June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022

വീട്ടിലെത്തുന്ന അങ്കണവാടികള്‍

By Janayugom Webdesk
March 19, 2020

ദിവസങ്ങള്‍ക്ക് ശേഷം അങ്കണവാടി ടീച്ചര്‍മാരെ വീട്ടു മുറ്റത്ത് കണ്ടപ്പോള്‍ ഉണ്ണിക്കുട്ടന്‍ നാണം കൊണ്ട് അമ്മക്ക് പിന്നില്‍ ഒളിച്ചെങ്കിലും വളരെ പെട്ടന്നു തന്നെ ടീച്ചര്‍മാര്‍ക്കു മുന്നില്‍ അവന്‍ വിശേഷങ്ങളുടെ കെട്ട് തുറന്നുവെച്ചു. എങ്ങനെയാണ് കൈകഴുകേണ്ടതെന്ന് അമ്മമ്മയെ പഠിപ്പിച്ചത്, ടി.വിയില്‍ ഇടക്കിടെ കേള്‍ക്കുന്ന കൊറോണയെ കുറിച്ച്, കാര്‍ട്ടൂണില്‍ കണ്ട തമാശയെ കുറിച്ച്… അങ്ങനെയങ്ങനെ കുറേ ദിവസം കാണാതിരുന്നപ്പോള്‍ പറയാനായി ബാക്കി വെച്ചതെല്ലാം കിളി കൊഞ്ചല്‍ പോലെ അവന്‍ പറഞ്ഞു തീര്‍ത്തു. പതിവ് ചിരിയോടെ ടീച്ചര്‍ എല്ലാം തലയാട്ടി കേട്ടിരുന്നു. ശേഷം അവനെ ഉയരമളക്കാന്‍ നിര്‍ത്തി. ചേട്ടനോളം വലുതാവാന്‍ ഇത്തിരി കൂടിയേ ഉള്ളു എന്ന പറഞ്ഞപ്പോള്‍ കുഞ്ഞിച്ചിരിയോടെ ഉണ്ണിക്കുട്ടന്‍ തലതാഴ്ത്തി. അതെ ‚നമ്മുടെ അങ്കണവാടികള്‍ ഇപ്പോള്‍ വീടുകളിലേക്ക് കടന്നു വന്നു കൊണ്ടിരിക്കുകയാണ്.

കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ അങ്കണവാടികളില്‍ ക്ലാസുകള്‍ നടക്കുന്നില്ല എന്നതൊഴിച്ചാല്‍ ബാക്കി കാര്യങ്ങളെല്ലാം സാധാരണയായി തന്നെയാണ് മുന്നോട്ട് പോവുന്നത്. വ്യത്യാസമെന്തെന്നാല്‍ ഗുണഭോക്താക്കള്‍ അങ്കണവാടികളിലേക്കല്ല, മറിച്ച് ജീവനക്കാര്‍ ഗുണഭോക്താക്കളുടെ വീടുകളിലേക്കാണ് ചെല്ലുന്നത്. കുട്ടികള്‍ക്കുള്ള ഭക്ഷണ സാധനങ്ങളുടെ വിതരണം എല്ലാ സ്ഥലങ്ങളിലും തന്നെ പൂര്‍ത്തിയായി. മുലയൂട്ടുന്ന അമ്മമാര്‍ക്കും ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും പക്ഷെ നിര്‍ദേശങ്ങളും സഹായങ്ങളും ഒരുമിച്ച് നല്‍കാനാവില്ലല്ലോ, അതിനായി ഇടക്കിടെ അവരുടെ വീടുകളില്‍ എത്തി കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. മുലയൂട്ടുന്ന രീതി, പിന്തുടരേണ്ട കൃത്യമായ ഭക്ഷണക്രമം , വാക്‌സിനേഷന്‍ വിവരങ്ങള്‍ തുടങ്ങി മുമ്പ് നടത്തിയിരുന്ന കാര്യങ്ങളെല്ലാം ഇപ്പോഴും മുടക്കമില്ലാതെ നടക്കുന്നുണ്ട്. ആ വിവരങ്ങള്‍ മൊബൈല്‍ അപ്ലിക്കേഷനുകളിലും ചേര്‍ക്കുന്നുണ്ട്. അതു പോലെ തന്നെ ചെറിയ കുട്ടികളുടെ വളര്‍ച്ച നിരീക്ഷണത്തിനായി ഉപകരണങ്ങളുമായി അങ്കണവാടി ജീവനക്കാര്‍ വീടുകളിലേക്ക് എത്തുന്നത്. നിരീക്ഷണത്തിലുള്ള വീടുകളിലെ ആളുകളുടെ വിവരശേഖരണം പക്ഷെ നടത്തുന്നത് ഫോണുകള്‍ വഴിയാണ്.
ആരോഗ്യ വകുപ്പ് മുന്‍കൈയ്യെടുത്ത് ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായി പല സ്ഥലങ്ങളിലും കൈകള്‍ കഴുകാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കൃത്യമായി കൈകഴുകേണ്ടതെങ്ങനെയെന്ന് പലര്‍ക്കും അറിയില്ല. വീടുകളിലെത്തുമ്പോള്‍ വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമല്ല അങ്കണവാടി ജീവനക്കാര്‍ ചെയ്യുന്നത്, മറിച്ച് എങ്ങനെയാണ് കൈകഴുകേണ്ടതെന്ന് കൃത്യമായി കാണിച്ചു നല്‍കുകയും ചെയ്യുന്നുണ്ട്. സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് സാധ്യമാക്കി കൊണ്ട് തന്നെ സമീപത്തുള്ള രണ്ടോ മുന്നോ വീടുകളിലെ ആളുകളെ ഒന്നിച്ചിരുത്തി കൈകഴുകേണ്ടതിനെ കുറിച്ചും പകര്‍ച്ച വ്യാധിക്കാലത്ത് കാണിക്കേണ്ട സാമൂഹിക പ്രതിബദ്ധതയെ കുറിച്ചുമുള്ള നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്.

