Saturday
23 Feb 2019

കേരളം വളര്‍ന്ന നവോത്ഥാന വഴികളും ചെന്നിത്തലയുടെ സംഘപരിവാരസ്വരവും

By: Web Desk | Thursday 11 October 2018 10:41 PM IST


v p unnikrishnan

ഒരമ്പലം കത്തിനശിച്ചാല്‍ അത്രമേല്‍ അന്ധവിശ്വാസം നശിക്കുമെന്ന് നിശ്ചയദാര്‍ഢ്യത്തോടെ പ്രസ്താവിച്ചത് സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായിരുന്ന സി കേശവനാണ്. അദ്ദേഹത്തിന്റെ വര്‍ത്തമാനകാല അനുയായികള്‍ എന്ന് അവകാശപ്പെടുന്ന രമേശ് ചെന്നിത്തല എന്ന പ്രതിപക്ഷ നേതാവുള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാര്‍ സി കേശവനെ പണ്ടേക്കുപണ്ടേ മറന്നുപോയി. സി കേശവന്‍ ഏത് അമ്പലത്തെക്കുറിച്ചാണോ പറഞ്ഞത് ആ അമ്പലത്തിന്റെ പേരിലാണ് കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്ന കൗശലത്തോടെ കോണ്‍ഗ്രസ് സംഘപരിവാര ശക്തികളുമായി കൈകോര്‍ത്ത് തെരുവില്‍ കോലാഹല പ്രഹസനങ്ങള്‍ നടത്തുന്നത്.

‘ജാതിഭേദം, മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്’
എന്നുദ്‌ഘോഷിച്ച മഹാനായ ശ്രീനാരായണഗുരു നയിച്ച നവോത്ഥാനചിന്തകളുടെയും പ്രവര്‍ത്തനങ്ങളുടെയും ഉല്‍ഫുല്ലഭൂമിയാണ് കേരളം. കേരളം ഭ്രാന്താലയമെന്ന് ജാതിപൗരോഹിത്യ ക്രൂരതകള്‍ അരങ്ങേറിക്കൊണ്ടിരുന്ന കാലത്ത് കേരളം സന്ദര്‍ശിച്ച സ്വാമി വിവേകാനന്ദന്‍ പറഞ്ഞു. വൈക്കം മഹാദേവ ക്ഷേത്രത്തിനു മുമ്പിലൂടെ പിന്നോക്കക്കാര്‍ക്കും ദളിതര്‍ക്കും വഴിനടക്കുവാന്‍ അവകാശമുണ്ടായിരുന്നില്ല. ക്ഷേത്രപ്രവേശനം പോലും നിര്‍ബന്ധിതമായി നിരോധിക്കപ്പെട്ടിരുന്നു. വഴിനടക്കുവാനുള്ള സ്വാതന്ത്ര്യത്തിനും ക്ഷേത്രപ്രവേശനത്തിനും വേണ്ടി പൊരുതിയത് പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റുകാരായവര്‍ ഉള്‍പ്പെടെയുള്ള നവോത്ഥാന ചിന്താഗതിക്കാരാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാവായ പി കൃഷ്ണപിള്ള അയിത്തത്തിനെതിരെ വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി 1924ല്‍ നടന്ന വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നല്‍കി. ടി കെ മാധവനും സി വി കുഞ്ഞിരാമനുമെല്ലാം അണിചേര്‍ന്നു. എന്‍എസ്എസ് മേധാവിയായിരുന്ന മന്നത്ത് പത്മനാഭനും ആ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു. ശ്രീനാരായണഗുരുവും ഗാന്ധിജിയും സമരത്തെ അനുഗ്രഹിക്കാന്‍ എത്തി. വഴിനടക്കുവാനുള്ള സ്വാതന്ത്ര്യത്തിനും ക്ഷേത്രപ്രവേശന അവകാശത്തിനും വേണ്ടി തിരുവനന്തപുരത്തേക്ക് മന്നത്തിന്റെ നേതൃത്വത്തില്‍ നടന്ന ‘സവര്‍ണജാഥ’യുടെ ചരിത്രവും നമ്മുടെ മുന്നിലുണ്ട്.
അമ്പലത്തില്‍ മണിയടിക്കുമ്പോള്‍ പി കൃഷ്ണപിള്ളയെ സവര്‍ണ പൗരോഹിത്യ പ്രതിനിധികള്‍ മര്‍ദ്ദിച്ചു. അപ്പോഴാണ് കൃഷ്ണപിള്ള പറഞ്ഞത് ‘നല്ല നായന്‍മാര്‍ മണിയടിക്കും, ദുരഭിമാനികളായ നായന്‍മാര്‍ തല്ലും.’

