Janayugom Online
SWAMI AGNIVESHpress club-jana

മതസൗഹാര്‍ദത്തില്‍ കേരളം മാതൃക: സ്വാമി അഗ്‌നിവേശ്

Web Desk
Posted on August 07, 2018, 10:02 pm
തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടന്ന എന്‍ നരേന്ദ്രന്‍ സ്മാരക പ്രഭാഷണ പരിപാടിയില്‍
സ്വാമി അഗ്നിവേശ് സംസാരിക്കുന്നു

തിരുവനന്തപുരം: സാംസ്‌കാരിക വൈവിധ്യം നഷ്ടപ്പെടുത്താതെ മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുന്ന കേരളം രാജ്യത്തിന് മാതൃകയാണെന്ന് സ്വാമി അഗ്‌നിവേശ് പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ എന്‍ നരേന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മതസ്പര്‍ധ വളര്‍ത്തുകയും വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുകയും ചെയ്യുന്ന ബിജെപി, ആര്‍എസ്എസ് ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ സംസ്ഥാനം നേതൃപരമായ പങ്ക് വഹിക്കണമെന്നും അഗ്‌നിവേശ് പറഞ്ഞു. വിദ്വേഷ രാഷ്ട്രീയ പ്രചാരണത്തില്‍ ആര്‍എസ്എസ് പ്രകടിപ്പിക്കുന്ന പൂര്‍ണ സമര്‍പ്പണം അതിനെ ചെറുക്കുന്നതില്‍ മതേതരവാദികളും കാണിക്കണം. സ്വന്തം താല്‍പ്പര്യം സംരക്ഷിക്കാനും നടപ്പാക്കാനും പൊലീസ്, കോടതി സംവിധാനങ്ങളില്‍പോലും കേന്ദ്രസര്‍ക്കാര്‍ കൈകടത്തുന്നു. എതിര്‍സ്വരങ്ങളെ അമര്‍ച്ച ചെയ്യുന്ന നയമാണ് കേന്ദ്ര സര്‍ക്കാരിന്റേത്. അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യ സംരക്ഷണത്തിന് എല്ലാ വിഭാഗങ്ങളും ഒരുമിച്ച് പോരാടണം. മാധ്യമപ്രവര്‍ത്തകര്‍ ഇതിന് മുന്നിട്ടുവരണം. യുവഹൃദയങ്ങളില്‍ ആര്‍എസ്എസ് പടര്‍ത്തിയ വെറുപ്പിന്റെ മുദ്രാവാക്യങ്ങള്‍ മായ്ച്ചുകളയാനുള്ള ബദല്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം. വെറുപ്പിനെ സ്‌നേഹം കൊണ്ടും അക്രമത്തെ അഹിംസ കൊണ്ടും നേരിടാന്‍ സ്‌കൂള്‍, കോളജ് തലം മുതല്‍ക്കേ വിദ്യാര്‍ഥികളെ തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു.