Web Desk

തിരുവനന്തപുരം:

January 21, 2021, 9:31 pm

കേരളം രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ അന്തരീക്ഷമുള്ള സംസ്ഥാനം

നൂതനാശയങ്ങൾക്ക് സൗകര്യമൊരുക്കുന്നതിലും സംസ്ഥാനം മുന്നിൽ
Janayugom Online

രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ അന്തരീക്ഷമുള്ള സംസ്ഥാനമെന്ന നിലയിലും നൂതനാശയങ്ങൾക്ക് സൗകര്യമൊരുക്കുന്നതിലും കേരളം ഒന്നാമത്. കേന്ദ്ര സർക്കാരിനു കീഴിലുള്ള നിതി ആയോഗിന്റെ ഇന്ത്യ ഇന്നവേഷൻ സൂചികയിലാണ് കേരളം നിക്ഷേപരംഗത്തെ സുപ്രധാന നേട്ടങ്ങൾ സ്വന്തമാക്കിയത്. സംസ്ഥാനത്തെ സമ്പൂർണ്ണ നിക്ഷേപസൗഹൃദമാക്കാൻ സ്വീകരിച്ച നടപടികൾക്കുള്ള അംഗീകാരമാണ് ഈ നേട്ടം. ഇന്ത്യ ഇന്നൊവേഷൻ സൂചികയിലെ ആകെ കണക്കുകളിൽ കേരളം അഞ്ചാം സ്ഥാനവും നേടി. കഴിഞ്ഞ വർഷം ആറാമതായിരുന്നു. മനുഷ്യ മൂലധനത്തിന്റെ കാര്യത്തിൽ കേരളം രണ്ടാമതുണ്ട്.

പ്രമുഖ സംസ്ഥാനങ്ങള്‍, വടക്ക് പടിഞ്ഞാറന്‍-മലയോര സംസ്ഥാനം, കേന്ദ്രഭരണ പ്രദേശങ്ങളും നഗര സംസ്ഥാനങ്ങളും എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി സംസ്ഥാനങ്ങളെ തരം തിരിച്ചാണ് സൂചിക തയ്യാറാക്കിയത്. 17 സംസ്ഥാനങ്ങളടങ്ങുന്ന പ്രമുഖ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം ഉള്‍പ്പെട്ടിരുന്നത്. സാമ്പത്തികവളർച്ചയ്‌ക്ക്‌ ഉതകുന്ന പുതിയ സേവനങ്ങളുടെയും ഉല്പന്നങ്ങളുടെയും വികസന, നിർമ്മാണ പ്രക്രിയയും അതിനുള്ള വിവിധ സാഹചര്യങ്ങളും വിലയിരുത്തിയാണ്‌ നിതി ആയോഗ്‌ സൂചിക തയ്യാറാക്കിയത്‌.

മികച്ച ബിസിനസ്‌ അനുകൂല സാഹചര്യത്തിൽ 37.12 പോയിന്റുമായാണ്‌ കേരളം ഒന്നാമത്‌ എത്തിയത്‌. തൊട്ടുപിന്നിലുള്ള തമിഴ്‌നാടിന്‌ 31.84 പോയിന്റാണുള്ളത്‌. ഈസ്‌ ഓഫ്‌ ഡൂയിങ്ങ്‌ ബിസിനസ്‌ റാങ്കിംഗ്, ഓൺലൈൻ സേവനങ്ങൾ, ഇന്റർനെറ്റ്‌ ഉപഭോക്താക്കൾ, ഇൻക്യുബേറ്റർ കേന്ദ്രങ്ങൾ, കോമൺ ഫെസിലിറ്റി സെന്റർ, ക്ലസ്‌റ്ററുകളുടെ മികവ്‌ എന്നീ കാര്യങ്ങൾ പരിഗണിച്ചാണ്‌ ബിസിനസ്‌ സാഹചര്യം കണക്കാക്കിയത്‌. ബിസിനസ്‌ സേവനങ്ങൾ ഓൺലൈനാക്കിയതിൽ കേരളം 100 പോയിന്റ്‌ നേടി. കേരളത്തിലെ എംഎസ്എംഇ മേഖലയുടെ കരുത്താണ്‌ സൂചികയിൽ മുന്നിലെത്താൻ സഹായിച്ചത്‌. ആന്ധ്ര മൂന്നാമതും മഹാരാഷ്‌ട്ര നാലാമതുമാണ്‌.

ശാസ്ത്ര സാങ്കേതിക മേഖലയിലെ നിക്ഷേപം, സാങ്കേതിക വിദ്യാ മേഖലയില്‍ പരിശീലനം നേടുന്നവരുടെ എണ്ണം, ഗവേഷകരുടെ എണ്ണം, വിഭ്യാഭ്യാസ സ്ഥാപനങ്ങളുടെ നാക് സ്‌കോര്‍ എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് നൂതനാശയ വികസന പട്ടിക തയ്യാറാക്കിയത്. 36.97 പോയിന്റാണ്‌ ഇക്കാര്യത്തിൽ കേരളം നേടിയത്‌. 36.57 പോയിന്റുമായി തമിഴ്‌നാടാണ്‌ രണ്ടാമത്‌. മനുഷ്യ മൂലധനത്തിന്റെ കാര്യത്തിൽ 59.72 പോയിന്റാണ്‌ കേരളം നേടിയത്‌. 62.80 പോയിന്റുമായി തമിഴ്‌നാടാണ്‌ ഒന്നാമത്‌. സുരക്ഷയുടെയും അനുകൂല നിയമങ്ങളുടെയും കാര്യത്തിൽ 63.46 പോയിന്റുമായി കേരളം അഞ്ചാമതുണ്ട്‌. പഞ്ചാബാണ്‌ ഒന്നാമത്‌.

ENGLISH SUMMARY: Ker­ala has the best indus­tri­al cli­mate in the country

YOU MAY ALSO LIKE THIS VIDEO