് ഉപയോഗപ്പെടുത്തുന്നത്. സംസ്ഥാനത്ത് ആകെ 85,76,375 ലക്ഷം കാര്‍ഡുകളുണ്ട്. അതില്‍ 3,16,960 എണ്ണം പുതിയ കാര്‍ഡുകളാണ്. എല്ലാ ജില്ലകളിലും സബര്‍ മാളുകള്‍ സ്ഥാപിക്കും. ആദ്യത്തേത് പിറവം മണ്ഡലത്തില്‍ വൈകാതെ ഉദ്ഘാടനം ചെയ്യും. ആവശ്യമായ കേന്ദ്രങ്ങളില്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളും അനുവദിക്കും. അര്‍ഹരായവരുടെ കൈകളിലേക്ക് ആവശ്യമായ റേഷന്‍ സാധനങ്ങള്‍ എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.