June 11, 2023 Sunday

വടക്കു കിഴക്കല്ല കേരളം

Janayugom Webdesk
March 4, 2023 5:00 am

വടക്കു കിഴക്കന്‍ മേഖലയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ ജയിച്ചതിന്റെ ആഹ്ലാദത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളവും ബിജെപി പിടിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഡല്‍ഹിയില്‍ ആഹ്ലാദ പ്രകടനവുമായെത്തിയവരോട് സംസാരിക്കുമ്പോഴായിരുന്നു മോഡിയുടെ അവകാശവാദം. സ്വപ്നം കാണുന്നതിന് നികുതിയില്ലെന്നതുകൊണ്ട് മോഡി അങ്ങനെ സങ്കല്പിക്കുന്നതില്‍ കുറ്റം പറയാനാകില്ല. ഇപ്പോള്‍ ജയിച്ചിരിക്കുന്ന മൂന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും ന്യൂനപക്ഷ വിഭാഗത്തിന് സ്വാധീനമുള്ളതാണെന്നതുകൊണ്ടാവാം അവിടെ ജയിക്കാനാകുമെങ്കില്‍ കേരളത്തിലും സാധ്യമാണെന്ന ധാരണ പടര്‍ത്താന്‍ മോഡിയെ പ്രേരിപ്പിക്കുന്നത്. പക്ഷേ മൂന്നിടങ്ങളിലെയും ജയം അത്ര ആധികാരികമല്ലെന്ന യാഥാര്‍ത്ഥ്യം ബിജെപിയും മോഡിയും ഓര്‍ക്കേണ്ടതുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ള പ്രമുഖ മന്ത്രിമാരെല്ലാം തെരുവ് യോഗങ്ങളിലെന്നതുപോലെ പ്രചരണത്തിനിറങ്ങിയ തെരഞ്ഞെടുപ്പായിരുന്നു ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളില്‍ നടന്നത്. മൂന്നിടത്തും കൂടി 180ല്‍ 179 നിയമസഭാംഗങ്ങളെയാണ് (ഒരിടത്ത് മാറ്റിവച്ചു) തെരഞ്ഞെടുക്കേണ്ടിയിരുന്നത്. പക്ഷേ അതിലധികം കേന്ദ്ര നേതാക്കള്‍ മൂന്നിടങ്ങളിലും തമ്പടിച്ചു. കോടികളാണ് പ്രചരണത്തിനായി പൊടിച്ചത്. വോട്ടെടുപ്പ് ദിവസങ്ങളില്‍ വ്യാപകമായ ആക്രമങ്ങളും ബൂത്തുപിടിത്തവും നടന്നു. എന്നിട്ടും അതിനുമാത്രം തിളക്കമാര്‍ന്നതായിരുന്നോ ബിജെപിയുടെയും സഖ്യ കക്ഷികളുടെയും വിജയം.

 


ഇതുകൂടി വായിക്കു: കേന്ദ്ര ഏജൻസികൾ അഥവാ കൂട്ടിലടച്ച തത്തകൾ


 

ത്രിപുരയില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയെന്ന് പറയുന്ന ബിജെപി തങ്ങളുടെ വിജയത്തിന് തിളക്കം കുറഞ്ഞുവെന്ന് സമ്മതിക്കുവാന്‍ തയ്യാറാകുന്നില്ല. ഇടതുഭരണം അവസാനിപ്പിച്ചാണ് അഞ്ചുവര്‍ഷം മുമ്പ് ത്രിപുരയുടെ അധികാരം ബിജെപി പിടിച്ചെടുക്കുന്നത്. എന്നാല്‍ അവര്‍ അവകാശപ്പെട്ട ഭരണമികവിന്റെ മെച്ചം ഈ തെരഞ്ഞെടുപ്പിലുണ്ടായില്ല. കഴിഞ്ഞ തവണ 44 സീറ്റുകളുമായാണ് ബിജെപി ഇവിടെ അധികാരത്തിലെത്തിയത്. ഇത്തവണ 11 സീറ്റുകളും 10 ശതമാനത്തിലധികം വോട്ടുകളും കുറഞ്ഞു. കഴിഞ്ഞ മേയ് മാസത്തില്‍ മുഖ്യമന്ത്രി ബിപ്ലവ് ദേവിനെ മാറ്റി മണിക് സാഹയെ പ്രതിഷ്ഠിച്ചതുകൊണ്ടാണ് ഇത്രയെങ്കിലും വിജയമുണ്ടാക്കുവാന്‍ സാധിച്ചതെന്നുവേണം വിലയിരുത്തുവാന്‍. നാഗാലാന്‍ഡിലും വളരെ മെച്ചപ്പെട്ട വിജയമല്ല ബിജെപിക്കുണ്ടായത്. ഇവിടെ 2018നെ അപേക്ഷിച്ച് മൂന്നു ശതമാനം വോട്ട് കൂടുതല്‍ നേടിയെങ്കിലും 12 സീറ്റെന്ന നിലയില്‍ നിന്ന് ഉയരുവാന്‍ സാധിച്ചില്ല. അതേസമയം സഖ്യകക്ഷിയായ എന്‍ഡിപിപിക്ക് സീറ്റുകള്‍ കൂടുകയും ചെയ്തു. മേഘാലയയിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ അഞ്ചുവര്‍ഷം ഭരിച്ച എന്‍പിപിയെ അഴിമതിയുടെ പേരില്‍ തള്ളി തനിച്ച് ഭൂരിപക്ഷം നേടുന്നതിനാണ് ബിജെപി മത്സരിച്ചത്. പക്ഷേ രണ്ട് സീറ്റെന്ന കഴിഞ്ഞ തവണത്തെ നിലയില്‍ നിന്ന് സ്ഥിതി മെച്ചപ്പെടുത്തുവാന്‍ പോലുമായില്ല. എന്നുമാത്രമല്ല തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതിനു ശേഷം അഴിമതിക്കാരെന്ന് പറഞ്ഞ് അകറ്റിയ എന്‍പിപിയെ പിന്തുണയ്ക്കുന്ന നാണംകെട്ട സമീപനം ബിജെപി സ്വീകരിക്കുകയും ചെയ്തു. മൂന്നിടങ്ങളിലും ചിതറിപ്പോയ വിരുദ്ധ വോട്ടുകളാണ് ബിജെപി വിജയത്തിന്റെ ഘടകമായതെന്ന വിലയിരുത്തലും പ്രസക്തമാണ്. എങ്കിലും നിലവിലുള്ള ജനാധിപത്യ സംവിധാനത്തിലെ കീഴ്‌വഴക്കങ്ങളും നടപടി ക്രമങ്ങളും അനുസരിച്ച് ബിജെപിയുടെ വിജയം അംഗീകരിച്ചേ മതിയാകൂ. പക്ഷേ അതിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രമുഖ ബിജെപി നേതാക്കളും കേരളവും പിടിക്കുമെന്ന് പ്രഖ്യാപിക്കുന്നത് യാഥാര്‍ത്ഥ്യബോധം തീരെയില്ലാത്തതുകൊണ്ടാണ്.