ഗുരുവായൂര്‍ സത്യഗ്രഹം കേരള നവോത്ഥാന മുന്നേറ്റ ചരിത്രഗാഥകളിലെ അവിസ്മരണീയ അധ്യായമാണ്. കെ കേളപ്പന്‍ എന്ന കോണ്‍ഗ്രസിന്റെ സമുന്നത നേതാവും പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാക്കന്‍മാരായി മാറിയ എ കെ ഗോപാലനും കെ മാധവനും ആ പ്രക്ഷോഭത്തിന്റെ മുന്‍നിര പടയാളികളായിരുന്നു.
അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ ശ്രീനാരായണഗുരു പറഞ്ഞത് ‘ഇത് പാവപ്പെട്ടവരുടെ ശിവന്‍’ എന്നാണ്. ‘കല്ലാണ് ഞാന്‍ പ്രതിഷ്ഠിച്ചത്. പൂജിക്കേണ്ടവര്‍ക്ക് പൂജിക്കാം. ആരാധിക്കേണ്ടവര്‍ക്ക് ആരാധിക്കാം.’ എന്ന് പ്രതിഷേധിച്ച ജാതി-മത ശക്തികളുടെ പ്രതിനിധികളോട് ഗുരു പറഞ്ഞു. ചട്ടമ്പിസ്വാമികളുടെ ദര്‍ശന മാഹാത്മ്യവും മതനിരപേക്ഷതയുടെ തത്വചിന്തയും ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു.

മാറുമറയ്ക്കാന്‍ സ്വാതന്ത്ര്യമില്ലാതിരുന്ന ഒരു ഭൂരിപക്ഷം ജനത ഈ മലയാള മണ്ണിലുണ്ടായിരുന്നു. മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി അയ്യങ്കാളിയുടെ നേതൃത്വത്തില്‍ സ്ത്രീകളുടെ ഇതിഹാസതുല്യമായ പ്രക്ഷോഭം കേരളത്തില്‍ അരങ്ങേറി. മുല മുറിച്ചുകൊണ്ട് ദളിത് സ്ത്രീകള്‍ പ്രക്ഷോഭത്തില്‍ പങ്കാളികളായി. മാറുമറയ്ക്കല്‍ സമരം ഉജ്ജ്വല നവോത്ഥാന പ്രക്ഷോഭ ചരിത്രഗാഥകളുടെ അവിസ്മരണീയമായ അധ്യായമായി പരിണമിക്കപ്പെട്ടു.
”വിദ്യകൊണ്ടു പ്രബുദ്ധരാകൂ, സംഘടനകൊണ്ട് ശക്തരാകൂ” എന്ന് ആഹ്വാനം ചെയ്തത് നവോത്ഥാന നായകനായ ശ്രീനാരായണഗുരുവാണ്. വിദ്യാഭ്യാസം വര്‍ഗീയ ഫാസിസവല്‍കരണത്തിന് ഇരയാവുമ്പോള്‍, പ്രതികരിക്കുന്ന ശക്തികള്‍ ആരാണ്? മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും അഖണ്ഡഭാരതം എന്ന മൗലിക തത്വസംഹിതയുടെയും പിന്നില്‍ സഞ്ചരിക്കുന്ന ഭാരതീയ ദേശീയതയെവിടെ? ഇന്ത്യന്‍ ദേശീയതയെ തച്ചുതകര്‍ക്കുന്ന സംഘപരിവാര ഫാസിസ്റ്റുശക്തികളെവിടെ? അവര്‍ക്കൊപ്പം നില്‍ക്കുന്ന കോണ്‍ഗ്രസിനെയാണ് ഇന്ന് കാണുന്നത്.

ശബരിമലയുടെ പശ്ചാത്തലത്തില്‍ വര്‍ഗീയ ഫാസിസ്റ്റ് ധ്രുവീകരണത്തിനാണ് ആര്‍എസ്എസും വിശ്വഹിന്ദു പരിഷത്തും യത്‌നിക്കുന്നത്. മറന്നുപോകരുതാത്ത ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ ശബരിമലയ്ക്ക് പിന്നിലുണ്ട്. ‘ബുദ്ധം ശരണം ഗച്ഛാമി’ എന്ന് ആവര്‍ത്തിച്ചുവിളിക്കുന്നത് ബുദ്ധമതത്തിന്റെ ശരണം വിളിയുടെ പശ്ചാത്തലത്തിലാണ്.

