Tuesday
22 Oct 2019

മികവിൽ വീണ്ടും കേരളം

By: Web Desk | Wednesday 9 October 2019 10:25 PM IST


മികവിന്റെ കാര്യത്തിൽ കേരളം സമസ്ത മേഖലയിലും കുതിപ്പ് തുടരുകയാണ്. സംസ്ഥാനത്തെ ഒട്ടുമിക്ക വകുപ്പുകളും തനതായ പ്രവർത്തനങ്ങളിൽ ലോകോത്തര മേന്മയാണ് പ്രകടിപ്പിക്കുന്നത്. ആരോഗ്യം, ഭക്ഷ്യം, വനിത-ശിശുക്ഷേമം, കൃഷി, ക്ഷീരം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകൾ നടത്തുന്ന സേവനങ്ങൾ മലയാളികൾക്ക് അഭിമാനിക്കാവുന്ന വിധത്തിലാണ്. വിദ്യാഭ്യാസ വകുപ്പിന്റെ മിക­വിലൂടെ കൊച്ചുകേരളത്തിനുള്ള കിരീടങ്ങൾക്കൊപ്പം ഒരുപൊൻ­തൂവൽകൂടി കൈവന്നിരിക്കുകയാണിപ്പോൾ. 2021-ലെ പ്രോഗ്രാം ഫോർ ഇന്റർനാഷണൽ സ്റ്റുഡന്റ് അസസ്മെന്റ് (പിസ) പരീക്ഷയ്ക്ക് വിദ്യാർഥികളെ ഒരുക്കുന്നതിന് ലോകബാങ്കിന്റെ ഇക്കണോമിക് കോ-ഓപ്പറേഷൻ ആന്റ് ഡെവലപ്മെന്റ് ഓർഗനൈസേഷനുമായി കേന്ദ്രസർക്കാർ കരാർ ഒപ്പിട്ടിരുന്നു. ലോകബാങ്ക് സഹായം നൽകുന്ന ഈ പദ്ധതിയിലേക്ക് ഇന്ത്യയിലെ വിദ്യാഭ്യാസ മികവുള്ള സംസ്ഥാ­നങ്ങളെ എത്തിക്കുകയാണ് ലക്ഷ്യം. ഈ പദ്ധതിക്കായി രാജ്യ­ത്തു­നിന്ന് നൽകിയ പട്ടിക ലോക ബാങ്ക് അംഗീകരിച്ചുകഴിഞ്ഞു. സ്കൂൾ വിദ്യാഭ്യാസത്തിൽ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുന്ന കേരളം ഒന്നാമതായുള്ള പട്ടിക ലോക ബാങ്ക് അംഗീകരിച്ച് പുതിയ മാറ്റത്തിനുകൂടി വഴി തുറന്നിരിക്കുകയാണ്.

രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസത്തെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുക എന്ന ലക്ഷ്യ­ത്തിനായി കേന്ദ്ര മാനവവിഭവശേഷി വകുപ്പാണ് സംസ്ഥാനങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ഓരോ സംസ്ഥാനത്തെയും വിദ്യാഭ്യാസ രംഗത്തെ മികവ് ആഴത്തിൽ പരിശോധിച്ചതിൽ കേരളമാണ് മുന്നിൽ. ഹിമാചൽപ്രദേശ്, ഒഡിഷ, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ ആറ് സംസ്ഥാനങ്ങളാണ് ഈ പട്ടികയിലെ മറ്റു സംസ്ഥാനങ്ങൾ. മാനവവിഭവശേഷി മന്ത്രാലയം നടത്തിയ സ്കൂൾവിദ്യാഭ്യാസ സർവെയിൽ അക്കാദമിക-അടിസ്ഥാനസൗകര്യ-ഭരണസംവിധാന ഗുണനിലവാര സൂചികയിൽ കേരളത്തിനായിരുന്നു ഒന്നാംസ്ഥാനം. മികവിന്റെ കാര്യത്തിൽ ഹിമാചൽ പ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളും നേട്ടമുണ്ടാക്കിയിട്ടുണ്ട്. എന്നാൽ, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ പിന്നാക്കാ­വ­സ്ഥ­യിലാണ്. മികവിലേക്ക് ഉയരാൻ സാധ്യമാകും വിധമാണ് ഇവിടത്തെ വിദ്യാഭ്യാസ പ്രവർ­ത്ത­ന­ങ്ങ­ളെന്ന നി­ഗമ­ന­ത്തി­ലാ­ണ് ഇവയെ പട്ടികയിൽ ചേർ­ത്തി­രി­ക്കു­ന്നത്. 5425 കോടി രൂപയുടെതാണ് പദ്ധതി. ഇതി­ൽ 3500 കോടി രൂപയാ­ണ് ലോകബാങ്ക് നൽകുക. മൊത്തം പദ്ധതിച്ചെലവിന്റെ 60 ശതമാനം ലോകബാങ്കിൽനിന്ന് കേന്ദ്രസർക്കാ­ർ സംസ്ഥാനങ്ങൾക്ക് ന­ൽ­കും. കേര­ള­ത്തിന് പ­ദ്ധ­­­തി പ്രകാരം 500 കോടി രൂപയാണ് ലഭിക്കേണ്ടത്. അംഗീ­കാ­രം ഉറപ്പാ­യ­തോ­ടെ ഫണ്ടി­ന്റെ ലഭ്യത­യ­നു­സ­രിച്ച് പ­ദ്ധ­തി നിര്‍­വ­ഹ­ണ­ത്തി­ലേ­ക്ക് പ്ര­വേ­ശി­ക്കാനാവും.

