Saturday
23 Feb 2019

മോഡിയുടെ നാട്ടില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടവര്‍ക്ക് കേരളം സുരക്ഷിത കേന്ദ്രം

By: Web Desk | Friday 12 October 2018 10:02 PM IST


ബേബി ആലുവ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ നിന്നു ജീവനും വാരിപ്പിടിച്ച് ഇതര സംസ്ഥാനക്കാര്‍ പലായനം ചെയ്യുമ്പോള്‍ കേരളം അവര്‍ക്കെന്നും സുരക്ഷിത താവളം .

35 ലക്ഷത്തിനും 40 ലക്ഷത്തിനും ഇടയ്ക്ക് ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ വിവിധയിനം തൊഴിലുകളില്‍ ഏര്‍പ്പെട്ട് ഏറെവര്‍ഷങ്ങളായി കേരളവുമായി ഇഴുകിച്ചേര്‍ന്ന് കഴിയുന്നു എന്നതു തന്നെ നാട്ടുകാര്‍ അവര്‍ക്കു നല്‍കുന്ന പരിഗണനയുടെയും സമഭാവത്തിന്റെയും തെളിവായി, യുപിയിലെ ഉത്തരകാശിയില്‍ നിന്നുള്ള നിര്‍മ്മാണത്തൊഴിലാളിയും ഈ രംഗത്തെ എ ഐ ടി യു സി യൂണിയനില്‍ അംഗവുമായ ഈശ്വര്‍ യാദവ് പറഞ്ഞു. 18 വര്‍ഷമായി കുടുബത്തോടൊപ്പം ആലുവയിലാണ് ഈശ്വര്‍ കഴിയുന്നത്. മൂന്നു മക്കളില്‍ രണ്ടു പെണ്‍കുട്ടികള്‍ വീടിനു തൊട്ടടുത്ത കോണ്‍വെന്റ് സ്‌കൂളില്‍ പഠിക്കുന്നു. മറുനാടന്‍ തൊഴിലാളികള്‍ക്കായി കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ആരോഗ്യ സുരക്ഷ, പാര്‍പ്പിട ഇന്‍ഷ്വൂറന്‍സ് പദ്ധതികള്‍, സ്വന്തം നാടായ യു പിയിലെ സര്‍ക്കാര്‍ അവിടങ്ങളിലെ ജനങ്ങള്‍ക്കു വേണ്ടിപ്പോലും ആലോചിട്ടില്ലാത്തവയാണെന്ന് ഈശ്വര്‍ പറയുന്നു.

തൊഴിലില്ലായ്മയുടെ രൂക്ഷത മൂലമാണ് ലക്ഷക്കണക്കായ യുവാക്കള്‍ നിത്യവൃത്തിക്കുള്ള മാര്‍ഗ്ഗം തേടി പുറം നാടുകളിലേക്കു പോകുന്നത്. ഒരു ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്നുണ്ടായ അതിക്രൂരമായ കൊലപാതകത്തെ തുടര്‍ന്ന് പ്രതിഷേധം കൊടുംപിരിക്കൊണ്ട സമയങ്ങളിലും മറ്റു മറുനാട്ടുകാര്‍ക്കു നേരെ കേരളീയര്‍ തിരിഞ്ഞില്ല. ഇതര സംസ്ഥാനക്കാര്‍ക്കു നേരെ കേരളത്തില്‍ അതിക്രമം വ്യാപിക്കുന്നു എന്നു കള്ളപ്രചാരണം നടത്തി രാജ്യത്തിനു മുമ്പില്‍ കേരളത്തെ താഴ്ത്തിക്കെട്ടാനും അതില്‍ നിന്നു മുതലെടുപ്പ് നടത്താനും അടുത്ത കാലത്ത് ചില സാമൂഹിക വിരുദ്ധശക്തികള്‍ ശ്രമം നടത്തിയെങ്കിലും അത് ഏശിയില്ല.

