Web Desk

തിരുവനന്തപുരം:

January 28, 2021, 10:01 pm

കേരള ഹണി ഉടൻ വിപണിയിലെത്തും: കൃഷി മന്ത്രി

Janayugom Online

ലോകോത്തര നിലവാരമുളള കേരളത്തിലെ തേൻ ഉടൻ തന്നെ ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ കേരള ഹണി എന്ന ബ്രാൻഡിൽ പുറത്തിറക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ. കൃഷി വകുപ്പ് ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച തേനീച്ച വളർത്തൽ പ്രചരണ പരിപാടിയുടെയും തേനീച്ച കർഷകർക്കായിട്ടുളള എപ്പികാർഡ് വിതരണത്തിന്റയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സർക്കാർ അധികാരമേറ്റ ശേഷം തേനീച്ച കർഷകരുടെ ഉന്നമനത്തിനായി ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. തേനീച്ച കർഷകർക്കായി സംസ്ഥാനതല അവാർഡ് ഏർപ്പെടുത്തുകയും തേനീച്ച വളർത്തൽ ഒരു കൃഷിയായി പ്രഖ്യാപിക്കുകയും ചെയ്തു.

പുതുതായി രൂപീകരിച്ചിട്ടുളള കർഷക ക്ഷേമനിധിബോർഡിൽ തേനീച്ച കർഷകർക്കും അംഗങ്ങളായി ചേരുന്നതിന് അവസരമുണ്ടായിരിക്കും. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ഉല്പാദിപ്പിക്കുന്ന “അമൃത് ഹണി” ക്ക് അഗ്മാർക്ക് മുദ്രയും ലഭിച്ചിട്ടുണ്ട്. കേരളത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന തേൻ അന്താരാഷ്ട്ര തലത്തിൽ തന്നെ ഒട്ടനവധി ഗുണഗണങ്ങൾ ഉളളവയാണെന്ന് ഇതിനോടകംതന്നെ പഠനങ്ങൾ തെളിയിച്ചുകഴിഞ്ഞു. കേരളത്തിലെ തേനിൽ പല പോഷകങ്ങളുടെയും അളവ് അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറ്റവും ഉയർന്ന സ്കെയിലിൽ രേഖപ്പെടുത്തിയിട്ടുളളതാണെന്നും മന്ത്രി പറഞ്ഞു. കൗൺസിലർ പാളയം രാജൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ തേനീച്ച കർഷകർക്കുളള എപ്പികാർഡ് വിതരണം മന്ത്രി നിർവഹിച്ചു. ഹോർട്ടികോർപ്പ് എംഡി സജീവ് ജെ , ഹോർട്ടികൾച്ചർ മിഷൻ എംഡി സജി ജോൺ, കൃഷി അഡീഷണൽ ഡയറക്ടർ ഡോ. രാജേന്ദ്രലാൽ എന്നിവർ സംസാരിച്ചു.

ENGLISH SUMMARY: Ker­ala Hon­ey soon Will hit the mar­ket: Min­is­ter of Agriculture

YOU MAY ALSO LIKE THIS VIDEO