Web Desk

തിരുവനന്തപുരം

December 15, 2020, 9:54 pm

സാക്ഷരതയിലും ഇന്റർനെറ്റ് ഉപയോഗത്തിലും കേരളം ബഹുദൂരം മുന്നിൽ

Janayugom Online

ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം സാക്ഷരതയിലും ഇന്റർനെറ്റ് ഉപയോഗത്തിലും കേരളം ബഹുദൂരം മുന്നിൽ. അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 17 സംസ്ഥാനങ്ങളിലെയും സർവേ റിപ്പോർട്ടാണ് ഡിസംബർ 12ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയത്.

ഉത്തർപ്രദേശ്, മധ്യപ്രദേശ് പോലുള്ള പ്രമുഖ സംസ്ഥാനങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്. റിപ്പോർട്ട് പ്രകാരം സാക്ഷരത, ഇന്റർനെറ്റ് ഉപയോഗം, സ്കൂൾ വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം എന്നിവയിലെല്ലാം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ നിരക്ക് വളരെ മുന്നിലാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാക്ഷരതാ നിരക്കിൽ കേരളത്തിൽ സ്ത്രീകളാണ് മുന്നിലുള്ളത്. 98.3 ശതമാനമാണ് സ്ത്രീസാക്ഷരത നിരക്കെങ്കിൽ പുരുഷ സാക്ഷരതാ നിരക്ക് 98.2 ശതമാനമാണ്. തൊട്ടുപിന്നിലുള്ള ഗോവയിൽ സ്ത്രീ — പുരുഷ സാക്ഷരതാ നിരക്ക് യഥാക്രമം 93, 96.3 ശതമാനമാണ്. ആന്ധ്രാപ്രദേശിൽ സ്ത്രീ — പുരുഷ സാക്ഷരതാ നിരക്ക് യഥാക്രമം 68.6, 79, ബിഹാറിൽ 57.8, 78.5 ശതമാനം വീതമാണ്. ഗുജറാത്തിൽ ഇത് 76.7, 90.9 ശതമാനമാണ്. കർണാടകയിൽ സ്ത്രീകളുടെ സാക്ഷരതാ നിരക്ക് 76.7, പുരുഷന്മാരുടേത് 88.5 ശതമാനമാണ്. തെലങ്കാനയിൽ ഇത് യഥാക്രമം 66, 84, പശ്ചിമബംഗാളിൽ 76.1, 81.6 ശതമാനം വീതവും.

കേരളത്തിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം 61.1 ശതമാനവും പുരുഷന്മാരുടേത് 76.1 ശതമാനവുമാണ്. സ്ത്രീ — പുരുഷ നിരക്കിലെ വ്യത്യാസമാകട്ടെ 15 ശതമാനം മാത്രവും. അതേസമയം മറ്റെല്ലാ സംസ്ഥാനങ്ങളിലും ഇത് 50 ശതമാനത്തോളമാണ്. അതിന് മുകളിലുള്ള സംസ്ഥാനങ്ങളുമുണ്ട്. ആന്ധ്രയിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന സ്ത്രീകളുടെ നിരക്ക് 21 ശതമാനവും പുരുഷന്മാരുടേത് 48.8 ശതമാനവുമാണ്. ബിഹാറിൽ ഇത് യഥാക്രമം 20.6, 43.6, ഗുജറാത്തിൽ 30.8, 58.9 ശതമാനം വീതവുമാണ്.
ഇന്റർനെറ്റ് ഉപയോഗിക്കുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും എണ്ണത്തിൽ ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരത്തിന്റെ കാര്യത്തിലും കേരളം മെച്ചപ്പെട്ടു നില്ക്കുന്നുവെന്നാണ് സർവേ വ്യക്തമാക്കുന്നത്. കേരളത്തിൽ സ്ത്രീകൾക്കിടയിലെ ഇന്റർനെറ്റ് ഉപയോഗം നഗരങ്ങളിൽ 64.9 ശതമാനമാണെങ്കിൽ ഗ്രാമങ്ങളിൽ 57.5 ശതമാനമാണ്. പുരുഷന്മാരിൽ ഇത് യഥാക്രമം 78.3, 74.2 ശതമാനവും. അതേസമയം മറ്റ് സംസ്ഥാനങ്ങളിൽ ഈ അന്തരം വലുതാണ്. ഗുജറാത്തിൽ നഗരങ്ങളിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം 48.9 ശതമാനമാണെങ്കിൽ ഗ്രാമങ്ങളിലേത് കേവലം 17.5 ശതമാനം മാത്രമാണ്. പുരുഷന്മാരുടേത് യഥാക്രമം 72.9, 48 ശതമാനവും. ഓരോ സംസ്ഥാനങ്ങളിലെയും കണക്കുകൾ ഇതിന് സമാനമാണ്.
പത്താം ക്ലാസിലധികം വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണത്തിലും കേരളമാണ് മുന്നിൽ.

Eng­lish sum­ma­ry: Ker­ala is far ahead in lit­er­a­cy and inter­net usage
You may also this video: