March 26, 2023 Sunday

കേരളം കാത്തിരിക്കുന്നു; പ്രവാസികളുടെ തിരിച്ചുവരവിന്

Janayugom Webdesk
May 6, 2020 2:45 am

കോവിഡ് ബാധ മൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ജന്മനാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളെ സ്വീകരിക്കാനൊരുങ്ങുകയാണ് കേരളം. ഗൾഫ് രാജ്യങ്ങളിൽ നിന്നാകും ഏറ്റവുമധികം ആളുകൾ മടങ്ങിയെത്തുക. ഇവരെ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു. ഓരോ ജില്ലകളിലും ഇതിനായി വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന് പുറത്തുനിന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഏകദേശം മൂന്ന് ലക്ഷത്തിനടുത്ത് ആളുകൾ തിരിച്ചെത്തുമെന്നാണ് നോർക്ക ഉൾപ്പെടെയുള്ള ഏജൻസികൾ പ്രതീക്ഷിക്കുന്നത്. സ്വഭാവികമായും പുറത്തുനിന്നെത്തുന്ന എല്ലാവരെയും ഒരു നിശ്ചിത സമയം നിരീക്ഷണത്തിലാക്കേണ്ടതുണ്ട്.

കേരളം ഇതുവരെ കോവിഡ് നിയന്ത്രണ കാര്യത്തിൽ ചെയ്ത കാര്യങ്ങൾ ലോകത്തിന്റെ തന്നെ മാതൃകയായി മാറിയ സാഹചര്യമാണ് നിലവിലേത്. രോഗനിയന്ത്രണത്തിലും രോഗചികിത്സയിലും മറ്റേത് നാടുകളെക്കാളും ഏറെ മുന്നോട്ടുപോകാൻ നമുക്കായി. കോവിഡ് മഹാമാരിയായി വൻ രാഷ്ട്രങ്ങളെത്തന്നെ തച്ചുതകർത്തുകൊണ്ടിരിക്കുമ്പോൾ സാമൂഹ്യവ്യാപനമുണ്ടാകാതെ ഫലപ്രദമായി കൊറോണ വൈറസിനെ നിയന്ത്രണവിധേയമാക്കാൻ ഈ സമയം വരെ നമുക്ക് കഴിഞ്ഞിട്ടുണ്ട്. പ്രവാസികൾ എത്തുമ്പോഴും ഇതേ സാഹചര്യം തന്നെ ഉറപ്പാക്കാനാണ് കേരള സർക്കാർ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്. അതിനാൽ തന്നെ കേരളത്തിന് പുറത്തുനിന്ന് എത്തുന്നവരെ ഒരു നിശ്ചിത കാലത്തേയ്ക്ക് പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന ഇടങ്ങളിൽ നിരീക്ഷണത്തിൽ വയ്ക്കേണ്ടിവരും.

നിലവിൽ മൂന്നുലക്ഷത്തോളം ആളുകളെ വരവേൽക്കാനുള്ള ക്രമീകരണങ്ങൾ ഇതിനകം ഏർപ്പെടുത്തിക്കഴിഞ്ഞു. ആശുപത്രികളും ഇതരകെട്ടിടസമുച്ചയങ്ങളും ഒഴിഞ്ഞുകിടക്കുന്ന വീടുകളുമൊക്കെയാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. ഓരോ പ്രദേശത്തും ലഭ്യമായ പരമാവധി സ്ഥലങ്ങൾ ഇതിനായി ക്രമീകരിച്ചിട്ടുണ്ട്. ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾ വരെ ഇത്തരത്തിൽ ആളുകളെ പാർപ്പിക്കാനായി ഒരുക്കിയിട്ടുണ്ട്. പ്രവാസലോകത്തുനിന്നും ഏറ്റവും കൂടുതൽ ആളുകൾ തിരിച്ചെത്തുക ജിസിസി രാജ്യങ്ങളിൽ നിന്നാകും. 2018ലെ കേരള കുടിയേറ്റ സർവ്വേ പ്രകാരം 21 ലക്ഷം ആളുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംസ്ഥാനത്തുനിന്ന് പോയി തൊഴിലെടുക്കുന്നത്.

