കാര്‍ട്ടൂണ്‍: നിലപാട് തിരുത്തണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍

Web Desk
Posted on June 22, 2019, 8:48 pm

തൃശൂര്‍: സ്വതന്ത്രജൂറിയെ നിയമിച്ച് അവാര്‍ഡിനായി കാര്‍ട്ടൂണ്‍ തെരഞ്ഞെടുത്ത ലളിത കലാ അക്കാദമിയുടെ തീരുമാനം പുനപരിശോധിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ജനാധിപത്യരീതികള്‍ക്ക് യോജിച്ചതല്ലെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍. സാംസ്‌കാരിക സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തില്‍ ഇടപെടുകയും തീരുമാനങ്ങളെ അട്ടിമറിക്കുകയും ചെയ്യുക എന്ന മോദി സര്‍ക്കാരിന്റ നയം കേരളത്തിലെ സര്‍ക്കാര്‍ പിന്തുടരരുതെന്ന് സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മതചിഹ്നങ്ങളെ അപമാനിച്ചത് കാര്‍ട്ടൂണിസ്റ്റല്ല, ലൈംഗിക കുറ്റാരോപിതനായി നിയമത്തിനും കേരള സമൂഹത്തിനും മുന്നില്‍ നില്‍ക്കുന്ന ബിഷപ്പാണ്. നീതിക്കായി കന്യാസ്ത്രീകള്‍ നടത്തിയ സഹനസമരത്തിനെതിരെ ഇതേ ബിഷപ്പിനൊപ്പം നിന്നവരാണ് മതവികാരങ്ങളുടെ പേരില്‍ ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. കാര്‍ട്ടൂണ്‍ വരച്ചതിനല്ല, വൈദികര്‍ ബലാത്സംഗത്തിലും സാമ്പത്തിക തട്ടിപ്പുകളിലും പ്രതികളാകുന്നതിലാണ് സഭ ലജ്ജിക്കേണ്ടത്.

വിമര്‍ശനസ്വാതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും ജനാധിപത്യത്തിന്റെ പ്രാണവായുവാണ്. സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാവില്ല എന്ന ലളിതകലാ അക്കാദമിയുടെ നിലപാട് സ്വാഗതാര്‍ഹമാണ്. സര്‍ക്കാരിന്റെ തെറ്റായ തീരുമാനത്തെ എതിര്‍ക്കാന്‍ ബാധ്യസ്ഥരായ പ്രതിപക്ഷവും ഈ നടപടിയെ പിന്തുണക്കുന്ന കാഴ്ചയാണുള്ളത്. ഈ സാഹചര്യത്തില്‍ പ്രസ്തുതതീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ ലളിത കലാ അക്കാദമിയോടും നിര്‍ദ്ദേശം പിന്‍വലിക്കാന്‍ സര്‍ക്കാരിനോടും അഭ്യര്‍ത്ഥിക്കുന്നുവെന്ന് പ്രസ്താവന തുടരുന്നു.

സച്ചിദാനന്ദന്‍, ആനന്ദ്, കെ.വേണു, സാറാ ജോസഫ്, സുനില്‍ പി ഇളയിടം, സണ്ണി കപിക്കാട്, പി ഗീത, സിവിക് ചന്ദ്രന്‍, ടി ടി ശ്രീകുമാര്‍, ഡോ: ശാരദക്കുട്ടി, ഡോ: കെ.എസ് മാധവന്‍, ജെ. രഘു, മൈത്രേയന്‍, സി ആര്‍ നീലകണ്ഠന്‍, കെ. അരവിന്ദാക്ഷന്‍, കരുണാകരന്‍, അന്‍വര്‍ അലി, പി.എന്‍ ഗോപീകൃഷ്ണന്‍, കെ ഗിരീഷ്‌കുമാര്‍, ആരതി പി.എം, ജെ എസ് അടൂര്‍, നിരഞ്ജന്‍ ടി ജി, മനോജ് കുരൂര്‍, മണിലാല്‍, കെ.ഗോവിന്ദന്‍, ജയന്‍ മങ്ങാട്, സൈഫുദീന്‍, വി.എന്‍.ഹരിദാസ്, അബ്ദുള്ള ഫറൂക്ക്, ഡോ: ഹരികൃഷ്ണന്‍, മോഹന്‍ കാക്കനാട്, സജീവന്‍ അന്തിക്കാട്, ഐ. ഗോപിനാഥ്, പ്രസാദ് അമോര്‍ തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുള്ളത്.

YOU MAY LIKE THIS VIDEO