കേരളത്തിലേത് ലോകത്തെ ഏറ്റവും മികച്ച രോഗസൗഖ്യ നിരക്ക് : മുഖ്യമന്ത്രി

Web Desk

തിരുവനന്തപുരം

Posted on May 08, 2020, 8:55 pm

കേരളത്തിൽ കോവിഡ് 19 രോഗത്തിന്റെ മൂന്നാം വരവ് ഉണ്ടാകാതെ നോക്കാൻ സാധ്യമായതെല്ലാം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മൂന്നാം വരവ് ഉണ്ടായാൽ തന്നെ അതിനെ നേരിടാനും അതിജീവിക്കാനും എല്ലാ അർത്ഥത്തിലും കേരളം സജ്ജമാണ്. കോവിഡ് 19 രോഗം രാജ്യത്ത് ആദ്യം റിപ്പോർട്ട് ചെയ്ത കേരളത്തിൽ, അതിന്റെ നൂറാം ദിവസം വെള്ളിയാഴ്ച പിന്നിടുമ്പോൾ, രോഗത്തിന്റെ വ്യാപനം തടയുന്നതിന്റെ ഗ്രാഫ് സമനിലയിലാക്കാൻ കേരളത്തിന് കഴിഞ്ഞു. ഇതുവരെയുണ്ടായിരുന്ന മാതൃകാപരമായ സഹകരണം പൊതുസമൂഹത്തിൽ നിന്നു വർധിച്ച തോതിൽ ഉണ്ടാവേണ്ട ഘട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ വൈറസ് വ്യാപനം രൂക്ഷമായി തുടരുകയാണ്.

രാജ്യത്ത് ഇതുവരെ 1,886 മരണങ്ങളുണ്ടായി. കേരളം വൈറസ് വ്യാപനത്തെ പിടിച്ചുനിർത്തുന്നതിൽ വലിയതോതിൽ വിജയിച്ചു എന്നത് നമുക്ക് ഇനി ഒന്നും ചെയ്യാനില്ല എന്നതിന്റെ സൂചനയല്ല. ഇനിയുള്ള നാളുകളിലാണ് കൂടുതൽ കരുത്തോടെയും ഐക്യത്തോടെയും നാം ഇടപെടേണ്ടത്. നൂറു ദിവസം പിന്നിടുമ്പോൾ കേരളത്തിലെ രോഗസൗഖ്യത്തിന്റെ നിരക്ക് ലോകത്തെ ഏറ്റവും മികച്ചതായിരിക്കുകയാണ്. ഈ ഘട്ടത്തിൽ കേരളത്തിനു പുറത്തുനിന്നും ഇന്ത്യക്കു വെളിയിൽ നിന്നുമുള്ള പ്രവാസി സഹോദരങ്ങളെ സ്വന്തം നാട്ടിലേക്ക് സ്വീകരിക്കുകയാണ്. അവരെ പരിചരിക്കുന്നതിനുവേണ്ട എല്ലാ സന്നാഹങ്ങളുമൊരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജനുവരി 30നു ചൈനയിൽ നിന്നും കേരളത്തിൽ വന്ന വിദ്യാർത്ഥിനിക്കാണ് ഇന്ത്യയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചത്. തുടക്കഘട്ടത്തിൽ തന്നെ മറ്റുള്ളവരിലേക്ക് രോഗം പടരുന്നില്ല എന്നുറപ്പു വരുത്താൻ അന്ന് കേരളത്തിന് സാധിച്ചു. മാർച്ച് ആദ്യ വാരമാണ് കേരളത്തിൽ കോവിഡിന്റെ രണ്ടാം വരവുണ്ടായാത്.

Eng­lish Sum­ma­ry: Ker­ala has the best covid-19 cure rate in the world: CM

You may also like this video