ഇതിൽ തൊണ്ണൂറ് ശതമാനം ആളുകളും ഗൾഫ് രാജ്യങ്ങളിലാണ്. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ തൊഴിലാളികളിൽ ഏറെപ്പേരും കുറഞ്ഞ വേതനത്തിനാണ് ജോലി ചെയ്യുന്നത്. അതിനാൽ തന്നെ കോവിഡ് ബാധ ജി സി സി രാഷ്ട്രങ്ങളെയും പിടിമുറുക്കിയ സാഹചര്യത്തിൽ നാട്ടിലേക്ക് തിരിച്ചുപോരാൻ ആഗ്രഹിക്കുന്നവരിൽ ഭൂരിഭാഗവും ജി സി സി രാഷ്ട്രങ്ങളിൽ നിന്ന് തന്നെയാണ്. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരിൽ ഏകദേശം പത്ത് ശതമാനത്തോളം ആളുകൾ നാട്ടിലേക്ക് തിരികെയെത്താൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് നോർക്ക വഴി നടന്ന രജിസ്ട്രേഷനിൽ നിന്ന് വ്യക്തമാകുന്നത്.

ഗൾഫ് രാജ്യങ്ങളിലെ മലയാളികളുടെ സ്ഥിതി സൂക്ഷ്മമായി വിലയിരുത്തണം

കേരള മൈഗ്രേഷൻ സർവ്വേ പ്രകാരം 21 ലക്ഷം അളുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കേരളത്തിൽ നിന്ന് കുടിയേറിയിരിക്കുന്നത്. ഇവരിൽ തൊണ്ണൂറ് ശതമാനം ആളുകളും ഗൾഫ് രാജ്യങ്ങളിലാണ് ഉപജീവനത്തിനായി തൊഴിലെടുക്കുന്നത്. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ അവസ്ഥ സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്. കാരണം അവരിൽ ബഹുഭൂരിപക്ഷവും കുറഞ്ഞ വേതനത്തിന് തൊഴിലെടുക്കുന്നവരാണ്. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർ, ചെറുകിട കച്ചവടക്കാർ എന്നിവർക്കിടയിൽ രോഗവ്യാപനം കൂടിയ തോതിലുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

യു എ ഇയിൽ മാത്രം ഞായറാഴ്ച വരെ 33 മലയാളികൾ കോവിഡ് ബാധ മൂലം മരിച്ചിട്ടുണ്ട്. യു എ ഇയിൽ ദുബായ്, അബുദാബി എന്നിവിടങ്ങളിലും ഖത്തറിലും കുവൈറ്റിലും രോഗബാധ മൂലം ധാരാളം ഇന്ത്യക്കാരെ ക്വാറന്റൈൻ ചെയ്തിട്ടുണ്ട്. ഇവരിൽ മലയാളികളുടെ എണ്ണം ചെറുതല്ല. ഗൾഫ് രാജ്യങ്ങളിൽ ആയിരക്കണക്കിന് തൊഴിലാളികൾ ഒരുമിച്ച് താമസിക്കുന്ന ലേബർ ക്യാമ്പുകളിലും രോഗഭീഷണിയുണ്ട്. ഇന്ത്യൻ തൊഴിലാളികൾ മിക്കവരും ഇത്തരം ലേബർ ക്യാമ്പുകളിൽ താമസിക്കുന്നവരാണ്. ഗൾഫ് രാജ്യങ്ങളിലെ പ്രവാസി മലയാളികളുടെ ആരോഗ്യസംബന്ധമായ വിവരങ്ങൾ കൃത്യമായി നമുക്ക് ലഭ്യമായിട്ടില്ല. ഗൾഫ് രാജ്യങ്ങളിലെ മലയാളികൾക്ക് ആവശ്യമായ സഹായങ്ങളെത്തിക്കാൻ കേരളം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഫലപ്രദമായ നടപടികൾ എത്രത്തോളം മുന്നോട്ടുപോയിട്ടുണ്ട് എന്ന കാര്യം സംശയമാണ്.

പ്രവാസി സംഘടനകളും സന്നദ്ധ പ്രവർത്തകരും ഇക്കാര്യത്തിൽ നടത്തുന്ന പരിശ്രമങ്ങളെ എടുത്തുപറയുക തന്നെ വേണം. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലാണെങ്കിലും ഗൾഫിൽ മിക്കയിടങ്ങളിലും മതിയായ ആരോഗ്യസുരക്ഷാ കേന്ദ്രങ്ങളുടെ അഭാവം എടുത്തുപറയേണ്ടത് തന്നെയാണ്. കൊറോണ ബാധയുടെ കാലത്ത് ജി സി സി രാജ്യങ്ങളുടെ ആരോഗ്യസുരക്ഷാ രംഗത്തെ അപര്യാപ്തതകൾ വ്യക്തമായിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലെ പ്രവാസി മലയാളികളിൽ ഒട്ടേറെ പേർ ജീവിത ശൈലി രോഗങ്ങൾക്ക് അടക്കം സ്ഥിരമായി മരുന്ന് കഴിക്കുന്നവരാണ്. ഇവരിലേറെപ്പേർക്കും ഇൻഷുറൻസ് പരിരക്ഷയുമുണ്ടാകില്ല.

