Web Desk

തിരുവനന്തപുരം

January 21, 2020, 8:56 pm

മാലിന്യ സംസ്ക്കരണം ഭാവി തലമുറയിലേക്ക് എത്തിക്കുന്നതിന് കേരളം മികച്ച മാതൃക: മുഖ്യമന്ത്രി

Janayugom Online

മാലിന്യ സംസ്ക്കരണം മികച്ച രീതിയിൽ ഭാവി തലമുറയിലേക്കെത്തിക്കാൻ സംസ്ഥാനം ഇതിനോടകം തന്നെ മികച്ച മാതൃക തീർത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹരിത കേരളം മിഷൻ കനകക്കുന്ന് സൂര്യകാന്തിയിൽ സംഘടിപ്പിക്കുന്ന ശുചിത്വ സംഗമം 2020 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശുചിത്വ കാര്യങ്ങളിൽ ഭാവിതലമുറയുടെ ഇടപെടൽ ഉറപ്പുവരുത്തുന്നതിനായി സ്കൂൾ വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുന്നതിന് നമുക്ക് സാധിച്ചിട്ടുണ്ട്. ഉറവിട മാലിന്യ സംസ്ക്കരണവും പ്ലാസ്റ്റിക് ബദൽ മാതൃകകളും സ്കൂൾ വിദ്യാർഥികളിൽ സ്വാധീനം ചെലുത്തുവാനും അവരിലൂടെ മുതിർന്നവരിലേക്ക് ഇവ എത്തിക്കുന്നതിനും പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും കഴിഞ്ഞിട്ടുണ്ട്. ഇത് കൂടുതൽ നിലനിൽക്കുകയും തുടർന്നു കൊണ്ടുപോകുന്നതിനും നമുക്ക് സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരളം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടത് നാടാകെ ശുചിയായിരിക്കുക എന്നതു തന്നെയാണ്. ഉറവിട മാലിന്യ സംസ്ക്കരണമാണ് ഇക്കാര്യത്തിൽ പ്രമുഖമായി എടുക്കേണ്ടത്. ഉറവിട മാലിന്യ സംസ്ക്കരണത്തെപറ്റി ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും പഴയശീലങ്ങൾ തുടരുകയാണ് പലരും. കൂടുതൽ നല്ല നിലയിൽ ശുചീകരണകാര്യങ്ങൾ പൂർണതയിലെത്തിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്. ശുചീകരണമെന്നാൽ പരിസരമാകെ പൂർണമായി വൃത്തിയായിസൂക്ഷിക്കുക എന്നതാണ്. എല്ലാ പാഴ വസ്തുക്കളും ജലാശയങ്ങളിലേക്ക് വലിച്ചെറിയുന്ന ശീലം നമുക്കുണ്ട്. അതിന്റെ ഫലമായി ഒട്ടുമിക്ക ജലാശയങ്ങളും മലീമസമായിരുന്നു. ഇവ ശുദ്ധിയാക്കി തുടങ്ങിയതോടെ വെള്ളത്തിന് അതിന്റെ സ്വാഭാവിക നിറത്തിലേക്കും ശുദ്ധിയിലേക്കും എത്താൻ സാധിച്ചു. നീരുറവകൾ ശുചിയാക്കുന്ന പ്രവർത്തനം നാട്ടുകാർകൂടെ ഏറ്റെടുത്തതോടെ നദികളും തോടുകളും കിണറുകളും ഉൾപ്പെടെയുള്ള ജാശയങ്ങൾ നമുക്ക് ഒരുപരിധിവരെ വീണ്ടെടുക്കാനുമായിട്ടുണ്ട്. തലസ്ഥാനത്തെ പാർവതീ പുത്തനാർ പോലെയുള്ള ജലാശയങ്ങളിൽ ജലപാതകളുടെ നവീകരണം നടത്തിയും ശുദ്ധമാക്കൽ പ്രക്രിയയെ സഹായിച്ചു. ഇവയെല്ലാം തുടരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

ശുചീകരണത്തിന് ഉറവിട മാലിന്യ സംസ്ക്കരണം പോലെ പ്രധാനപ്പെട്ടതാണ് കേന്ദ്രീകൃത മാലിന്യസംസ്ക്കരണ സംവിധാനവും. സ്ഥലപരിമിതിയുള്ള നഗരപ്രദേശങ്ങളിൽ മറ്റ് മാർഗങ്ങൾക്ക് പരിമിതിയുണ്ട്. എന്നാൽ ജനങ്ങളുടെ ഉള്ളിൽ വിളപ്പിൽശാല മാലിന്യസംസ്ക്കരണ കേന്ദ്രം പോലെ ചില മോശം മാതൃകകൾ കിടക്കുന്നതിനാലാണ് അവർക്ക് ആശങ്കയുണ്ടാകുന്നത്. ഇക്കാര്യത്തിൽ നൂതനസാങ്കേതിക വിദ്യയുടെ സഹായത്തോടെ മികച്ച പ്ലാന്റുകൾ നിർമിച്ച് പ്രശ്നം പരിഹരിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനാൽതന്നെ ജനങ്ങൾക്ക് ഒരു പ്രയാസവും അനുഭവപ്പെടാതെ ആധുനിക മാലിന്യ സംസ്ക്കരണ കേന്ദ്രങ്ങൾ തുടങ്ങാനാകുമെന്നും അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് ബദൽ ഉല്പന്നങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ അധ്യക്ഷ അഡ്വ. തുളസീഭായിക്ക് നൽകിയാണ് മുഖ്യമന്ത്രി ശുചിത്വസംഗമം ഉദ്ഘാടനം ചെയ്തത്. തുടർന്ന് മുഖ്യമന്ത്രിയുടെ 2020ലെ ഹരിത അവാർഡുകളും അദ്ദേഹം വിതരണം ചെയ്തു.

Eng­lish Sum­ma­ry: Ker­ala is a per­fect mod­el for future gen­er­a­tion of waste man­age­ment: CM