Web Desk

കോഴിക്കോട്

January 15, 2020, 6:57 pm

കേരള രാജ്യാന്തര വനിതാ ചലച്ചിത്രോത്സവം 21 മുതൽ

Janayugom Online

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും ഫിലിം സൊസൈറ്റീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് കേരള രാജ്യാന്തര വനിതാ ചലച്ചിത്രോത്സവം ജനുവരി 21 മുതൽ 28 വരെ കോഴിക്കോട് ടാഗോർ തിയേറ്ററിൽ നടക്കും. 5 ദിവസങ്ങളിലായി 35 സിനിമകൾ പ്രദർശിപ്പിക്കും. സമകാലിക വിദേശ സിനിമ, സമകാലിക ഇന്ത്യൻ സിനിമ, സമകാലിക മലയാളം സിനിമ, മലയാളത്തിൽ സബ്ടൈറ്റിൽ ചെയ്തസിനിമകൾ, ഡോക്യുമെന്ററി ഹസ്വ സിനിമകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് പ്രദർശിപ്പിക്കുന്നത്. രാവിലെ 9.30 മുതൽ രാത്രി 8.30 വരെയാണ് പ്രദർശനം. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന ഡെലിഗേറ്റുകൾക്കാണ് ചലച്ചിത്രാത്സവത്തിൽ പ്രവേശനം. സ്ത്രീകൾക്ക് 200 രൂപയും പുരുഷന്മാർക്ക് 300 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.

ഒരു സ്റ്റാമ്പ് സൈസ് ഫോട്ടോയും വേണം. ഓൺലൈൻ രജിസ്ട്രേഷൻ ഇല്ല. കോഴിക്കോട് ടൗൺഹാളിന് പിറകിലുള്ള ആനക്കുളം സാംസ്കാരിക നിലയത്തിൽ പ്രവർത്തിക്കുന്ന ചലച്ചിത്ര അക്കാദമി പ്രാദേശിക കേന്ദ്രത്തിൽ ജനുവരി 20 വരെ രജിസ്റ്റർ ചെയ്യാം. സമയം രാവിലെ 11 മണി മുതൽ വൈകുന്നേരം 6 മണി വരെ. ചലച്ചിത്രോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ജനുവരി 21ന് വൈകുന്നേരം 5 മണിക്ക് നടക്കും. മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷനും തിരക്കഥാകൃത്തും ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗവുമായ ദീദി ദാമോദരൻ, ഡെപ്യൂട്ടി മേയർ മീര ദർശക്, കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷ ഡോ. ഖദീജ മുംതാസ് എന്നിവർ ഉപാധ്യക്ഷരുമായി സംഘാടക സമിതി രൂപീകരിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ചലച്ചിത്ര അക്കാദമി ഉപാധ്യക്ഷ ബീന പോൾ ആർട്ടിസ്റ്റിക് ഡയറക്ടറും, ഫിലിം സൊസൈറ്റി ഫെഡറേഷൻ വൈസ് പ്രസിഡണ്ട് ചെലവൂർ വേണു ഫെസ്റ്റിവൽ ഡയറക്ടറുമാണ്. കേരള റീജ്യണൽ സെക്രട്ടറി കെ ജി മോഹൻകുമാർ ആണ് ജനറൽ കൺവീനർ. റീജ്യണൽ കൗൺസിൽ അംഗം കെ ജെ തോമസ് ഫെസ്റ്റിവൽ കോ-ഓർഡിനേറ്ററും ചലച്ചിത്ര അക്കാദമി പ്രാദേശിക കേന്ദ്രം കോ-ഓർഡിനേറ്റർ നവീന സുഭാഷ് ജോ. കോ-ഓർഡിനേറ്ററുമായിരിക്കും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി വൈസ് ചെയർപേഴ്സൺ ദീദി ദാമോദരൻ, ഫെസ്റ്റവൽ ഡയറക്ടർ ചെലവൂർ വേണു, കെ ജെ തോമസ്, ലേഖ സംബന്ധിച്ചു.

Eng­lish Sum­ma­ry: Ker­ala Inter­na­tion­al Wom­en’s Film Fes­ti­val from 21st.

you may also like this video;