23 April 2024, Tuesday

Related news

March 20, 2024
March 18, 2024
March 1, 2024
March 1, 2024
February 22, 2024
February 6, 2024
February 5, 2024
January 19, 2024
January 18, 2024
January 16, 2024

കേരളാ ഫുട്‌ബോള്‍ അസോസിയേഷനും മീരാന്‍സ് സ്‌പോര്‍ട്‌സ് എല്‍എല്‍പിയും സ്‌കോര്‍ലൈന്‍ സ്‌പോര്‍ട്‌സും ദീര്‍ഘകാല കരാര്‍ ഒപ്പുവച്ചു

Janayugom Webdesk
കൊച്ചി
October 9, 2021 5:49 pm

കേരള ഫുട്‌ബോളിന്റെ സമഗ്രമായ വളര്‍ച്ചയ്ക്കുള്ള സുപ്രധാന ദീര്‍ഘകാല കരാറില്‍ കേരള ഫുട്‌ബോള്‍ അസോസിയേഷനും മീരാന്‍സ് സ്‌പോര്‍ട്‌സ് എല്‍എല്‍പിയും സ്‌കോര്‍ലൈന്‍ സ്‌പോര്‍ട്‌സും ഒപ്പുവച്ചു. കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ഒരു കണ്‍സോര്‍ഷ്യം കൂടിയായിരിക്കും പ്രസ്തുത പങ്കാളിത്തം. കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ വാണിജ്യ അവകാശങ്ങള്‍ 12 കൊല്ലത്തേയ്ക്കാണ് കണ്‍സോര്‍ഷ്യം വിഭാവന ചെയ്യന്നത്. വ്യവസ്ഥകള്‍ക്ക് വിധേയമാണ് കരാര്‍. വീഴ്ച വരുത്തിയാല്‍ കരാര്‍ റദ്ദു ചെയ്യാമെന്ന വ്യവസ്ഥയും കരാറില്‍ ഉണ്ട്. മീരാന്‍സ് സ്‌പോര്‍ട്‌സ് എല്‍എല്‍പിയും സ്‌കോര്‍ലൈന്‍ സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡും കേരളത്തിലെ ഫുട്‌ബോള്‍ മേഖലയുടെ സര്‍വതോന്മുഖ വികസനത്തിനും വളര്‍ച്ചയ്ക്കും കേരള ഫുട്‌ബോള്‍ അസോസിയേഷനുമായി സഹകരിച്ച് വിപുലവും സമഗ്രവുമായ ഒട്ടേറെ പരിപാടികള്‍ ആവിഷ്‌കരിക്കും.

കേരള ഫുട്‌ബോളിന്റെയും സ്‌പോര്‍ട്‌സിന്റെയും സര്‍വ്വതോമുഖമായ വളര്‍ച്ചയ്ക്കും വികസനത്തിനും കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച എല്ലാ പരിപാടികളെയും കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സ്വാഗതം ചെയ്യുകയും അവയുടെ നടത്തിപ്പിന് സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു. കണ്‍സോര്‍ഷ്യത്തിന് അഖിലേന്ത്യാ ഫുട്‌ബോള്‍ അസോസിയേഷന്റെ നിയമാനുസൃത ക്ലിയറന്‍സും അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഒരു സംസ്ഥാനത്തിലെ ഫുട്‌ബോളിന്റെ സമഗ്രമായ വളര്‍ച്ചയ്ക്കു വേണ്ടി ഒരു ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെടുന്ന ഇന്ത്യയിലെ ഏക സംസ്ഥാന ഫുട്‌ബോള്‍ അസോസിയേഷന്‍ എന്ന ബഹുമതി ഇതോടെ കേരള ഫുട്‌ബോള്‍ അസോസിയേഷന് അവകാശപ്പെട്ടതായി.

കേരളത്തിലെ ഫുട്‌ബോള്‍ കളിക്കാര്‍ക്ക് കൂടുതല്‍ പുതിയ അവസരങ്ങള്‍ കരാര്‍ സൃഷ്ടിക്കും. ഒരു കലണ്ടര്‍ വര്‍ഷം മുഴുവന്‍ കളിക്കാര്‍ക്കും, പരിശീലകര്‍ക്കും ഫുട്‌ബോള്‍ തല്പരരായവര്‍ക്കും പുതിയ മത്സരങ്ങള്‍ക്കും പുതിയ കരാര്‍ അവസരം ഒരുക്കും. പ്രസ്തുത പങ്കാളിത്തം വഴി 300-ഓളം പേര്‍ക്ക് പ്രത്യക്ഷമായും 500-ഓളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. കേരളത്തിലെ കളിക്കാരുടെ സ്‌പോര്‍ട്ടിങ്ങ് സാധ്യതകള്‍ വര്‍ധിപ്പിക്കും. ഒരു പുതിയ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ലീഗിന് താമസിയാതെ കെഎഫ്എ രൂപം നല്കും. പ്രതിവര്‍ഷം 200 കളിക്കാര്‍ക്ക് തൊഴിലവസരം ലഭിക്കുന്നതോടൊപ്പം പരിശീലകര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാകും.
സംസ്ഥാനത്തെ ഫുട്‌ബോള്‍ മേഖലയ്ക്ക്, 350 കോടി രൂപയുടെ നിക്ഷേപമാണ് കണ്‍സോര്‍ഷ്യം പ്രതീക്ഷിക്കുന്നത്. സ്‌പോര്‍ട്‌സ് പ്രൊഫഷണലുകള്‍ക്ക് എണ്ണമറ്റ അവസരങ്ങളാണ് കണ്‍സോര്‍ഷ്യം വഴി ലഭിക്കുക. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് കെഎംഐ മേത്തര്‍, കെഎഫ്എ പ്രസിഡന്റ് ടോം ജോസ്, കെഎഫ്എ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍, മീരാന്‍സ് സ്‌പോര്‍ട്‌സ് എല്‍എല്‍പിയുടെയും മീരാന്‍ ഗ്രൂപ്പിന്റെയും ഡയറക്ടര്‍ ഫിറോസ് മീരാാന്‍, സ്‌കോര്‍ലൈന്‍ സ്‌പോര്‍ട്‌സ് സിഇഒ സുധീര്‍ മേനോന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ENGLISH SUMMARY:Kerala Foot­ball Asso­ci­a­tion, Mirans Sports LLP and Score­line Sports have signed a long-term agreement
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.