ഒരു കാലത്ത്, മഹാരാഷ്ട്രയിലെ സാമൂഹികസാംസ്‌കാരിക മേഖലകളില്‍ വലിയ സാന്നിദ്ധ്യമായിരുന്ന മലയാളികളെ,മണ്ണിന്റെ മക്കള്‍ വാദമുയര്‍ത്തി ശിവസേനയുടെ നേതൃത്വത്തില്‍ ആട്ടിയോടിച്ചപ്പോള്‍ മലയാളി കുടുംബങ്ങള്‍ അനുഭവിച്ച വേദന, തങ്ങളോടുള്ള കേരളീയരുടെ ഇടപെടലുകളില്‍ കാണാമെന്ന് ഈശ്വര്‍ യാദവും സുഹൃത്തുക്കളും പറഞ്ഞു.
അതിരൂക്ഷമായ തൊഴിലില്ലായമ മൂലം പൊറുതിമുട്ടിയാണ് യു പി, ബിഹാര്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ യുവാക്കള്‍ കേരളത്തിലേക്കും ഗുജറാത്തിലേക്കുമൊക്കെ നീങ്ങുന്നത്. കേരളത്തിലേതുപോലെ ഉയര്‍ന്ന കൂലിയോ, തൊഴിലിനു സമയ ക്ലിപ്തതയോ, തൊഴില്‍ അന്തരീക്ഷമോ ഗുജറാത്തില്‍ കണികാണാനില്ലെങ്കിലും ധാരാളം ചെറുകിട വ്യവസായങ്ങളുള്ളതുകൊണ്ട് തൊഴില്‍ സാദ്ധ്യത ഏറെയാണ്.അതു പോലെ തന്നെ കടുത്തതാണ് തൊഴിലുടമകളുടെ തൊഴില്‍ ചൂഷണവും.

മണ്ണിന്റെ മക്കള്‍ വാദമുയര്‍ത്തി സംഘ പരിവാര്‍ സംഘടനകളും കുറെക്കാലമായി സജീവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ ഫാക്ടറികളില്‍ 80 ശതമാനം തദ്ദേശീയര്‍ക്ക് തൊഴില്‍ നല്‍കണമെന്ന വാദമുയര്‍ത്തിയാണ് സംഘ പരിവാര്‍ യുവാക്കളെ അക്രമത്തിനു പ്രേരിപ്പിക്കുന്നത്. അതിനായി ഠാകോര്‍ സേന എന്ന തദ്ദേശസംഘടനയും രൂപവത്കരിച്ചിട്ടുണ്ട്.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മാത്രമാണ് അക്രമസംഭവങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുള്ളത്. യു പി, മദ്ധ്യപ്രദേശ് ബി ജെ പി സര്‍ക്കാരുകള്‍ സംഭവം അറിഞ്ഞമട്ടേയില്ല. ഗുജറാത്ത് സര്‍ക്കാരും കാര്യങ്ങള്‍ ഗൗരവമായെടുത്തിട്ടില്ല. അതിന്റെ തെളിവാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ ഗുജറാത്ത് വിട്ടത് ആക്രമണം ഭയന്നു മാത്രമല്ലെന്നും ആ സംസ്ഥാനങ്ങളില്‍ ഉല്‍സവ സീസണ്‍ അടുത്തതിനാല്‍ അതില്‍ പങ്കുകൊള്ളാനാണ് ഭൂരിപക്ഷം പേരും പോയതെന്ന വാദവുമായി ഡി ജി പി ശിവാനന്ദ് ഝാ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, മറുനാട്ടുകാര്‍ ജോലി ചെയ്യുന്ന ഫാക്ടറികള്‍ അടപ്പിക്കുക, കൂട്ടമായി താമസിക്കുന്ന ഇടങ്ങളില്‍ നിന്നു ബലമായി ഒഴിപ്പിക്കുക, സംഘം ചേര്‍ന്ന് വളഞ്ഞ് ആക്രമിക്കുക തുടങ്ങിയ സംഭവങ്ങള്‍ ഗ്രാമങ്ങളില്‍ ഇപ്പോഴും തുടരുകയാണെന്നും ചിലയിടങ്ങളില്‍ നിന്ന് 70 ശതമാനത്തോളം പേര്‍ ഗുജറാത്ത് വിട്ടിട്ടുണ്ടെന്നും പലായനം തുടരുകയാണെന്നുമാണ് കുടിയേറ്റ തൊഴിലാളി സംഘടനയായ ഉത്തര്‍ ഭാരതീയ വികാസ് പരിഷത്തിന്റെ ആരോപണം.