Saturday
23 Feb 2019

കുട്ടനാടിന് സംസ്ഥാന സര്‍ക്കാരിന്‍റെ കൈത്താങ്ങ്

By: Web Desk | Monday 6 August 2018 9:00 PM IST


rain disaster in Kuttanad – janayugom

മീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത രൂക്ഷമായ പ്രളയക്കെടുതികളാണ് കുട്ടനാട് താലൂക്കില്‍ കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടായത്. തോരാമഴ പെയ്‌തൊഴിഞ്ഞെങ്കിലും ദുരിതങ്ങളുടെ മരം പെയ്ത്ത് തുടരുകയാണ്. വെള്ളംകെട്ടി നില്‍ക്കുന്ന വീടുകളും തൊഴിലിടങ്ങളും തകര്‍ന്നറോഡുകളും ചെറുപാലങ്ങളും മടവീണ് പ്രളയം സൃഷ്ടിച്ച പാടശേഖരങ്ങളുമെല്ലാം കുട്ടനാടിന്റെ കണ്ണീര്‍ക്കയങ്ങളാണ്. പുറംലോകത്തുള്ളവര്‍ക്ക് ലോകത്തെ അതിമനോഹര കാഴ്ചപുറങ്ങളിലൊന്നാണ് കുട്ടനാട്. പക്ഷേ, വെള്ളപ്പൊക്കകാലത്ത് കേരളത്തിന്റെ കെട്ടനാടായി മാറാനാണ് പമ്പയുടേയും അച്ചന്‍കോവിലാറിന്റെയും മണിമലയാറിന്റെയും മീനച്ചലാറിന്റെയുമൊക്കെ എക്കല്‍തൊട്ടിയായ കുട്ടനാടിന്റെ വിധി.
കഴിഞ്ഞ ഒരുമാസമായി ഈ പുഴയോരതാലൂക്കിലെ ദുരിതമകറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചുവരികയാണ്. സാധ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. വിവിധ വകുപ്പുകളുടെ, പ്രത്യേകിച്ചും റവന്യു-കൃഷി വകുപ്പുകളുടെ, പ്രവര്‍ത്തനം ശ്ലാഘനീയമാണ്. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തെയും വിന്യസിച്ചിരിക്കുന്നു. വിവിധ വകുപ്പുകളുടെ ഏകോപിപ്പിച്ച പ്രവര്‍ത്തനത്തിനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കിയിട്ടുള്ളത്.

വിവിധ സംഘടനകള്‍ ദുരിതബാധതിരെ സഹായിക്കാന്‍ രംഗത്തുവന്നു. എഐവൈഎഫ്, ജോയിന്റ് കൗണ്‍സില്‍ തുടങ്ങിയ സംഘടനകള്‍ വസ്ത്രവും മരുന്നും പലവ്യഞ്ജനങ്ങളും ശേഖരിച്ചു നല്‍കി. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് റേഷന്‍ സാധനങ്ങള്‍ സൗജന്യമായി വിതരണം ചെയ്തു.. തകര്‍ന്ന മടകള്‍ പുനര്‍നിര്‍മിക്കാന്‍ അടിയന്തര സാമ്പത്തിക സഹായം കൃഷി വകുപ്പ് എത്തിച്ചു. തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മിക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടപടികള്‍ സ്വീകരിച്ചു. മേല്‍പ്പറഞ്ഞ സര്‍ക്കാര്‍ നടപടികളെ വിലയിരുത്തിയശേഷം വേണം ആലപ്പുഴയില്‍ ഞായറാഴ്ച നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തെ വിലയിരുത്തേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് അവലോകന യോഗം നടന്നത്. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, വി എസ് സുനില്‍കുമാര്‍, പി തിലോത്തമന്‍, ഡോ. തോമസ് ഐസക്, കെ കെ ശൈലജ, ജി സുധാകരന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റ് കോണ്‍ഗ്രസ് ജനപ്രതിനിധികളും ചെയ്തത്. തികച്ചും ബാലിശമായ, യുക്തിരഹിതമായ ആരോപണമാണ് വിട്ടുനില്‍പ്പിന് കാരണമായി പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. യോഗം അറിയിക്കാന്‍ വൈകി, മുഖ്യമന്ത്രി കുട്ടനാട്ടില്‍ പോകുന്നില്ല തുടങ്ങിയവയായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍, സുപ്രധാനമായ ഒരു യോഗം ബഹിഷ്‌കരിക്കാന്‍ മതിയായ കാരണങ്ങളാണോ ഇവയെന്ന് ബന്ധപ്പെട്ടവര്‍ ആലോചിക്കണം. പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ കൂടി പങ്കെടുത്ത് അവര്‍ക്കുള്ള വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിച്ചിരുന്നുവെങ്കില്‍ യോഗം സമ്പൂര്‍ണമായേനെ. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുകയും തുറന്ന മനസോടെ കാണുകയും ചെയ്യുന്ന ഒരു ഗവണ്‍മെന്‍റാണ് ഇന്ന് കേരളത്തിലുള്ളത്. സര്‍ക്കാരിന്‍റെ ഏത് പ്രവര്‍ത്തനങ്ങളെയും വിമര്‍ശിക്കുന്ന ഒരു പ്രതിപക്ഷമല്ല ഉണ്ടാകേണ്ടത്.

കുട്ടനാട്ടിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനുതകുന്ന ഒരു സമഗ്ര പാക്കേജിനാണ് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. അതിന് കേന്ദ്ര സഹായം തേടാനും നിശ്ചയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ സമഗ്ര കുട്ടനാട് പാക്കേജിന്‍റെ പൂര്‍ത്തീകരണത്തിന് ഉദാരമായ കേന്ദ്രസഹായം ആവശ്യമാണ്. കുട്ടനാട്ടിലെ കര്‍ഷകരുടെ വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കുന്ന കാര്യത്തില്‍ കാലതാമസമുണ്ടായിക്കൂടാ. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ, ഊര്‍ജ്ജസ്വലതയോടെ തുടരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.