ഇനി ലീഗല്‍ സൈസ് പേപ്പറുകളില്ല; എ4 പേപ്പറുകളെ സ്വാഗതം ചെയ്ത് കേരള ഹൈക്കോടതി

Web Desk

കൊച്ചി

Posted on September 23, 2020, 5:29 pm

കോടതികളില്‍ പ്രത്യേകമായി ഉപയോഗിക്കുന്ന ലീഗല്‍ സൈസ് പേപ്പറുകള്‍ ഇനി കേരള ഹൈക്കോടതിയില്‍ ഉപയോഗിക്കേണ്ടതില്ല. ലീഗല്‍ സൈസ് പേപ്പറുകള്‍ക്ക് പകരം സാധാരണ എ4 സൈസ് പേപ്പറുകള്‍ തന്നെ ഉപയോഗിച്ചാല്‍ മതിയെന്നാണ് പുതിയ തീരുമാനം. അഭിഭാഷക അസോസിയേഷന്റെ ആവശ്യപ്രകാരമാണ് തീരുമാനം.

സാധാരണ പേപ്പറുകളേക്കാള്‍ അല്‍പം നീളം കൂടിയ പേപ്പറുകളാണ് ലീഗല്‍ സൈസ് പേപ്പറുകള്‍. കോടതികളില്‍ മാത്രം ഉപയോഗിക്കുന്ന ഇവയുടെ ഒരു ഭാഗത്ത് മാത്രം പ്രിന്റ് ചെയ്ത് നല്‍കിക്കൊണ്ടായിരുന്ന അപേക്ഷകളടക്കമുള്ള എല്ലാ കോടതി വ്യവഹാരങ്ങളും നടന്നിരുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടലാസ് ഉപയോഗിക്കുന്ന മേഖലയായ കോടതികള്‍ ഇത്തരമൊരു രീതി പിന്തുടരുന്നത് അനാവശ്യ ചെലവും ബുദ്ധിമുട്ടുകളുമാണ് സൃഷ്ടിക്കുന്നതെന്ന് പലതവണ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

ഇതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഉന്നയിച്ചുക്കൊണ്ട് ക്യാംപെയ്ന്‍ ആരംഭിക്കുകയും പൊതുതാല്‍പര്യ ഹരജി സമര്‍പ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന്, എ4 പേപ്പറുകള്‍ ഉപയോഗിക്കാമെന്നും ഇരുവശവും പ്രിന്റ് ചെയ്യാമെന്നും സുപ്രീം കോടതി തീരുമാനമെടുത്തിരുന്നു.

ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കേരള ഹൈക്കോടതിയുടെ പുതിയ തീരുമാനം. കടലാസിന്റെ ഉപയോഗം കുറക്കുന്നത് പരിസ്ഥിതിക്ക് ഗുണകരമാണ്. കൂടാതെ ചെലവ് കുറക്കാനും സാധിക്കും. ഫയലുകള്‍ സൂക്ഷിച്ചുവെക്കാനുള്ള സ്ഥലവും ലാഭിക്കാം. എല്ലായിടത്തും ലഭ്യമായ എ4 സൈസ് പേപ്പറുകള്‍ക്ക് ചെലവ് കുറവാണ്. ഇക്കാരണങ്ങളാലാണ് എ4 സൈസ് പേപ്പറിലേക്ക് മാറാന്‍ തീരുമാനിച്ചതെന്നും കോടതി ഉത്തരവില്‍ പറയുന്നു.

Eng­lish sum­ma­ry; Ker­ala High Court wel­comes A4 papers

You may also like this video;