Wednesday
21 Aug 2019

കെഎഎസ് തര്‍ക്കങ്ങള്‍ക്കൊടുവില്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

By: Web Desk | Wednesday 10 July 2019 4:20 PM IST


തിരുവനന്തപുരം: കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) തര്‍ക്കങ്ങള്‍ക്കൊടുവില്‍ യാഥാര്‍ത്ഥ്യത്തിലേക്ക്. പ്രത്യേക ചട്ടങ്ങള്‍ മന്ത്രിസഭ യോഗം അംഗീകരിച്ചു. ഭേദഗതി ചട്ടങ്ങള്‍ അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മൂന്നു സ്ട്രീമുകളിലും സംവരണം നടപ്പാക്കാനാണ് മന്ത്രിസഭാ തീരുമാനം എടുത്തത്. സര്‍വീസ് സംഘടനകളുടെ എതിര്‍പ്പിനിടെയാണ് കെഎഎസ് നടപ്പാക്കുന്നത്.

നിയമനത്തിന്റെ മൂന്നു സ്ട്രീമിലും സംവരണ തത്വം ബാധകമാക്കുന്നതിനുള്ള ഭേദഗതി ചട്ടങ്ങളാണ് അംഗീകരിച്ചത്. സ്‌പെഷല്‍ റൂളിനു പിഎസ്‌സി യോഗം അംഗീകാരം നല്‍കിയിരുന്നു. അതേസമയം, കെഎഎസ് പരീക്ഷയുടെ സ്‌കീം സര്‍ക്കാരുമായി ആലോചിച്ചു പിഎസ്‌സി തീരുമാനിക്കും എന്നാക്കി. നേരത്തെ, പിഎസ്‌സിയുമായി ആലോചിച്ചു സര്‍ക്കാര്‍ തീരുമാനിക്കും എന്നായിരുന്നു.

ബൈട്രാന്‍സ്ഫര്‍ റിക്രൂട്ട്‌മെന്റ് എന്നതിനു പകരം നേരിട്ടുള്ള നിയമനം എന്ന ഭേദഗതി വരുത്തിയാണ് രണ്ട്, മൂന്നു സ്ട്രീമുകളില്‍ കൂടി സംവരണം ബാധകമാക്കുന്നത്. നേരിട്ടുള്ള നിയമനത്തിനു പ്രായപരിധി 21-32 ആണ്. സര്‍വീസിലുള്ളവര്‍ക്ക് 40 വയസും ഗസറ്റഡ് ഓഫിസര്‍മാരില്‍ നിന്നുള്ളതിന് 50 വയസുമാണ് പരമാവധി പ്രായപരിധി.