അതിനാൽ കോവിഡ് കാലത്തെ തൊഴിൽ നഷ്ടവും വരുമാനമില്ലായ്മയും ഇവരുടെ ജീവിതത്തിന് വലിയ പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുക. ഗൾഫ് രാജ്യങ്ങളിൽ പൊതുവേ മരുന്നുകൾക്ക് വിലക്കൂടുതലായതിനാൽ പലരും നാട്ടിൽ നിന്ന് മൂന്നും നാലും മാസത്തേയ്ക്കുള്ള മരുന്നുകൾ ഒന്നിച്ച് എത്തിക്കുകയാണ് പതിവ്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതൊന്നും നടക്കാത്ത അവസ്ഥ പ്രവാസികൾക്ക് വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിച്ചിരിക്കുന്നത്. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് യാത്രാതടസ്സം തീരുന്നതുവരെ ഇത്തരം കാര്യങ്ങളിൽ കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്.

ഡോ. എസ് ഇരുദയ രാജൻ പ്രൊഫസർ, സിഡിഎസ് തിരുവനന്തപുരം ലോക്ഡൗൺ സാഹചര്യങ്ങളെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയിലെ അംഗം.

നാട്ടിലേക്കുള്ള വരവ് മുൻഗണനാ അടിസ്ഥാനത്തിൽ

വിമാനസർവ്വീസുകൾ ആരംഭിക്കുന്ന മുറയ്ക്ക് നാട്ടിലേക്ക് കൂട്ടത്തോടെയുള്ള പ്രയാണമാകും ഉണ്ടാവുക. എന്നാൽ മുൻഗണനാടിസ്ഥാനത്തിൽ പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരികയും അവരെ ഒരു നിശ്ചിത കാലത്തേയ്ക്ക് പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന ഇടങ്ങളിൽ നിരീക്ഷണത്തിലാക്കുകയും വേണം. മുൻഗണനാക്രമം അനുസരിച്ച് സ്ത്രീകൾ, ഗർഭിണികൾ, കുട്ടികൾ, വിസാകാലാവധി തീർന്നവർ, വയോജനങ്ങൾ, തൊഴിൽ നഷ്ടപ്പെട്ടവർ, ആവശ്യമായ രേഖകളില്ലാത്തവർ തുടങ്ങിയവരെയാണ് ആദ്യം എത്തിക്കേണ്ടത്. പ്രവാസികൾ എത്തുന്നതോടെ ഇതുവരെ നിയന്ത്രണവിധേയമായ കോവിഡ് ബാധ വ്യാപിച്ചു എന്ന പേരുദോഷമുണ്ടായിക്കൂട.

അതിനാൽ എല്ലാവിധ സജ്ജീകരണങ്ങളോടെയുമുള്ള നടപടിക്രമങ്ങൾ നടപ്പിലാക്കേണ്ടതുണ്ട്. പ്രവാസികളിൽ എൺപത് ശതമാനവും പുരുഷന്മാരാണ്. ഇവരിലേറെപ്പേരും ലേബർ ക്യാമ്പുകളിലും നാലും അഞ്ചും പേർ ഒരുമിച്ചുള്ള മുറികളിലുമാണ് താമസിക്കുന്നത്. കുറഞ്ഞവേതനത്തിന് തൊഴിലെടുക്കുന്നവർക്ക് വലിയ ചെലവുകൾ കൂടാതെ താമസിക്കാനുള്ള ഇടങ്ങളാണിവയെന്നതിനാൽ കേരളത്തിൽ നിന്ന് അടക്കമുള്ള ഇന്ത്യൻ പ്രവാസികൾ ഇത്തരം ഇടങ്ങളെയാണ് താമസത്തിനായി ആശ്രയിക്കുന്നത്.

കോവിഡ് 19 പടർന്നുപിടിക്കാൻ അനുയോജ്യമായ ഇടങ്ങളാണിവയെന്നതിനാൽ ലക്ഷക്കണക്കിനാളുകൾ അതീവ ഭയത്തോടെയാണ് ലേബർ ക്യാമ്പുകളിൽ താമസിക്കുന്നത്. ആയിരം മുതൽ പതിനായിരത്തിലേറെ ആളുകൾ വരെ താമസിക്കുന്ന ലേബർ ക്യാമ്പുകളും എട്ടുമുതൽ പത്തുപേർ വീതം താമസിക്കുന്ന ഫ്ലാറ്റ് മുറികളിലും ഒരാൾ രോഗബാധിതനായാലുണ്ടാകുന്ന സ്ഥിതി അതീവ ഗുരുതരമാണ്. രോഗം ബാധിച്ചവരെ ക്വാറന്റൈൻ ചെയ്ത് സംരക്ഷിക്കാനുള്ള സാഹചര്യം പോലും ഇത്തരം ഇടങ്ങളിലുണ്ടാകില്ല. ഇത്തരം ഇടങ്ങളിൽ തിങ്ങിപ്പാർക്കുന്നവരിൽ നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർക്കും മുൻഗണന നൽകേണ്ടതുണ്ട്.

