അഞ്ഞൂറ് വർഷത്തിൽ ഒരിക്കലുള്ള പ്രളയം: കേന്ദ്ര ജല കമ്മീഷൻ

Web Desk
Posted on August 29, 2018, 2:35 pm

ജോസ് ഡേവിഡ് 

തിരുവനന്തപുരം: കേരളത്തിലെ പ്രളയം അഞ്ഞൂറു വർഷത്തിൽ ഒരിക്കൽ ഉണ്ടാകുന്നതെന്നു അനുമാനിക്കുന്നതായി കേന്ദ്ര ജലകമ്മീഷന്‍. ഇത് അന്തിമമായ കണ്ടെത്തലല്ല, പ്രളയ മുന്നറിയിപ്പു വിഭാഗം ഡയറക്ടർ ശരത്ചന്ദ്ര ജനയുഗം ഓണ്‍ലൈനിനോട് പറഞ്ഞു.  ഈ ദിവസങ്ങളിൽ പെയ്ത അതിവർഷമാണ് പ്രളയം ഉണ്ടാക്കിയത്. ഈ മഴ കേരളത്തിൽ എല്ലാ സ്ഥലത്തും ഉണ്ടായി എന്നും അദ്ദേഹം ഫോൺ ഇന്‍റര്‍വ്യൂയിൽ പറഞ്ഞു.

വെള്ളപ്പൊക്കം സംബന്ധിച്ചു കേന്ദ്ര ജലകമ്മീഷന്‍ റിപ്പോർട്ട് തയ്യാറാക്കിയാൽ ഉടൻ അത് പരസ്യപ്പെടുത്തും. കേരളത്തിലെ അണക്കെട്ടുകൾ ഈ സമയത്ത് പുറത്തേക്കു വിട്ട വെള്ളത്തിന്‍റെ കണക്കുകൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിച്ചാലുടൻ  അന്തിമ റിപ്പോർട്ട് പൂർത്തിയാകുമെന്നു അദ്ദേഹം അറിയിച്ചു.

കേരളത്തിലെ പ്രളയം നൂറു വർഷത്തിലൊരിക്കൽ സംഭവിക്കുന്നതെന്നാണ് കേരളത്തിലെ ജല വിദഗ്ദ്ധർ ആദ്യം അഭിപ്രായപ്പെട്ടിരുന്നത്.  മഴ അതിതീവ്ര വിഭാഗത്തിൽ (extreme rain­fall) പെടുമെന്നും. ഓഗസ്റ്റ് 14 മുതൽ 17 വരെയുള്ള 4 ദിവസം ഇടുക്കിയിൽ 811 മില്ലിമീറ്റർ (മി.മി) മഴ രേഖപ്പെടുത്തി. പമ്പയിൽ 344 മി.മി, കക്കിയിൽ 915 മി.മി, കുറ്റ്യാടിയിൽ 954 മി.മി, ഇടമലയാറിൽ 644 മി.മി എന്നിങ്ങനെയായിരുന്നു മഴയുടെ കണക്ക്. വെള്ളപ്പൊക്കം ഉണ്ടായ നിലമ്പൂരിൽ ഒറ്റ ദിവസം 410 മി.മി മഴയുണ്ടായി. കേരളത്തിൽ ഏതാണ്ട് മിക്കയിടങ്ങളിലും സമാനമായ വിധം മഴ പെയ്തു.

എന്നാൽ കേരളത്തിലെ വെള്ളപ്പൊക്കം മഴ  മൂലമല്ലെന്നും അണക്കെട്ടുകൾ ഒരുമിച്ചു തുറന്നത് കൊണ്ടാണെന്നും പ്രതിപക്ഷ കക്ഷികൾ കുറ്റപ്പെടുത്തിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്ത സമ്മേളനത്തിൽ ഈ ആരോപണം ഉന്നയിച്ചു.

സംസ്ഥാനത്തെ  പ്രളയ നാശം വിലയിരുത്താന്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം ഇന്ന് എത്തുന്നുണ്ട്. അഡീഷണല്‍ സെക്രട്ടറി ദേബാശിഷ് പാണ്ഡെ, സാമ്പത്തിക ഉപദേഷ്ടാവ് ശ്രീനിവാസ റാവു എന്നിവരെക്കൂടാതെ പൊതുമേഖലാ ബാങ്കുകളുടെ സിഎംഡിമാരും നബാര്‍ഡ് പ്രതിനിധികളും പൊതുമേഖലാ ഇന്‍ഷൂറന്‍സ് കമ്പനികളുടെ പ്രതിനിധികളും സംഘത്തിലുണ്ട്.

നവകേരള സൃഷ്ടിക്കായി ലോകബാങ്കിന്‍റെയും ഏഷ്യൻ ഡെവലപ്മെന്‍റ് ബാങ്കിന്‍റെയും പ്രതിനിധികളുമായി തിരുവനന്തപുരത്തു ഇന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും ചർച്ച നടത്തുന്നുണ്ട്.