സംസ്ഥാന അതിര്‍ത്തിയില്‍ തമിഴ്‌നാട് കണ്ടെയ്‌നര്‍ സ്ഥാപിക്കുവാനുള്ള ശ്രമം കേരളം തടഞ്ഞു

Web Desk
Posted on June 06, 2019, 9:22 pm
അതിര്‍ത്തിയില്‍ സ്ഥാപിക്കുവാനുള്ള കണ്ടെയ്‌നര്‍ തമിഴ്‌നാട് കമ്പംമെട്ടില്‍ എത്തിക്കുന്നു

സുനില്‍ കെ കുമാരന്‍

നെടുങ്കണ്ടം: ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ മറികടന്ന് കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ കമ്പമെട്ടില്‍ തമിഴ്‌നാടിന്റെ നേത്യത്വത്തില്‍ കണ്ടെയ്‌നര്‍ സ്ഥാപിക്കുവാനുള്ള ശ്രമം കേരളം തടഞ്ഞു. അതിര്‍ത്തി സംബന്ധിച്ചുള്ള തര്‍ക്കം ഇരു സംസ്ഥാനങ്ങള്‍ തമ്മില്‍ നിലനില്‍ക്കുമ്പോഴാണ് തമിഴ്‌നാടിന്റെ നേത്യത്വത്തില്‍ കമ്പംമെട്ടില്‍ തമിഴ്‌നാട് വനം വകുപ്പിന്റെ നേത്യത്വത്തില്‍ തര്‍ക്കപ്രദേശത്ത് കണ്ടെയ്‌നര്‍ സ്ഥാപിക്കുവാന്‍ നീക്കം നടത്തിയത്.

വിവരം അറിച്ചതിനെ തുടര്‍ന്ന് ഉടൂമ്പന്‍ചോല താലൂക്ക് തഹസീല്‍ദാര്‍, കമ്പംമെട്ട് സിഐ പ്രിന്‍സ്, റവന്യുവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി തടയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇടുക്കിതേനി കളക്ടര്‍മാര്‍ സംയുക്ത ചര്‍ച്ചനടത്തികയും 11ന് അതിര്‍ത്തി നിര്‍ണ്ണയം നടത്തുവാന്‍ തയ്യാറാണെന്ന് ഇടുക്കി കളക്ടര്‍ തേനി കളക്ടറെ അറിയിക്കുകയായിരുന്നു. തമിഴ്‌നാടിന് അനുയോജ്യമായ തീയതിയാണെങ്കില്‍ അടുത്ത ചൊവ്വാഴ്ച ഇരു സംസ്ഥാനങ്ങളുടെയും അതിര്‍ത്തി നിര്‍ണ്ണയ യോഗം നടക്കും.

ഒന്നര വര്‍ഷം മുമ്പ് കേരളാ അതിര്‍ത്തിയില്‍ കേരള എക്‌സൈസ് വകുപ്പ് കണ്ടെയ്‌നര്‍ സ്ഥാപിച്ചതിന്റെ പേരില്‍ തമിഴ്‌നാട് അതിര്‍ത്തി തര്‍ക്കമായി ആദ്യം എത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കേരളാ അതിര്‍ത്തിയില്‍ സ്ഥാപിച്ച കണ്ടെയ്‌നര്‍ കേരളാ എക്‌സൈസ് വകുപ്പ് മാറ്റുകയായിരുന്നു.

അന്ന് ഇടുക്കിതേനി കളക്ടര്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അതിര്‍ത്തി നിര്‍ണ്ണയിക്കുവാന്‍ തീരുമാനിച്ചിരുന്നു. ഇരു സ്ഥാനങ്ങളുടേയും റവന്യു വകുപ്പ് സര്‍വ്വേ ഉദ്യോഗസ്ഥര്‍മാര്‍ അതിര്‍ത്തി നിര്‍ണ്ണയം നടത്തുവാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ സര്‍വ്വേ സ്‌കെച്ചുകളുടെ അടിസ്ഥാനത്തില്‍ ഇരു സ്ംസ്ഥാനങ്ങളും തമ്മില്‍ അതിര്‍ത്തി നിര്‍ണ്ണയം നടത്തുവാനുള്ള സംയുക്ത യോഗം ഇതുവരെയും നടന്നിട്ടില്ല. ഈ തര്‍ക്കം നിലനില്‍ക്കെയാണ് തമിഴ്‌നാട് തര്‍ക്കഭൂമിയില്‍ പുതിയ കണ്ടെയ്‌നര്‍ സ്ഥാപിക്കുവാന്‍ ശ്രമം നടത്തിയത്. സ്ഥാപിക്കുന്നതില്‍ തര്‍ക്കമായി കേരളം എത്തിയതോടെ തമിഴ്‌നാടിന്റെ സ്ഥലത്തേയ്ക്ക് തമിഴ്‌നാട് മാറ്റി സ്ഥാപിക്കുകയായിരുന്നു.