ഡോ. ജിനു സക്കറിയ ഉമ്മൻ കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ അംഗം മുൻ വിസിറ്റിംഗ് പ്രൊഫസർ, എഫ്എം എച്ച്എസ്, പാരീസ്

പ്രവാസികളുടെ വെല്ലുവിളികളെ ഫലപ്രദമായി നേരിടണം

തൊഴിലും വരുമാനവും ഇല്ലാതെ നാട്ടിലേക്ക് വരുന്ന പ്രവാസികളുടെ ഭാവിയെ സുരക്ഷിതമാക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ആരോഗ്യരംഗത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കൃത്യവും ആസൂത്രിതവുമായ നടപടികൾ പോലെ തന്നെ സാമ്പത്തിക രംഗത്തും പ്രത്യേക പദ്ധതികളും മാർഗനിർദ്ദേശങ്ങളും ഉണ്ടാകേണ്ടതുണ്ട്. പ്രവാസികളുടെ തിരിച്ചുവരവ് കേരളത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കുക. 2019ൽ തൊണ്ണൂറായിരം കോടി രൂപയാണ് പ്രവാസികളിലൂടെ കേരളത്തിലേക്ക് ഒഴുകിയെത്തിയത്. രണ്ടോ മൂന്നോ ലക്ഷം പ്രവാസികൾ തിരിച്ചെത്തിയാൽ അത് നമ്മുടെ സമ്പദ്‌വ്യവസ്ഥയിൽ പത്ത് മുതൽ പതിനഞ്ച് ശതമാനം വരെ ഇടിവുണ്ടാക്കും. ആഗോള സമ്പദ്‌വ്യവസ്ഥയിൽ തന്നെ കോവിഡ് ബാധ ശക്തമായ പ്രഹരം ഏൽപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. ഉല്പാദനമേഖലയിലും കനത്ത ഇടിവുണ്ടായി. ഇതെത്രകാലം തുടരുമെന്ന് ആർക്കും പ്രവചിക്കാനുമാകില്ല.

കോവിഡ് ബാധ മൂലം നാട്ടിലേയ്ക്ക് എത്തുന്നവർ എപ്പോൾ തിരിച്ചുപോകുമെന്നും കണക്കാക്കാനാകില്ല. മടങ്ങിയെത്തുന്ന പ്രവാസികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അതുവഴി സമ്പദ്‌വ്യവസ്ഥയ്ക്ക് ഊർജ്ജം പകരുകയുമാണ് സർക്കാർ ചെയ്യേണ്ടത്. നിലവിൽ പ്രവാസികളെ തിരികെ കൊണ്ടുപോകാത്ത രാജ്യങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ചില രാജ്യങ്ങൾ പൊതുമാപ്പ് നൽകി പ്രവാസികൾക്ക് രാജ്യം വിടാനുള്ള അനുമതി നൽകിയിട്ടുണ്ട്. പ്രവാസികളെ നിർബന്ധപൂർവ്വം പറഞ്ഞയക്കാനുള്ള തിടുക്കം കടുത്ത മനുഷ്യാവകാശ ലംഘനവും അന്താരാഷ്ട്ര തൊഴിൽ നിയമങ്ങളുടെയും കരാറുകളുടെയും ലംഘനവുമാണ്.

എന്നിരുന്നാൽ തന്നെയും തിരിച്ചുവരാൻ ആഗ്രഹിക്കുന്ന പരമാവധി ആളുകളെ തിരികെ എത്തിക്കാനും അവർക്ക് ഉപജീവനത്തിനുള്ള മാർഗങ്ങളും പദ്ധതികളും സംരംഭങ്ങളും ക്രമീകരിക്കാനുമുള്ള നടപടികൾ ആവശ്യമാണ്. കോവിഡാനന്തര കാലത്ത് പുതിയ തൊഴിൽ മേഖലകളുണ്ടാവുകയും കൂടുതൽ ആളുകൾ പുതിയ ഉപജീവന മേഖലകൾ തേടിപ്പോവുകയും ചെയ്യുന്ന സാഹചര്യങ്ങളുണ്ടാകുന്നതുവരെ അവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം അതാത് സർക്കാരുകൾക്കുണ്ട്. പ്രവാസികളെ ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിലുള്ള തൊഴിൽ മേഖലകളും വ്യവസായ സംരംഭങ്ങളും നമുക്ക് ആർജ്ജിക്കേണ്ടത് ആവശ്യമാണുതാനും.

