ഹെലികോപ്റ്റര്‍ അപകടത്തില്‍ രാജ്യത്തിന് നഷ്ടമായത് മഹാപ്രളയത്തിലെ രക്ഷകനെ

Web Desk
Posted on February 28, 2019, 12:59 pm

ന്യൂഡല്‍ഹി: കേരളത്തിലെ മഹാപ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വൈമാനികന്‍ സിദ്ധാര്‍ത്ഥ് വസിഷ്ട് (31) കശ്മീരില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് കൊല്ലപ്പെട്ടു. ബുധനാഴ്ച ജമ്മു കശ്മീരിലെ ബുദ്ഗാമിലെ ഗരേന്ദ് കലാന്‍ ഗ്രാമത്തില്‍ എംഐ- 17 ഹെലികോപ്റ്റര്‍ തകര്‍ന്നാണ് സിദ്ധാര്‍ത്ഥ് കൊല്ലപ്പെട്ടത്. പ്രതിരോധ സേവനത്തിന്റെ നാലാം തലമുറാംഗവും സ്‌ക്വാഡ്രണ്‍ ലീഡറുമാണ് സിദ്ധാര്‍ത്ഥ്.

സംസ്ഥാനത്ത് ഓഗസ്റ്റില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സിദ്ധാര്‍ത്ഥ് എത്തിയിരുന്നു. സിദ്ധാര്‍ത്ഥിന്റെ രക്ഷാപ്രവര്‍ത്തനം വളരെയേറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

17 വര്‍ഷം മുമ്പ് ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഫൈറ്റര്‍ വൈമാനികനും ബന്ധുവും ആയിരുന്ന വിനീത് ഭരദ്വാജില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സിദ്ധാര്‍ത്ഥ് ഐഎഎഫില്‍ ചേര്‍ന്നതെന്ന് സിദ്ധാര്‍ത്ഥിന്റെ വിയോഗത്തില്‍ പിതാവ് ജഗ്ദീഷ് കസാല്‍ പറഞ്ഞു.

സിദ്ധാര്‍ത്ഥിന്റെ പത്‌നി ആരതിയും ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്) യിലെ സ്‌ക്വാഡ്രണ്‍ ലീഡറാണ്. ഛണ്ഡിഗഡിലെ ശിവാലിക് പബ്ലിക് സ്‌കൂള്‍ ആന്‍ഡ് ഡിഎവി കോളജിലാണ് സിദ്ധാര്‍ത്ഥിന്റെ വിദ്യഭ്യാസം. 2010 ലാണ് സിദ്ധാര്‍ത്ഥ് ഐഎഎഫില്‍ ചേര്‍ന്നത്.