Janayugom Online
flood-janayugom

പ്രകൃതി ദുരന്തങ്ങളില്‍ മരിച്ചവരുടെ എണ്ണത്തിലും കേരളത്തിന് റെക്കോഡ്

Web Desk
Posted on January 17, 2019, 9:46 pm

പ്രദീപ് ചന്ദ്രന്‍

കൊല്ലം: ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും കഴിഞ്ഞവര്‍ഷം പ്രകൃതിദുരന്തങ്ങളില്‍ മരിച്ചവരുടെ എണ്ണത്തില്‍ രാജ്യത്ത് രണ്ടാംസ്ഥാനം കേരളത്തിന്. കനത്തമഴയിലും പ്രളയത്തിലും ചുഴലിക്കാറ്റിലും രാജ്യത്ത് 1428 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. ഏറ്റവും കൂടുതല്‍ മരണം ഉത്തര്‍പ്രദേശിലാണ് (590) ഉണ്ടായതെങ്കിലും അത് വ്യത്യസ്ത പ്രകൃതി ദുരന്തങ്ങളിലായിരുന്നു.

കേരളത്തില്‍ ഓഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തിലും കനത്തമഴയിലും 223 പേര്‍ മരിച്ചു. ഗവണ്‍മെന്റ് ഏജന്‍സികള്‍ ഔദ്യോഗികമായി നല്‍കുന്ന മരണനിരക്ക് മാത്രമാണിത്.
കഴിഞ്ഞ വര്‍ഷം ആറ് ചുഴലിക്കാറ്റുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ടു. ഇതിന് പുറമെ അധിവര്‍ഷം, ഉഷ്ണതരംഗം, ശൈത്യതരംഗം, ഹിമപാതം, കൊടുങ്കാറ്റ്, പൊടിക്കാറ്റ്, വെള്ളപ്പൊക്കം എന്നിവയും രാജ്യത്തെ ഗ്രസിച്ചു. ഏറ്റവും കൂടുതല്‍ കെടുതികള്‍ അനുഭവിക്കേണ്ടിവന്നത് ഉത്തര്‍പ്രദേശിനാണ്. ഓഗസ്റ്റ് എട്ട് മുതല്‍ 23 വരെ നീണ്ട കേരളത്തിലെ പ്രളയം തികച്ചും ആകസ്മികമായിരുന്നു. തുടരെയുണ്ടായ ന്യൂനമര്‍ദ്ദങ്ങളും അപ്രതീക്ഷിതമായിരുന്നു.

കഴിഞ്ഞ വര്‍ഷം രൂപംകൊണ്ട ആറ് ചുഴലിക്കാറ്റുകളില്‍ മൂന്നെണ്ണത്തിന്റെ പ്രഭവകേന്ദ്രം അറബിക്കടലിലായിരുന്നെങ്കില്‍ ശേഷിച്ചവ പിറവിയെടുത്തത് ബംഗാള്‍ ഉള്‍ക്കടലിലാണ്. എന്നാല്‍ ഇവയില്‍ ഒന്നുപോലും ഇന്ത്യയിലല്ല കരയില്‍ പതിച്ചത്. ഇവയുടെ ആഘാതം കൂടി നേരിടേണ്ടിവന്നിരുന്നെങ്കില്‍ വലിയ ദുരന്തമായിരിക്കും ഉണ്ടാവുക.

കാലാവസ്ഥാ സ്ഥിതിവിവരം രേഖപ്പെടുത്താനാരംഭിച്ച 1901 മുതലുള്ള റെക്കോഡ് പ്രകാരം 2018 ഏറ്റവും ചൂട് കൂടിയ ആറാമത്തെ വര്‍ഷമായിരുന്നു. ഏറ്റവും കൂടുതല്‍ ചൂട് രാജ്യത്ത് രേഖപ്പെടുത്തിയ 15 വര്‍ഷങ്ങളില്‍ 11ഉം 2004 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങളാണെന്നതും ആശങ്ക ഇരട്ടിയാക്കുന്നു. കാലാവസ്ഥാ വ്യതിയാനമാണ് ഇതിന് കാരണമായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ആഗോളതാപനത്തിന്റെ ഫലമായി ലോകമെങ്ങും ചൂട് കൂടുമ്പോള്‍ അതിനൊപ്പം തന്നെയാണ് ഇന്ത്യയുടെ നിലയും. അന്തരീക്ഷ ഊഷ്മാവ് വര്‍ദ്ധിക്കുന്നതോടെ പ്രകൃതിദുരന്തങ്ങള്‍ ഒന്നൊന്നായി എത്തുന്നു. പകല്‍-രാത്രി താപനില ഒരുപോലെ വര്‍ദ്ധിക്കുന്നു. ഉഷ്ണതരംഗങ്ങള്‍ തുടര്‍ച്ചയായി പിറവികൊള്ളുന്നു. ഇതിന്റെ ഫലമായി മഴമേഘങ്ങള്‍ ഉടലെടുക്കുന്നു. കനത്ത മഴയാണ് ഫലം. വരള്‍ച്ചാ കാലയളവും അധികരിക്കുന്നതോടെ കാലാവസ്ഥയാകെ തകിടം മറിയുന്നു.

ചൂട് വര്‍ദ്ധിക്കുന്നുവെന്ന് മാത്രമല്ല, ശൈത്യകാലത്ത് പോലും താപനില അധികരിക്കുന്നതാണ് ആശങ്കയ്ക്ക് കാരണമാകുന്നത്. തണുപ്പ് അനുഭവപ്പെടുന്ന ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ പോലും അന്തരീക്ഷ താപനില അധികമായിരുന്നു. കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പുള്ള ഏപ്രില്‍-മെയ് മാസങ്ങളിലും ചൂട് സാധാരണയിലും കൂടുതലാണ് അനുഭവപ്പെട്ടത്.
കനത്ത മഴ നാശം വിതച്ചിട്ടും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന് മുമ്പുള്ള പ്രീ-മണ്‍സൂണ്‍ കാലഘട്ടത്തിലും (മാര്‍ച്ച്-മെയ്), വടക്കുകിഴക്കന്‍ കാലവര്‍ഷം എന്നുവിളിക്കുന്ന ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലഘട്ടത്തിലും മഴയുടെ അളവ് സാധാരണമോ, സാധാരണയില്‍ കുറവോ ആയിരുന്നുവെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന മറ്റൊരു ഘടകം.