‘സ്വാമിയേ ശരണമയ്യപ്പാ,
അയ്യപ്പ, ശരണമയ്യപ്പാ’
എന്ന മന്ത്രധ്വനികള്‍ ഉയരുന്നത് ബുദ്ധമതത്തിന്റെ പശ്ചാത്തല ചരിത്രം പകര്‍ന്നുനല്‍കുന്ന സന്ദേശങ്ങളിലൂടെയാണ്. ശബരിമലയിലെ അയ്യപ്പന്റെ കുത്തിയിരുപ്പ് ബുദ്ധമതത്തിന്റെ ചരിത്രവും പശ്ചാത്തലവും നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും സംഘപരിവാര ഫാസിസ്റ്റുശക്തികള്‍ക്കൊപ്പം നിലയുറപ്പിക്കുന്നതിനാണ് നാം സാക്ഷിയാകേണ്ടിവരുന്നത്. മതവിദ്വേഷവും മതവൈരവും വളര്‍ത്തുവാന്‍ അവര്‍ നിരന്തരം യത്‌നിക്കുന്നു. ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും സംഘപരിവാര ശക്തികളുടെ ശബ്ദത്തിന്റെ ആവര്‍ത്തനമാണ് അനുവര്‍ത്തിക്കുന്നത്.
അമ്പലങ്ങള്‍ സന്ദര്‍ശിക്കാതിരിക്കുന്നതിന്റെ കാരണം ആരാഞ്ഞപ്പോള്‍ തന്റെ ഏറ്റവും വലിയ അമ്പലം ജനഹൃദയങ്ങളാണെന്ന് പറഞ്ഞ ഭൗതികവാതിയായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു നയിച്ച കോണ്‍ഗ്രസിന്റെ സമകാലീന അനുയായികള്‍ അമ്പലങ്ങളുടെ വഴിയോരങ്ങളില്‍ ചുറ്റിക്കറങ്ങുകയും വര്‍ഗീയതയുടേതായ സംഘര്‍ഷങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണൊരുക്കുകയും ചെയ്യുന്നു. രമേശ് ചെന്നിത്തലമാരുടെ ശബ്ദം സംഘകുടുംബത്തിന്റെ ശബ്ദമായി പ്രതിധ്വനിക്കപ്പെടുന്നു. സംഘകുടുംബത്തിനൊപ്പമാണ് കോണ്‍ഗ്രസ് എന്ന് ചെന്നിത്തല തെളിയിക്കുന്നു. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം പറഞ്ഞതാകെ ചെന്നിത്തലയുടെ പ്രസ്താവനകളിലൂടെ തള്ളിക്കളയുന്നു. എത്രമേല്‍ വിരോധാഭാസം ഇവരുടെ പ്രസ്താവനകള്‍ പ്രവൃത്തികള്‍?

ഈ രാഷ്ട്രീയ നാടകങ്ങള്‍ യുഡിഎഫും ബിജെപിയും അരങ്ങേറ്റുന്നത് താല്‍ക്കാലിക രാഷ്ട്രീയ തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കു വേണ്ടി മാത്രം. ഇത് അധമമായ രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് യഥാര്‍ത്ഥ വിശ്വാസികള്‍ തിരിച്ചറിയുന്നുണ്ട്. ആര്‍എസ്എസ് മേധാവിയായ മോഹന്‍ ഭഗവതും ബിജെപി ദേശീയ നേതൃത്വവും സുപ്രിംകോടതി വിധിയെ സഹര്‍ഷം സ്വാഗതം ചെയ്തു. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ചരിത്രപ്രധാനമായ വിധിയാണ് സുപ്രിംകോടതിയുടേതെന്ന് വിശേഷിപ്പിച്ചു. ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി പട്ടാളത്തെ ഇറക്കിയാലും സുപ്രിംകോടതി വിധി നടപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടത്. തൃപ്തി ദേശായി ഉള്‍പ്പെടെയുള്ള സംഘകുടുംബ പ്രതിനിധികളാണ് സുപ്രിംകോടതിയെ ശബരിമല സ്ത്രീ പ്രവേശനത്തിനായി സമീപിച്ചത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഭക്തജനങ്ങള്‍ക്കെതിരായ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല.

അയോധ്യയുടെയും രാമന്റെയും പേരില്‍ കലാപങ്ങള്‍ക്ക് സംഘശക്തികള്‍ തിരികൊളുത്തിയപ്പോള്‍ പണ്ഡിറ്റ് നെഹ്‌റു പറഞ്ഞത് ആ ഭൂമി താഴിട്ടു ബന്ധിക്കുക, അതിന്റെ താക്കോല്‍ രാമന്‍ മുങ്ങിത്താണ സരയൂ നദിയുടെ ആഴങ്ങളിലേയ്ക്ക് വലിച്ചെറിയുക എന്നാണ്. നെഹ്‌റുവിനെ മറന്നുപോയവര്‍ രാമനും റഹീമും ഒന്നുതന്നെ എന്നുച്ചരിച്ച, ‘സബ് കോ സന്‍മതി ദേ ഭഗവാന്‍’ എന്ന് പാടിനടന്ന ഗാന്ധിജിയെ വിസ്മരിച്ച കേരളത്തിലെ കോണ്‍ഗ്രസുകാര്‍ നാല് വോട്ടിനുവേണ്ടി അയ്യപ്പനെയും ശബരിമലയെയും ആയുധമാക്കുന്നു. ഇതിനെ നവോത്ഥാന കേരളം തള്ളിക്കളയും എന്നത് തീര്‍ച്ച.