March 28, 2023 Tuesday

Related news

September 19, 2022
January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022
January 18, 2022
January 17, 2022
January 17, 2022
January 16, 2022

കേരളം അഭിമുഖീകരിക്കുന്ന പ്രതിസന്ധിഘട്ടം; ഒരുമിച്ച് നേരിടണം

Janayugom Webdesk
തിരുവനന്തപുരം
March 12, 2020 11:08 pm

കോവിഡ് 19 വ്യാപനത്തെ തുടർന്ന് സംസ്ഥാനം ഒരു പ്രത്യേക സ്ഥിതിയാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒന്നിച്ചു നിന്ന് ഈ പ്രതിസന്ധിഘട്ടത്തെ നേരിടേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാര്യങ്ങൾ പൂർണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല. പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് മുൻഗണന. ആവശ്യമായ മുൻകരുതലുകൾ എല്ലാക്കാര്യങ്ങളിലും എടുത്തിട്ടില്ലെങ്കിൽ പിടിവിട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുവേ ആശങ്ക നിലനിൽക്കുന്നതിനാൽ മാർച്ച് 31വരെ ആളുകൾ ഒത്തുകൂടുന്ന പൊതുപരിപാടികൾ കർശനമായും ഒഴിവാക്കണം. അവധിയിലുള്ള വിവിധ വകുപ്പ് സെക്രട്ടറിമാർ തിരികെ ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു. ജാഗ്രതയും പൗരബോധത്തോടെയുള്ള പെരുമാറ്റവുമാണ് ഇപ്പോൾ ആവശ്യം. ഒരു തരത്തിലുമുള്ള ഭയപ്പാടുമല്ല ഉണ്ടാകേണ്ടത്. കൃത്യമായ ജാഗ്രത പാലിച്ചാൽ ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താൻ കഴിയും. ഇതുവരെ അത് പാലിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെ ഒരു സ്ഥിതിവിശേഷം നേരിടേണ്ടിവന്നതിനാൽ അതിന്റെ ഗൗരവത്തിന് അനുസരിച്ചുള്ള നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുക. എല്ലാവരുടെയും സഹകരണവും ഒത്തൊരുമിച്ചുള്ള പ്രവർത്തനവുമാണ് ഈ ഘട്ടത്തിൽ ഒഴിച്ചുകൂടാനാവാത്തത്.

എല്ലാ സർക്കാർ സംവിധാനങ്ങളും ഉണർന്നു പ്രവർത്തിക്കേണ്ട ഘട്ടമാണിത്. ജനങ്ങളാകെ പരസ്പര ധാരണയോടെയും ജാഗ്രതയോടെയും സർക്കാർ നിർദ്ദേശങ്ങളോട് പ്രതികരിക്കുകയും സഹകരിക്കുകയും വേണം. കൊറോണ ഒരു മഹാമാരിയായി ലോകമെമ്പാടും പ്രഖ്യാപിച്ച സാഹചര്യത്തിൽ, കേരളത്തിൽ അത് പടരുന്നത് തടയാൻ ആവശ്യമായ ശാസ്ത്രീയ മാർഗ്ഗങ്ങളാണ് സ്വീകരിക്കുക. ഭീതിയുടെ ഭാഗമായി മറ്റേതെങ്കിലും നടപടിയിലേക്ക് കടക്കാതെ ഗൗരവമായ പ്രതിരോധ നടപടികളിലേക്കാണ് സർക്കാർ ശ്രദ്ധചെലുത്തുക. പരിസരം, വീട്, വ്യക്തിശുചീകരണം എന്നിവ നിർബന്ധമായും ജനങ്ങൾ ഏറ്റെടുക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇക്കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. പൊതുജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഫീൽഡ് ജീവനക്കാരുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷ ഉറപ്പുവരുത്തുന്ന നടപടിയും സർക്കാർ ഉറപ്പ് വരുത്തും. എല്ലാ സർക്കാർ സംവിധാനങ്ങളും യോജിച്ച് ഇക്കാര്യങ്ങളിൽ നടപടിയെടുക്കും.

