Web Desk

തിരുവനന്തപുരം

January 25, 2021, 2:18 pm

പ്രായപൂര്‍ത്തിയാകാത്ത ഏഴ് പെണ്‍കുട്ടികളുടെ ഗർഭം അലസിപ്പിക്കാൻ അനുമതി ആവശ്യപ്പെട്ട് അമ്മമാര്‍ ഹെെക്കോടതിയില്‍

Janayugom Online

കഴിഞ്ഞ ആറു മാസത്തിനിടയിൽ പ്രായപൂര്‍ത്തിയാകാത്ത ഏഴ് പെണ്‍കുട്ടികളുടെ അമ്മമാര്‍ തങ്ങളുടെ കുഞ്ഞുമക്കളുടെ ഗർഭം അലസിപ്പിക്കാൻ നിയമപ്രകാരം അനുമതി ആവശ്യപ്പെട്ട് കേരള ഹെെക്കോടതിയെ സമീപിച്ചതായി റിപ്പോര്‍ട്ട്. കോവിഡിനെ തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ഡൗണിനിടെ വിവിധ ലെെംഗിക അതിക്രമങ്ങള്‍ക്ക് ഇരയായ പെണ്‍കുട്ടികളുടെ അമ്മമാരാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഒറ്റദിവസം പോലും മാറ്റിവയ്ക്കപ്പെടാത്ത കേസ്സുകളിൽ അതേ ദിവസം അതിവേഗം തന്നെ കോടതി അനുകൂലമായ വിധി നല്‍കുകയും ചെയ്തു. 13, 14, 16 വയസുകൾ മാത്രം പ്രായമുള്ള പെണ്‍കുട്ടികളാണ് ഗർഭധാരികളായവരിൽ ഉള്‍പ്പെടുന്നത്.

ഗർഭാവസ്ഥയുടെ തുടർച്ചയിൽ ഉണ്ടാകാനിടയുള്ള അപകടസാധ്യതകളെക്കുറിച്ച് മെഡിക്കൽ ബോർഡിന്റെ നിര്‍ദേശങ്ങള്‍ പരിശോധിച്ച ശേഷമാണ് കോടതി ഉത്തരവുകൾ പുറപ്പെടുവിച്ചത്. നവജാതശിശുവിന് ഉണ്ടായേക്കാവുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍, ഗർഭധാരണം അവസാനിക്കുമ്പോൾ പെൺകുട്ടികൾക്ക് ഉണ്ടാകാവുന്ന അപകടസാധ്യതകൾ, ഗർഭം അവസാനിപ്പിക്കുന്നതിനുള്ള മികച്ച മാർഗ്ഗങ്ങൾ എന്നിവ സംബന്ധിച്ചും കോടതിയിൽ ചോദ്യങ്ങൾ ഉയർന്നു.

പെണ്‍കുട്ടികളുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ തുടങ്ങിയവ പരിഗണിച്ചാണ് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. മൂന്ന് ഹെെക്കോടതി ജസ്റ്റിസുമാരാണ് ഏഴ് കേസുകളിലായി വിധി പ്രസ്താവിച്ചത്. ഗർഭം അലസിപ്പിച്ച ശേഷം പഠനം തുടരാന്‍ പെണ്‍കുട്ടികള്‍ ആഗ്രഹം പ്രകടിപ്പിച്ചതായി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ അഭിഭാഷകർ ഇരകൾക്ക് സൗജന്യമായി നിയമപരമായ പിന്തുണ നൽകുമെന്ന് അതോറിറ്റി സെക്രട്ടറി നിസാർ അഹമ്മദ് പറഞ്ഞു.

Eng­lish sum­ma­ry; Ker­ala HC allows MTP for sev­en minors in six months

You may also like this video;