Web Desk

കൊച്ചി

March 01, 2020, 9:25 pm

സാമൂഹിക സുരക്ഷയിൽ കേരളം ഏറെ മുന്നിൽ: കാനം

Janayugom Online

കേരളത്തെ നയിക്കുന്ന ഇടതുപക്ഷ സർക്കാർ സാമൂഹിക സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നൽകിയാണ് മുന്നോട്ട് പോകുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ലെനിൻ ഹോസ്പിറ്റൽ സൊസൈറ്റിയുടെ കീഴിൽ നവീകരിച്ച സി അച്യുതമേനോൻ ഹാളിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യപരിപാലന രംഗത്ത് ഇന്ന് രാജ്യത്തിന് മാതൃകയാണ് കേരളം. എന്നാൽ ആരോഗ്യപരിചരണം ആവശ്യമുള്ള എല്ലാവരെയും ശ്രദ്ധിക്കുവാനോ പരിപാലിക്കുവാനോ നമുക്ക് സാധിക്കണമെന്നില്ല. ഈ ലക്ഷ്യംവച്ച് മുന്നോട്ട് പോകുന്ന സന്നദ്ധ സംഘടനകൾക്ക് അവർ ആഗ്രഹിക്കുന്ന രീതിയിലുള്ള സഹകരണങ്ങൾ ഉറപ്പാക്കണം. സർക്കാരിനോ ഗവ. സ്ഥാപനങ്ങൾക്കോ മാത്രമായി ഇക്കാര്യത്തിൽ കാര്യമായെന്നും ചെയ്യുവാൻ സാധിക്കുകയില്ലെന്നും എല്ലാ മേഖലകളിൽ നിന്നുമുള്ള സേവനമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

ആഗോളീകരണത്തിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ ബദൽ വളർത്തുകയാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം. അതിൽ ഉറച്ചുനിന്നുകൊണ്ട് അത്തരം നയങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ് കമ്മ്യുണിസ്റ്റ് പാർട്ടികൾ ഏപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്. ബദൽ എന്ന് ആവർത്തിച്ചതുകൊണ്ടോ രാഷ്ട്രീയ പ്രമേയങ്ങളിൽ രേഖപ്പെടുത്തിയതുകൊണ്ടോ ബദലാകണമെന്നില്ല. യഥാർത്ഥ ബദലെന്തെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുവാൻ സാധിക്കണം. സിദ്ധാന്തങ്ങളിൽ മാത്രമൊതുങ്ങാതെ സാധാരണക്കാർക്ക് ബോധ്യമാകുന്ന തരത്തിലായിരിക്കണം ബദലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം ആഗോളീകരണ സാമ്പത്തിക വ്യവസ്ഥ അതിന്റെ നയങ്ങൾ നടപ്പിലാക്കുവാൻ തുടങ്ങിയതോടെ അതിനെ അനുകൂലിക്കുകയും ലോകത്തിന്റെ മോചനം അതിലൂടെയാണെന്നും ചിന്തിച്ചവരെല്ലാം അതിന്റെ ദുരിതങ്ങളും അനുഭവിച്ചു. അതിനെ പ്രകീർത്തിച്ച് പുസ്തകങ്ങൾ എഴുതിയവരെല്ലാം ദൂഷ്യവശങ്ങളിലേക്ക് തിരിഞ്ഞ് നോക്കുന്ന സമയമാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

ലെനിൻ ഹോസ്പിറ്റൽ സൊസൈറ്റിയുടെ ചെയർമാനും സിപിഐ ജില്ലാ സെക്രട്ടറിയുമായ പി രാജു അധ്യക്ഷത വഹിച്ചു. 20 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചാണ് അച്ച്യുതമേനോൻ ഹാൾ കൂടുതൽ സൗകര്യങ്ങളോടെ നവീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ കെ ചന്ദ്രൻ, ബാബു പോൾ, കെ കെ അഷറഫ്, എം ടി നിക്സൺ, ഇ കെ ശിവൻ, എസ് ശ്രീകുമാരി, കെ എൻ ഗോപി, ടി സി സൻജിത്ത്, എം പി രാധാകൃഷ്ണൻ, എൻ അരുൺ, കെ എം ദിനകരൻ, എം എബ്രഹാം, എം ആർ ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ലെനിൻ ഹോസ്പിറ്റൽ സൊസൈറ്റി സെക്രട്ടറി അഡ്വ. കെ എൻ സുഗതൻ സ്വാഗതവും സിപിഐ എറണാകുളം മണ്ഡലം സെക്രട്ടറി സി എ ഷക്കീർ നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry; Kanam says Ker­ala is lead­ing in social security

YOU MAY ALSO LIKE THIS VIDEO