കമ്മ്യൂണിറ്റി വാളന്റിയർ സേനയ്ക്ക് പ്രാദേശികമായി പെട്ടെന്ന് പരിശീലനം നടത്തി അവരുടെ സേവനം പ്രയോജനപ്പെടുത്തും. സർക്കാരിന്റെ നിർദ്ദേശങ്ങൾ ഗൗരവമായി പൊതുജനങ്ങൾ ഉൾക്കൊണ്ടതിനാൽ വൈറസ് വ്യാപനം ഫലപ്രദമായി തടയാൻ കഴിഞ്ഞിട്ടുണ്ട്. എന്നാലും ഒറ്റപ്പെട്ട ദുരനുഭവം ഉണ്ടായിട്ടുണ്ട്. നിർദ്ദേശം പാലിക്കാത്തവർ, നിസഹകരണം പുലർത്തുന്നവർ, രോഗവിവരങ്ങൾ മറച്ചുവയ്ക്കുന്നവർ, അലക്ഷ്യമായി പെരുമാറുന്നവർ എന്നിവരെ പൊതുതാല്പര്യംവെച്ച് അത്തരക്കാരെ കർക്കശമായി നിയന്ത്രിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചില കേന്ദ്രങ്ങളിൽ തെറ്റായ ഇടപെടല്‍ ഉണ്ടാകുന്നു. ആലപ്പുഴയിൽ വിദേശ ടൂറിസ്റ്റുകളെ ഇറക്കിവിടാനുള്ള ശ്രമം നടന്നു. ഇത്തരം നടപടികൾ ആരുടെ ഭാഗത്തു നിന്നും ഉണ്ടാകാൻ പാടില്ല. അത്തരക്കാർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ, ആരോഗ്യ മന്ത്രി കെ കെ ശൈലജ, തദ്ദേശ സ്വയംഭരണ മന്ത്രി എ സി മൊയ്തീൻ തുടങ്ങിയവർ പങ്കെടുത്തു. എല്ലാദിവസവും വൈകിട്ട് അവലോകന യോഗം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പ്രതിപക്ഷ നേതാവിന്റെ നിലപാടുകൾ നിർഭാഗ്യകരം

കോവിഡ് വ്യാപനത്തെ തടയാൻ സർക്കാര്‍ സ്വീകരിച്ച നിർദ്ദേശങ്ങൾക്ക് ഒപ്പം നിൽക്കാതെ ആക്ഷേപങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നടപടി നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രശ്നം കൈകാര്യം ചെയ്യുന്നതിലൂടെ സർക്കാരിന്റെ യശസ് കൂടിപ്പോകുമോയെന്ന ചർച്ചയാണ് അവരുടെ പാർട്ടിക്കുള്ളിൽ ഉണ്ടായത്. എന്തെല്ലാം നിലയിലാണ് നാട് മാറുന്നത്. ഇങ്ങനെ ഒരു മഹാമാരി വരുമ്പോൾ ജനങ്ങളെ അതിനു മുന്നിലേക്ക് തള്ളിവിടുകയാണോ വേണ്ടത്? എല്ലാവരും ഒത്തുചേർന്ന് ജാഗ്രതപാലിച്ച് മുന്നോട്ടുപോകുമ്പോൾ, അതിനു മുന്നിൽ നിങ്ങൾ ഏത് പക്ഷമാണ്, ഏത് മുന്നണിയാണ് എന്ന് നോക്കണമെങ്കിൽ നാട്ടിൽ മനുഷ്യർ വേണ്ടേ ? അവർക്കൊപ്പമല്ലേ നമ്മൾ നിൽക്കേണ്ടതെന്നും ഇതു സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

 ഡൽഹിയിലെ ജനക്പുരിയിൽ ഒരാൾക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

 ഡൽഹിയിലെ തീയറ്ററുകളും സ്കൂളുകളും കോളജുകളും മാർച്ച് 31 വരെ അടച്ചു

 കർണാടകയിൽ 26 വയസ്സുള്ള യുവാവിന് കൊറോണ സ്ഥിരീകരിച്ചു. ഗ്രീസിൽ പോയി മടങ്ങിയെത്തിയ ആൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊറോണ ബാധിതരുടെ എണ്ണം അഞ്ചായി

 പൂനെയിൽ ഒരാൾക്കുകൂടി രോഗബാധ: ആകെ ഒമ്പതായി

 ലഡാക്കിലും ഒരാൾ കൂടി രോഗബാധിതൻ

 കാസർകോട്ടെ നഴ്സിന് ബഹറിനിൽ കൊറോണ ബാധ

 കേന്ദ്ര മന്ത്രിമാർ വിദേശ യാത്ര നടത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

 രാഷ്ട്രപതി ഭവനിൽ സന്ദർശകരെ വിലക്കി

 പ്രവാസികൾക്കായി നോർക്ക കാൾ സെന്റർ

 പത്തനംതിട്ടയില്‍ സ്ഥിതി നിയന്ത്രണവിധേയം

 ഇറാനിൽ കുടുങ്ങിയ വിദ്യാർത്ഥികളുമായി ബന്ധപ്പെടണം: കേന്ദ്രത്തിന് ഹൈക്കോടതി നോട്ടീസ്

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.