Sunday
21 Apr 2019

കേരളം ഉയർന്ന ബദൽ രാഷ്ട്രീയ സംസ്കാരത്തിന്റെ ഉദാത്ത മാതൃക: മുഖ്യമന്ത്രി

By: Web Desk | Tuesday 16 April 2019 9:10 AM IST


ബാലരാമപുരം: കേരളം ഉയർന്ന ബദൽ രാഷ്ട്രീയ സംസ്കാരത്തിന്റെ ഉദാത്ത മാതൃകയാണെന്നും ഇന്ത്യയിലും ഈ മാതൃക നടപ്പിലാക്കാൻ ഇടതുമുന്നണിയുടെ വിജയം ഉറപ്പാക്കണമെന്നും  മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിച്ചു.
യു ഡി എഫിന്റെ ഭരണ കാലത്ത് അഴിമതിയിൽ ഒന്നാം സ്ഥാനത്തായിരുന്ന കേരളത്തെ മൂന്ന് വർഷത്തിനകം ജീർണ്ണതയില്ലാത്ത അഴിമതി രഹിത സംസ്ഥാനമാക്കി മാറ്റാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
എൽ ഡി. എഫ് സ്ഥാനാർത്ഥി സി.ദിവാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ബാലരാമപുരത്ത് സംഘടിപ്പിച്ച പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു, അദ്ദേഹം.
 ഇന്ത്യയിലെ ജനകീയ പ്രശ്നങ്ങളിൽ കോൺഗ്രസിന്റെ സ്വരം നഷ്ടമായി. ഷർട്ട് മാറുന്ന ലാഘവത്തോടെ കോൺഗ്രസ് നേതാക്കൾ ബി ജെ പിയിലേക്ക് പോകുന്നു. ഗോവയിലെ കോൺഗ്രസ് ഒന്നടങ്കം ബി ജെ പിയിലേക്ക് പോയി. യു ഡി എഫ് സ്ഥാനാർത്ഥികൾ ബി ജെ പിയിലേക്ക് പോകില്ല എന്ന പരസ്യം നൽകേണ്ട ഗതികേടിലാണ് കോൺഗ്രസ് .മതനിരപേക്ഷത  നിലനിറുത്താനും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തി പിടിക്കാനും കോൺഗ്രസ് പൂർണമായും പരാജയപ്പെട്ടു.
കേരളം വികസന കുതിപ്പിലാണ്. സ്വപ്ന പദ്ധതികൾ യാഥാർത്ഥ്യമാകുകയാണ്. തീരദേശ, മലയോര ഹൈവേകളും ദേശീയപാതാ വികസനവും കോവളം മുതൽ ബേക്കൽ വരെയുള്ള 600 കി.മീ ദൈർഘ്യമുള്ള ജലപാതയുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.യോഗത്തിനെത്തിയ മുഖ്യമന്ത്രിക്ക് ബാലസംഘം കൂട്ടുകാർ വിഷുക്കൈനീട്ടം നൽകിയാണ് വേദിയിലേക്ക് സ്വീകരിച്ചത്. പെരുമഴയത്തും വനിതകളുൾപ്പെടെ വൻ ജനക്കൂട്ടമാണ് മുഖ്യമന്ത്രിയുടെ പ്രസംഗം ശ്രവിക്കാനെത്തിയത്. യോഗത്തിൽ പി.രാജേന്ദ്രകുമാർ അദ്ധ്യക്ഷനായി. സി പി ഐ ദേശീയ കൗൺസിലംഗം കെ.ഇ ഇസ്മയിൽ, ഡോ.എ. നീലലോഹിത ദാസൻ നാടാർ, ആനാവൂർ നാഗപ്പൻ,, സി.ജയൻബാബു, പാറക്കുഴി സുരേന്ദ്രൻ ,ഡോ. വിവേകാനന്ദൻ, ബാലരാമപുരം കബീർ, എം.ബാബുജാൻ, അഡ്വ.എ പ്രതാപചന്ദ്രൻ, അഡ്വ. ഡി.സുരേഷ്കുമാർ, കരുംകുളം വിജയകുമാർ, വി.സുധാകരൻ, തലയൽ വിജേഷ്  എന്നിവർ പ്രസംഗിച്ചു.