നിരീക്ഷണ കാലത്തെന്തു ചെയ്യും.

വിദേശത്തു നിന്നുള്ള ആളുകള്‍ക്ക് കര്‍ശനമായി നിരീക്ഷണം നിര്‍ദേശിക്കുമ്പോള്‍ അപകട സാധ്യതകള്‍ ഒഴിവാക്കാന്‍ ആ വീട്ടുകാര്‍ എല്ലാവരും തന്നെ സാമൂഹിക ഇടപെടലുകള്‍ പരമാവധി ഒഴിവാക്കുന്നത് പല സ്ഥലങ്ങളിലും സാധാരണയായിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ക്വാറന്റീന്‍ കാലം മാനസികമായി ഏറ്റവും ബുദ്ധിമുട്ടിക്കുന്നത് കുട്ടികളെയാണ്. ചുമരുകളുടെ പരിധിയില്‍ നിന്ന് പുറത്തേക്ക് പോവാതെ അവരെ തടയുമ്പോള്‍ മാനസിക സമ്മര്‍ദം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ കുട്ടികളുടെ മാനസിക സമ്മര്‍ദം കുറക്കാനായി സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തുകയാണ് വനിത ശിശു വികസന വകുപ്പ്. ഇതിന്റെ ഗുണഭോക്താക്കള്‍ നിരവധിയാണെന്ന് ഐ.സി.ഡി.എസ് ജില്ല പ്രോഗ്രാം ഓഫീസര്‍ മായലക്ഷ്മി പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴിയാണ് പലപ്പോഴും കുട്ടികള്‍ക്ക് ഇത്തരത്തില്‍ കൗണ്‍സിലിങ്ങ് നല്‍കുന്നത്. ചിത്രം വരക്കാനും, പാട്ടു പാടാനും മാത്രമല്ല ഇഷ്ടങ്ങളെ എല്ലാം പ്രോത്സാഹിപ്പിച്ചു കൊണ്ട് നിരീക്ഷണ കാലത്തെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുക എന്നതാണ് സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ ലക്ഷ്യം. നിരീക്ഷണ കാലത്തെ നിമിഷങ്ങള്‍ ക്യാമറയിലാക്കി സൂക്ഷിച്ചു വെക്കുന്നവര്‍ വരെ കുട്ടിക്കൂട്ടത്തിലുണ്ട്. പലതരം കളികളും പസിലുകളും കുട്ടികള്‍ക്ക് പരിചയപ്പെടുത്തി നല്‍കുന്നുണ്ട്. 67 സൈക്കോസോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാരാണ് ജില്ലയില്‍ ഉള്ളത്.
ഒറ്റപ്പെടുത്തരുത്.

നിരീക്ഷണത്തില്‍ കഴിയുന്ന ആളുകളെ ഒറ്റപ്പെടുത്തുകയല്ല മറിച്ച് ആദരിക്കുകയാണ് വേണ്ടത്. രോഗ വാഹകരാവാനുള്ള സാധ്യത മുന്നില്‍ കണ്ട് സമൂഹത്തില്‍ നിന്ന് സ്വയമേ ഒഴിഞ്ഞു നില്‍ക്കുകയും അതു വഴി രോഗ വ്യാപനത്തിനുള്ള സാഹചര്യം ഒഴിവാക്കുകയുമാണ് നിരീക്ഷണത്തിലുള്ള ആളുകള്‍ ചെയ്യുന്നത്. ഇത്തരത്തില്‍ ഒറ്റപ്പെടുത്തുന്ന സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനായി നാട്ടുകാര്‍ക്ക് അങ്കണവാടി ജീവനക്കാര്‍ നിര്‍ദേശം നല്‍കുന്നുണ്ട്.
സാനിറ്റൈസര്‍ കിയോസ്‌കുകളും.വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന്‍, എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍, വൈറ്റില ഹബ് എന്നിവിടങ്ങളില്‍ സാനിറ്റൈസര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ജില്ല പ്രോഗ്രാം ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ ആലുവ റെയില്‍വേ സ്‌റ്റേഷനിലും കിയോസ്‌ക് സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്.

ENGLISH SUMMARY: Ker­ala govt ini­ti­ate to sup­ply food for anganava­di students

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.