Web Desk

ന്യൂഡല്‍ഹി

July 29, 2021, 6:48 pm

കോവിഡ് ആന്റിബോഡി സാന്നിധ്യം ഏറ്റവും കുറവ് കേരളത്തില്‍; രോഗബാധ ഇനിയും വര്‍ധിക്കുമെന്ന് മുന്നറിയിപ്പ്

Janayugom Online

രാജ്യത്തെ സംസ്ഥാനങ്ങളില്‍ കോവിഡ് ആന്റിബോഡി സാന്നിധ്യം ഏറ്റവും കുറവ് കേരളത്തിലെന്ന് നാലാംഘട്ട സിറോ സര്‍വേ. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) 11 സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ സിറോ പ്രിവലന്‍സ് സര്‍വേയുടെ ഫലങ്ങളാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടത്. കേരളത്തില്‍ 44.4 ശതമാനം പേരിലാണ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്.

ദേശീയതലത്തില്‍ കോവിഡ് വ്യാപനത്തിന്റെ തോത് കണ്ടെത്താന്‍ വേണ്ടിയാണ് സിറോ സര്‍വേ നടത്തുന്നത്. രോഗം ബാധിച്ച് ഭേദമായവരിലും വാക്സിന്‍ സ്വീകരിച്ചവരിലുമാണ് ആന്റിബോഡി സാന്നിധ്യമുണ്ടാവുക. വാക്സിനേഷന്‍ മിക്ക സംസ്ഥാനങ്ങളിലും പത്ത് ശതമാനത്തിന് താഴെയാണ്. ഇതിനാല്‍ ഏറിയ പങ്ക് ആന്റിബോഡി സാന്നിധ്യത്തിനും കാരണം രോഗബാധയാണന്ന് വിലയിരുത്തപ്പെടുന്നു.

ഒരര്‍ത്ഥത്തില്‍ കേരളത്തില്‍ രോഗവ്യാപനം കുറവെന്ന് സിറോ സര്‍വേ വ്യക്തമാകുമ്പോള്‍ കൂടുതല്‍പേര്‍ ഇനിയും രോഗബാധിതരായേക്കാമെന്ന മുന്നറിയിപ്പും മുന്നോട്ടുവയ്ക്കുന്നു. രാജ്യത്തെ 70 ജില്ലകളില്‍ ജൂണ്‍ 14നും ജൂലൈ ആറിനും ഇടയിലാണ് സര്‍വേ നടത്തിയത്. മധ്യപ്രദേശില്‍ 79 ശതമാനം പേര്‍ക്കും കോവിഡ് ആന്റിബോഡി കണ്ടെത്തിയിട്ടുണ്ട്. അസമില്‍ സിറോ പ്രിവലന്‍സ് 50.3 ശതമാനവും മഹാരാഷ്ട്രയില്‍ 58 ശതമാനവുമാണ്.

രാജസ്ഥാന്‍— 76.2, ബിഹാര്‍-75.9, ഗുജറാത്ത് 75.3, ഛത്തിസ്ഗഡ്-74.6, ഉത്തരാഖണ്ഡ്-73.1, ഉത്തര്‍പ്രദേശ്-71, ആന്ധ്രാപ്രദേശ്-70.2, കര്‍ണാടക-69.8, തമിഴ്‌നാട്-69.2, ഒഡിഷ‑68.1 ശതമാനം എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ സിറോ പ്രിവലന്‍സ് നിരക്ക്.

നിലവിലുള്ള ടെസ്റ്റിങ് രീതിയുടെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും കാര്യക്ഷമത വിലയിരുത്താനും കൂടി വേണ്ടി സിറോ പ്രിവലന്‍സ് സര്‍വേ ഉപയോഗപ്പെടുത്താന്‍ സാധിക്കും. രാജ്യത്ത്‌ 40 കോടിയിലധികം പേർക്ക്‌ ഇനിയും കോവിഡ്‌ ബാധിച്ചിട്ടില്ലെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍. ഇവര്‍ ഇപ്പോഴും രോഗഭീഷണി നേരിടുന്നുണ്ടെന്നും സര്‍വേ വിലയിരുത്തുന്നുണ്ട്.

Eng­lish Sum­ma­ry: Ker­ala has the low­est covid anti­body pres­ence; Warn­ing that the dis­ease will increase further

You may like this video also