Web Desk

കോഴിക്കോട്

February 14, 2020, 10:33 pm

സംസ്ഥാനം കുടിവെള്ള ക്ഷാമത്തിലേക്ക്

Janayugom Online

സംസ്ഥാനത്ത് അന്തരീക്ഷ താപനില സർവ്വകാല റെക്കോർഡിലേക്ക്. ഇന്ന് നാലു ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും ഉയർന്ന താപനിലയാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഇന്ന് ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. താപനില സാധാരണയിൽ നിന്ന് നാലു ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്.

ചൂടു മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതിന് ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും വ്യക്തമാക്കി. ആലപ്പുഴ 37.3,കോട്ടയം 37, കണ്ണൂർ 37.3 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്. അറബിക്കടൽ ചൂടായതും ഉത്തരേന്ത്യയിൽ നിന്നുള്ള എതിർചക്ര വാതവുമാണ് ചൂട് വർധിക്കാൻ കാരണമാകുന്നതെന്നാണ് വിലയിരുത്തൽ. രണ്ട് ദിവസം കൂടി ചൂട് ഇതേ നിലയിൽ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. കേരളത്തിൽ വരാനിരിക്കുന്നത് കടുത്ത ജലക്ഷാമത്തിന്റെ ദിവസങ്ങളെന്ന് കേന്ദ്ര ജലവിഭവ കേന്ദ്രം (സിഡബ്ല്യുആർഡിഎം) അധികൃതരും പറയുന്നു. കേരളത്തെ മൊത്തമായെടുത്താൽ ഭൂഗർഭ ജലത്തിന് വലിയ തോതിൽ കുറവുണ്ടാകുന്നില്ല. വർഷത്തിൽ എടുക്കാവുന്ന ജലത്തിന്റെ പകുതിയോളമേ എടുക്കുന്നുള്ളു. എന്നാൽ പ്രദേശങ്ങളെ പ്രത്യേകമായി എടുത്താൽ പല സ്ഥലങ്ങളിലും രൂക്ഷമായ ഭൂഗർഭജല ചൂഷണമുണ്ട്. അശാസ്ത്രീയമായ ജലവിനിയോഗമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കാർഷികാവശ്യത്തിനും വ്യാവസായികാവശ്യങ്ങൾക്കുമെല്ലാം വലിയ തോതിൽ ഭൂഗർഭ ജലചൂഷണം നടക്കുന്നുണ്ട്.

ജനസംഖ്യാ വർധനവ്, നഗരവത്ക്കരണം, വ്യാവസായികവത്ക്കരണം എന്നിവ ജലത്തിന്റെ ആവശ്യകത വർധിപ്പിച്ചുവെന്നും അധികൃതർ വ്യക്തമാക്കി. തുലാവർഷം ഇത്തവണ കുറവായിരുന്നു. സാധാരണ മാർച്ചിലാണ് കിണർ വെള്ളം കുറയാറുണ്ടായിരുന്നതെങ്കിൽ ഇത്തവണ ഫെബ്രുവരി മാസമായപ്പോഴേക്കും കിണറുകളിൽ വെള്ളം വറ്റിത്തുടങ്ങി. ഭൂഗർഭ ജല വിതാനത്തിലുണ്ടാകുന്ന കുറവാണ് പ്രധാന പ്രശ്നം. സംസ്ഥാനത്തുണ്ടായ വലിയ പ്രളയത്തിന് ശേഷം വെള്ളം പിടിച്ചു നിർത്താനുള്ള മണ്ണിന്റെ ശേഷി കുറഞ്ഞിട്ടുണ്ട്. ഇത് സ്ഥിതി ഗുരുതരമാക്കുന്നുണ്ട്. പ്രളയത്തെ തുടർന്ന് മേൽമണ്ണ് പലയിടത്തും വ്യാപകമായി ഒലിച്ചുപോയി. സ്വാഭാവികമായി ഇതോടെ മഴ ആഗിരണം ചെയ്യാനുള്ള ഭൂമിയുടെ കഴിവും കുറഞ്ഞു. ഭൂഗർഭജലം ഉപയോഗിക്കുന്നതിനനുസരിച്ച് പ്രകൃതിദത്തമായ രീതിയിൽ മഴവെള്ളം ഭൂമിയിലേക്ക് ഊർന്നിറങ്ങേണ്ടതുണ്ട്. ഇത് സംഭവിക്കാതെ വരുന്നതാണ് ഭൂഗർഭജലം കുറയാൻ കാരണം. പ്രതിസന്ധികൾക്ക് കാലാവസ്ഥാ വ്യതിയാനവും പ്രധാന കാരണമാണ്.

മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കണം

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടാൻ ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിട്ടി നിർദ്ദേശം. നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കേണ്ടതുണ്ട്. ധാരാളമായി വെള്ളം കുടിക്കുകയും എപ്പോഴും ഒരു ചെറിയ കുപ്പിയിൽ വെള്ളം കയ്യിൽ കരുതുകയും ചെയ്യുക. അയഞ്ഞ, ലൈറ്റ് കളർ പരുത്തി വസ്ത്രങ്ങൾ ധരിക്കുക. പരീക്ഷാക്കാലമായതിനാൽ സ്കൂൾ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലർത്തണം. ക്ലാസ് മുറികളിൽ വായുസഞ്ചാരവും സ്കൂളിലും പരീക്ഷ ഹാളിലും ശുദ്ധജല ലഭ്യതയും ഉറപ്പാക്കണം. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മുതൽ മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പോഷക സമൃദ്ധമായ ഭക്ഷണവും ധാരാളം പഴങ്ങൾ കഴിക്കുകയും വേണം. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ ആവശ്യമായ വിശ്രമം എടുക്കാൻ ശ്രദ്ധിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും വേണം.

ENGLISH SUMMARY: Ker­ala goes to heavy drought

YOU MAY ALSO LIKE THIS VIDEO