‘കേരളം നാളെ കീഴാറ്റൂരിലേക്ക്’: രണ്ടായിരത്തിലേറെ ആളുകള്‍ എത്തുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍

Web Desk
Posted on March 24, 2018, 10:12 pm

ഷിബു ടി ജോസഫ്

കോഴിക്കോട്: വയല്‍ക്കിളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കേരളം കീഴാറ്റൂരിലേക്ക് എന്ന പേരില്‍ സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നും പരിസ്ഥിതി പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും നാളെ കീഴാറ്റൂരിലെത്തും. ചാലക്കുടി പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകരും തളിക്കുളത്തെ പരിസ്ഥിതി പ്രവര്‍ത്തകരും തൃശൂരില്‍ നിന്ന് പ്രത്യേക വാഹനങ്ങളില്‍ രാവിലെ തളിപ്പറമ്പിലേക്ക് പുറപ്പെടും. കീഴാറ്റൂര്‍ വയല്‍ സംരക്ഷിക്കണമെന്ന ആവശ്യമുയര്‍ത്തി കടന്നുവരുന്ന വഴികളില്‍ പ്രചരണം നടത്തിയാണ് ഇവര്‍ കണ്ണൂരിലേക്ക് എത്തുക. ബാനറുകളും നോട്ടീസുകളും ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. എറണാകുളത്തുനിന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രത്യേകവാഹനങ്ങള്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. വയനാട്ടില്‍ നിന്നും പാലക്കാട് നിന്നും പരിസ്ഥിതി സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പ്രത്യേകം വാഹനങ്ങള്‍ ഇതിനായി ഒരുക്കിയിട്ടുണ്ട്. കേരള നദീസംരക്ഷണസമിതി പ്രവര്‍ത്തകരും വലിയൊരു സംഘവുമായി കീഴാറ്റൂരിലെത്തും.

പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മയായ എന്‍എപി എം കേരളയുടെ ആഭിമുഖ്യത്തില്‍ കീഴാറ്റൂരിലേക്ക് എത്താന്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. പരിസ്ഥിതി സംഘടനകളെ കൂടാതെ ലോഹ്യ വിചാരവേദി ഉള്‍പ്പെടെയുള്ള സാംസ്‌കാരിക സംഘടനകളും യുവജന സംഘടനകളും പരിസ്ഥിതി ക്ലബ് അംഗങ്ങളും വിദ്യാര്‍ഥികളും ഇന്ന് കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി എത്തുന്നുണ്ട്.

ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ നിലപാടുകളില്‍ നിന്ന് സിപിഐ എം പിന്നോട്ടുപോയത് സമരത്തിന്റെ വിജയമായാണ് പരിസ്ഥിതി സംരക്ഷണ സംഘടനകളും നേതാക്കളും വിലയിരുത്തുന്നത്. കീഴാറ്റൂരിലെ വയല്‍ നികത്തി ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കുമെന്ന പിടിവാശി ഉപേക്ഷിച്ച് ബദല്‍ മാര്‍ഗങ്ങള്‍ അന്വേഷിക്കാമെന്ന നിലപാടിലേക്ക് ഭരണകൂടവും മന്ത്രിമാര്‍ അടക്കമുള്ളവരും എത്തിയത് കീഴാറ്റൂരില്‍ സമരം നടത്തുന്ന വയല്‍ക്കിളികളുടെ ഇച്ഛാശക്തിയൊന്നുകൊണ്ട് മാത്രമാണെന്നും ഇവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ പ്രദേശിക തലത്തില്‍ സിപിഐ എം നേതാക്കള്‍ കീഴാറ്റൂര്‍ സമരത്തിന് നേരെ എടുക്കുന്ന കടുത്ത നിലപാടുകള്‍ കീഴാറ്റൂരിനെ സംഘര്‍ഷഭൂമിയാക്കുമെന്ന സ്ഥിതിയെത്തിയതോടെയാണ് കേരളത്തിന്റെ എല്ലാഭാഗത്തുനിന്നുമുള്ള പരിസ്ഥിതി പ്രവര്‍ത്തകരും സംഘടനകളും വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി എത്തിയതെന്നും സമരക്കാരെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും വയല്‍നികത്തലിനെതിരെയുള്ള പ്രക്ഷോഭം ഏറ്റെടുക്കുമെന്നും പരിസ്ഥിതി സംഘടനാ നേതാക്കള്‍ വ്യക്തമാക്കുന്നു.

സംസ്ഥാന സര്‍ക്കാരും സിപിഐഎം സംസ്ഥാന നേതൃത്വവും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടങ്ങിയതിനിടെ സിപിഐഎം പ്രാദേശിക നേതൃത്വം കടുത്ത നിലപാടുകളുമായി മുന്നോട്ടുപോകുന്നത് പ്രശ്‌നത്തെ വഷളാക്കുമെന്നും വയല്‍ക്കിളി സമരത്തിന് തീവ്രവാദ‑മാവോയിസ്റ്റ് നിറം നല്‍കാനുള്ള നീക്കം ഒരുകാരണവശാലും അംഗീകരിക്കില്ലെന്നും കീഴാറ്റൂര്‍ സമരത്തിനെതിരെ പ്രതിസമരം നടത്തി വയല്‍ നികത്തലിനെതിരെയുള്ള പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ക്കുള്ള താക്കീതാണ് ഇന്ന് നടക്കുന്ന പ്രതിഷേധ പരിപാടിയെന്നും പരിസ്ഥിതി സംരക്ഷണ സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.

സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയവയില്‍ അടക്കം ഇന്നത്തെ പ്രതിഷേധ പരിപാടിക്ക് വലിയ പ്രചരണമാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്‍കുന്നത്. നാളെ കീഴാറ്റൂരിലേക്ക് ഞാനും എന്ന ഹാഷ്ടാഗില്‍ വലിയ കാമ്പയിനാണ് ഫേസ്ബുക്കില്‍ നടക്കുന്നത്.