കേരളത്തിലെ വി­ദ്യാ­ഭ്യാ­സ രംഗത്ത് ഭൗതികമായ മാറ്റങ്ങൾക്ക് വഴിതെളിച്ച സമഗ്രശിക്ഷാ അഭിയാ­നാ­ണ് പദ്ധതി നടപ്പാക്കാനുള്ള സംസ്ഥാനതല ഏജൻസി. അ­ക്കാദമിക് കാര്യത്തിൽ ജില്ലകളിൽ വിദ്യാഭ്യാസ ഡെ­പ്യൂട്ടി ഡയറക്ടർ നേതൃത്വംനൽകും. ജില്ലാതല വിദ്യാഭ്യാസ സമിതിയുടെ അധ്യക്ഷൻ കളക്ടറായിരിക്കും. എസ്‌സിഇആർടി, സീമാറ്റ് എന്നിവരുടെ നേതൃത്വത്തിലാണ് അധ്യാപനം മെച്ചപ്പെടുത്തുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുക. പരിശീലനത്തിന് ബിആർസിക്ക് പുറമേ ഉപജില്ലാതലത്തി­ൽ ക്ലസ്റ്റർ റിസോഴ്സ് സെന്ററുമ­ുണ്ടാകും. എൻസിഇ­ആർ­­ടി അടക്കമുള്ള ദേശീ­യ വിദ്യാഭ്യാസ ഏജൻസികൾ പദ്ധതിക്കുള്ള സാങ്കേതിക-അക്കാദമിക സഹായം നൽകും. സാമൂഹികമായും ലിംഗപരമായും വിദ്യാഭ്യാസത്തിൽ തുല്യത നടപ്പാക്കുകയാണ് പ്രധാനലക്ഷ്യം. പ്രീ-സ്കൂൾ ഫലപ്രദമാക്കാനും പഠനനിലവാരം വിലയിരുത്തുന്നതിനുള്ള സംവിധാനം മെച്ചപ്പെടുത്താനുമെല്ലാം പദ്ധതി ഉപകരിക്കും. ഇതോടൊപ്പം അധ്യാപകരുടെ നിലവാരം മെച്ചപ്പെടുത്താനും കഴിയും. പഠനന്യൂനത പരിഹരിക്കാനുള്ള സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമായി ലഭിക്കും. കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കി കുട്ടികൾ ഹയർ സെക്കൻഡറിവരെ തുടരുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് പ്രത്യേക കരുതലും നടപടികളും പദ്ധതിയുടെ ഭാഗമാണ്.

വിദ്യാഭ്യാസ സേവനഗുണനിലവാരം വികേന്ദ്രീകൃത ഭരണത്തിലൂടെ മെച്ചപ്പെടുത്താനും കഴിയും. വിദ്യാഭ്യാസ രംഗം ഉയർച്ചയുടെ ഒരുപടി കൂടി ഉയർന്നതിനൊപ്പം രണ്ടുവയസിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക്‌ പോഷകാഹാരം ഉറപ്പാക്കുന്നതിൽ കേരളം മുന്നിലെത്തിയെന്ന വാർത്തയും ലോകം ശ്രദ്ധിച്ചു. രാജ്യത്ത്‌ ഇതേ പ്രായത്തിലുള്ള 6.4 ശതമാനം കുഞ്ഞുങ്ങള്‍ക്ക്‌ മാത്രമാണ്‌ മതിയായ പോഷകാഹാരം കിട്ടുന്നത് എന്നാണ് ദേശീയ സമഗ്ര പോഷകാഹാര സർവെയിൽ കണ്ടെത്തിയിരിക്കു­ന്ന­ത്. കേരളത്തിൽ 32.6 ശതമാനം കുരുന്നുകൾക്കും ആവശ്യത്തിനുള്ള പോഷകാഹാരം ലഭിക്കുന്നുവെന്നാണ് കേന്ദ്ര സർക്കാരിന് സമർപ്പിച്ച പഠന റിപ്പോർട്ട്. രാഷ്ട്രീയമായി വിമർശന­ങ്ങൾ നിരത്തു­ന്നവ­ർ­ക്കു­പോലും ഇടതു സർക്കാരിനെ അഭിനന്ദിക്കേണ്ട സ്വാഭാവികമായൊരു കടമ കൈവന്നിരിക്കുന്നുവെന്ന് നിസംശയം പറയാം.