Janayugom Online
Kerala Flood- Janayguom

മഹാപ്രളയം: കലാകാരന്‍മാരുടെയും ജീവിതവും പ്രതിസന്ധിയിലാക്കി

Web Desk
Posted on September 11, 2018, 9:09 pm

കെ കെ ജയേഷ്

കോഴിക്കോട്: കേരളത്തെ ദുരിതക്കയത്തിലാക്കിയ പ്രളയം കലാപരിപാടികള്‍ നടത്തി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ആയിരക്കണക്കിന് കലാകാരന്‍മാരുടെയും ജീവിതവും പ്രതിസന്ധിയിലാക്കി. പ്രളയത്തില്‍ നാടിന് വലിയ നഷ്ടമുണ്ടായതോടെ സര്‍ക്കാര്‍ തലത്തിലുള്ള പരിപാടികളെല്ലാം ഒഴിവാക്കിയിരിക്കുകയാണ്. പ്രളയം ബാധിച്ചതും അല്ലാത്തതുമായ സ്ഥലങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടികളും ഇതേ തുടര്‍ന്ന് ഒഴിവാക്കി. ഇതോടെയാണ് നാടകം, ഗാനമേള, മിമിക്രി, നൃത്ത പരിപാടികള്‍ ഉള്‍പ്പെടെ നടത്തിയ ജീവിതം പുലര്‍ത്തിയ കലാകാരന്‍മാരും പട്ടിണിയിലായത്. പ്രൊഫഷണല്‍ സമിതികള്‍ ഉള്‍പ്പെടെ ഇത്തവണ പരിപാടികളുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയതോടെ ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് കലാകാരന്‍മാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

നേരത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉള്‍പ്പെടെ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത് ഇവര്‍ക്ക് വലിയ ആശങ്കയായിരുന്നു സമ്മാനിച്ചത്. കുട്ടികളെ നാടകവും മറ്റും പരിശീലിപ്പിക്കുന്നതുവഴി ചെറിയ തോതില്‍ വരുമാനം ലഭിക്കാന്‍ ഇവര്‍ക്ക് കലോത്സവം അവസരം ഒരുക്കിയിരുന്നു. എന്നാല്‍ കലോത്സവം ഒഴിവാക്കാനെടുത്ത തീരുമാനം ഇവര്‍ ഞെട്ടലോടെയായിരുന്നു കേട്ടത്. എന്നാലിപ്പോള്‍ ആഘോഷങ്ങളില്ലാതെ കലോത്സവം ഉള്‍പ്പെടെ നടത്താനെടുത്ത സര്‍ക്കാര്‍ തീരുമാനത്തെ ഇവര്‍ സ്വാഗതം ചെയ്യുന്നുണ്ട്.

ബുക്ക് ചെയ്ത തന്റെ പത്തോളം പരിപാടികളാണ് ക്യാന്‍സല്‍ ചെയ്തതെന്ന് കോഴിക്കോട്ടെ നാടക പ്രവര്‍ത്തകനായ കെ പി സജീവന്‍ പറഞ്ഞു. ആഗസ്റ്റ് 15 മുതല്‍ പത്തനംതിട്ട ഉള്‍പ്പെടെയുള്ള ജില്ലകളില്‍ അവതരിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന ഒറ്റയാള്‍ നാടകങ്ങളും കളിമുറ്റം നാടക ക്യാമ്പുകളും നിര്‍ത്തിവെച്ചു. പ്രളയം കാരണം ആഘോഷ പരിപാടികള്‍ വേണ്ടെന്ന സംഘാടകരുടെ തീരുമാനമാണ് കാരണം. സഖാവ് പുഷ്പന്‍, ഒറ്റമുറിയിലെ മനുഷ്യന്‍ തുടങ്ങിയ നാടകങ്ങളാണ് സജീവന്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. സ്‌കൂളുകളില്‍ നടത്തിവരുന്ന പ്രൊഫഷണല്‍ നാടക ക്യാമ്പായ കളിമുറ്റവും ഇനി ഒരു വര്‍ഷത്തേക്ക് വേണ്ടെന്നാണ് അധ്യാപകര്‍ പറയുന്നതെന്നും സജീവന്‍ വ്യക്തമാക്കി.

കേരളത്തിലെ നല്ലൊരു ശതമാനം കലാകാരന്‍മാരുടെ ജീവിതം അവതാളത്തിലാകുമ്പോള്‍ അത് മറ്റൊരു ദുരന്തമായി മാറുമെന്ന് നാടക പ്രവര്‍ത്തകനായ തങ്കയം ശശികുമാര്‍ പറഞ്ഞു. രാവിനെ പകലാക്കി മാറ്റിയാണ് കലാകാരന്‍മാരുടെ കുടുംബം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നത്. പ്രൊഫഷണല്‍ നാടക, മിമിക്‌സ്, ഗാനമേള സമിതിയിലെ കലാകാരന്‍മാരുടെ ജീവിതത്തെ ഇതിനോടകം തന്നെ ബാധിച്ചിട്ടുണ്ട്. കേരളത്തിലെ നല്ലൊരു ശതമാനം കലാകാരന്‍മാരും തെരുവിലിറങ്ങി നല്ലൊരു സംഖ്യ ദുരിതാശ്വാസ നിധിയിലേക്ക് ഏല്‍പ്പിച്ചിട്ടുണ്ട്. പലരും പ്രളയ ബാധിതരെ സഹായിക്കാനായി വിവിധ സ്ഥലങ്ങളില്‍ സൗജന്യമായി പരിപാടികള്‍ നടത്തിവരുന്നുണ്ട്. ഇത്തരത്തിലുള്ള കലയല്ലാതെ മറ്റൊരു തൊഴിലും അറിയാത്ത കലാകാരന്‍മാരുടെ ജീവിതത്തെ തകര്‍ക്കാതെ കാര്യങ്ങള്‍ക്ക് പുനര്‍ചിന്തയുണ്ടാവണമെന്നും ഇദ്ദേഹം പറഞ്ഞു.

കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ തങ്ങളെങ്ങനെ ജീവിക്കുമെന്നാണ് ഇവരുടെയെല്ലാം ചോദ്യം. മാസം നാലോ അഞ്ചോ പരിപാടിയെങ്കിലും കിട്ടിയാല്‍ മാത്രമെ മുന്നോട്ട് പോകാന്‍ സാധിക്കും. ചെറിയ തോതിലെങ്കിലും പരിപാടികള്‍ നടത്താന്‍ സംഘാടകര്‍ തീരുമാനമെടുക്കണമെന്ന അഭ്യര്‍ത്ഥനയാണ് ഇവര്‍ക്കെല്ലാം മുന്നോട്ട് വെയ്ക്കാനുള്ളത്.