 


ഇതുകൂടി വായിക്കു: സാധാരണക്കാരന് വീണ്ടും അധിക ബാധ്യത


 

2021ല്‍ നടന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലും ചില ബിജെപി നേതാക്കള്‍ ഇതേ അവകാശവാദമുന്നയിച്ചിരുന്നു. 2016ല്‍ ലഭിച്ചിരുന്ന ഒരു സീറ്റ് പോലും പരാജയപ്പെടുത്തിയാണ് കേരളം ആ അവകാശവാദത്തോട് പ്രതികരിച്ചത്. 2016ല്‍ ബിജെപിക്ക് നേമം എന്ന മണ്ഡലത്തില്‍ ജയിക്കാനായത് അവരുടെ കഴിവുകൊണ്ടായിരുന്നില്ലെന്നും യുഡിഎഫ് സൃഷ്ടിച്ചുനല്കിയ ബോധപൂര്‍വമായ വഴികളിലൂടെ ആയിരുന്നുവെന്നും പിന്നീട് വെളിപ്പെടുത്തലുണ്ടായതുമാണ്. 2016ല്‍ സംഭവിച്ച ആ കൈപ്പിഴ കൂടി തിരുത്തിയാണ് 2021ല്‍ കേരളം എല്‍ഡിഎഫിന് തുടര്‍ വിജയം സമ്മാനിച്ചത്. കേരളത്തിന്റെ പൊതുമനസ് മതേതരത്വത്തെയും ജനാധിപത്യത്തെയും എക്കാലവും അംഗീകരിക്കുന്നതാണെന്ന പൊതു സ്ഥിതിയും ബിജെപിക്ക് എളുപ്പത്തില്‍ ജയിക്കാനുള്ള സാധ്യത ഇവിടെ സൃഷ്ടിക്കുന്നില്ല. നവോത്ഥാന പോരാട്ടങ്ങളിലൂടെ കേരളം പുറത്താക്കിയ ചിന്തകളും ജീവിത രീതികളുമാണ് ബിജെപി ഇപ്പോഴും പിന്തുടരുന്നത്. സവര്‍ണ ഹിന്ദുത്വ ചിന്താധാരകളും മനുസ്മൃതിയുള്‍പ്പെടെയുള്ള ജീവിത രീതികളും സൃഷ്ടിക്കുവാനുള്ള ശ്രമങ്ങള്‍ ബിജെപി ഭരിക്കുന്നയിടങ്ങളിലും അവര്‍ക്ക് മേല്‍ക്കൈ ഉള്ള ഇടങ്ങളിലും നടക്കുന്നത് കേരളീയര്‍ ഭയപ്പാടോടെയാണ് കാണുന്നത്. ശ്രീനാരായണ ഗുരുവിനെയും അയ്യന്‍കാളിയെയും പോലുള്ള മഹാന്മാരെ ഏറ്റെടുക്കുവാനുള്ള ബിജെപി ശ്രമങ്ങള്‍ ആ സമുദായങ്ങള്‍ പോലും അംഗീകരിക്കുന്നില്ലെന്നതും കാണാതിരുന്നുകൂടാ. സാമുദായിക സൗഹാര്‍ദത്തിന്റെ മഹത്തായ മാതൃകകളും ഈ നാടിന്റെ പ്രത്യേകതയാണ്. ഇതെല്ലാംകൊണ്ടുതന്നെ കേരളത്തില്‍ ബിജെപിക്ക് വളക്കൂറുണ്ടാക്കുക എളുപ്പവുമല്ല. നേമത്തെന്നതുപോലെ വളഞ്ഞ വഴികള്‍ സൃഷ്ടിക്കപ്പെടുന്നില്ലെങ്കില്‍ കഴിഞ്ഞ ദിവസത്തെ മോഡിയുടെ അവകാശവാദം നികുതിയടക്കാതെ കാണാവുന്ന സ്വപ്നം തന്നെയായി അവശേഷിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.