മസ്തിഷ്‌ക മരണ നിർണയം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹർജി തള്ളി ഹൈകോടതി. മസ്തിഷ്ക മരണ നിർണയം ഇന്ത്യയിൽ നിയമ വിധേയമായതിനാൽ കോടതിക്ക് പുനഃപരിശോധിക്കാനാവില്ല. പാർലമെന്റ് പാസാക്കിയ നിയമത്തിലൂടെയാണ് ഇത് രാജ്യത്ത് നിയമ വിധേയമാക്കിയിട്ടുള്ളത്. കൃത്യമായ മെഡിക്കൽ പ്രക്രിയയിലൂടെയാണ് മസ്തിഷ്ക മരണം നിർണയിക്കുന്നതെന്നും ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി കൃഷ്ണകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കൊല്ലം സ്വദേശി ഡോ. എസ് ഗണപതിയാണ് ഹർജി നൽകിയത്. തലച്ചോറിന്റെ മരണം സ്ഥിരീകരിക്കുന്നത് അശാസ്ത്രീയമാണ്. ലോകത്ത് ഇതിന് ഏകീകൃത വ്യവസ്ഥയില്ല. മസ്തിഷ്ക മരണം സ്ഥിരീകരിച്ചവർ ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. കുഞ്ഞിന് ജന്മം കൊടുത്ത സംഭവം പോലുമുണ്ടായിട്ടുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 21 നൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് മസ്തഷ്ക മരണ നിർണയമെന്നായിരുന്നു ഹർജിക്കാരന്റെ വാദം.
അതേസമയം, മസ്തിഷ്കമരണം ശാസ്ത്രീയമാണെന്നായിരുന്നു കേസിൽ കക്ഷി ചേർന്ന ശ്രീചിത്രാ ഇൻസ്റ്റിട്ട്യൂട്ടിലെ ഡോ. എച്ച് വി ഈശ്വറിന്റെ നിലപാട്. തലച്ചോറിന്റെ പ്രവർത്തനം പൂർണമായും നിലച്ച ശേഷമാണ് പ്രഖ്യാപനമുണ്ടാവുക. ആശുപത്രി ഉപകരണങ്ങൾ വെച്ച് ഇത്തരം രോഗികളുടെ ജീവൻ അനന്തമായി നിലനിർത്തുന്നത് മറ്റ് രോഗികളുടെ ചികിത്സാ അവസരം നഷ്ടപ്പെടുത്തുമെന്ന വാദവും അദ്ദേഹം ഉന്നയിച്ചു. മെഡിക്കൽ ബോർഡ് പരിശോധന അടക്കം പല നടപടിക്രമങ്ങളും കടന്നാണ് മസ്തിഷ്ക മരണം പ്രഖ്യാപിക്കുന്നതെന് കോടതി ചൂണ്ടിക്കാട്ടി. കൃത്രിമ സംവിധാനങ്ങൾ ഉപയോഗിച്ച് ശ്വസനം നിലനിർത്തി ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കാനാകുമെന്നും പഠനങ്ങളുണ്ട്. ഇതു സംബന്ധിച്ച സുപ്രീം കോടതി ഉത്തരവുകളും മെഡിക്കൽ പ്രസിദ്ധീകരണങ്ങളുമടക്കം കോടതി പരിശോധിച്ചു.
മസ്തിഷ്കമരണ നിർണയത്തിന് സർക്കാർ പുറപ്പെടുവിച്ച മാർഗരേഖകൾക്ക് നിയമ സാധുത നൽകുന്നതാണ് ഹൈക്കോടതി വിധിയെന്ന് കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ ) എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ് പറഞ്ഞു, വിധി അവയവ മാറ്റിവെക്കലിനെ നിയന്ത്രിക്കുന്ന നിലവിലുള്ള നിയമപരമായ ചട്ടക്കൂടിനെ ഫലപ്രദമായി ശരിവയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.