ഉപയോഗിക്കണം പ്രവാസികളുടെ വൈദഗ്ധ്യത്തെയും കാര്യശേഷിയെയും

കേരളത്തിന്റെ വികസനത്തിന് പ്രവാസികൾ വഹിച്ച പങ്കിനെക്കുറിച്ച് ആർക്കും സംശയമുണ്ടാകില്ല. അവർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചോര വിയർപ്പാക്കി നേടിയ സമ്പാദ്യമപ്പാടെ ഇവിടേയ്ക്കാണ് എത്തുന്നത്. ഗൾഫ് രാജ്യങ്ങൾ അടക്കം ലോകത്തെമ്പാടുമുള്ള പ്രവാസി ജനത നേടിയെടുത്തിട്ടുള്ള അനുഭവ സമ്പത്തിനെയും വൈദഗ്ധ്യത്തെയും കാര്യശേഷിയെയും പൂർണമായും ഉപയോഗപ്പെടുത്താനുള്ള അവസരമാണ് കോവിഡാനന്തരം കാലം കേരളത്തിന് മുന്നിൽ വയ്ക്കുന്നത്. ഇതിനാവശ്യമായ നയങ്ങളും നടപടികളും അന്തരീക്ഷവും അടിയന്തരമായി ഉണ്ടാക്കിയെടുക്കേണ്ടതും പ്രാവർത്തികമാക്കേണ്ടതും സർക്കാരാണ്. കൊറോണയെന്ന മഹാമാരി ജനജീവിതത്തിന്റെ സർവ്വ മേഖലകളെയും ബാധിച്ച് ലോകത്തെ നിശ്ചലമാക്കുമ്പോൾ അതിനെ മറികടക്കാൻ സാമ്പത്തിക വ്യാവസായിക രംഗത്തും കൃത്യമായ ആസൂത്രണവും നടപടികളും ആവശ്യമാണ്.

റിവേഴ്സ് മൈഗ്രേഷൻ എന്ന അവസ്ഥയെ ഇത്രയും രൂക്ഷമായി ലോകം ഇതിന് മുമ്പ് അഭിമുഖീകരിച്ചിട്ടുണ്ടാകില്ല. പ്രവാസികൾ കേരളത്തിലേക്ക് എത്തുമ്പോൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കേരളത്തിലേക്കെത്തിയ കുടിയേറ്റത്തൊഴിലാളികൾ അവരവരുടെ നാടുകളിലേക്ക് തിരിച്ചുപോകാൻ തുടങ്ങിക്കഴിഞ്ഞു. ലോക്ഡൗൺകാലത്ത് അതിഥി തൊഴിലാളികളെ സംരക്ഷിക്കാൻ കേരളസർക്കാർ സ്വീകരിച്ച നടപടികൾ രാജ്യത്തിന്റെ ആകമാനം ശ്രദ്ധ നേടിയെടുത്തിരുന്നു. ഒറീസയിൽ നിന്നും അസമിൽ നിന്നും ജാർഖണ്ഡിൽ നിന്നും ബംഗാളിൽ നിന്നും ബീഹാറിൽ നിന്നുമൊക്കെയായി അതിഥി തൊഴിലാളികൾ കേരളത്തിലെത്തിയിട്ടുണ്ട്. അതിഥി തൊഴിലാളികളുടെ തിരിച്ചുപോക്ക് നമ്മുടെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതി ഒഴിവാക്കാൻ പ്രവാസ ലോകത്തുനിന്നെത്തുന്ന മലയാളികളുടെ അധ്വാനശേഷിയും കാര്യക്ഷമതയും വൈദഗ്ധ്യവും ഉപയോഗപ്പെടുത്തേണ്ടിവരും.

അതിനാവശ്യമായ തൊഴിൽ അന്തരീക്ഷവും തൊഴിൽ സംസ്കാരവും ഒരുക്കേണ്ടതുണ്ട്. കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് പുതിയ സംരംഭങ്ങൾ തുടങ്ങേണ്ടതുണ്ട്. അതിനാവശ്യമായ പിന്തുണയും സഹായവും സർക്കാരുകളുടെ ഭാഗത്തുനിന്നും ഉണ്ടാകണം. വായ്പാ ലഭ്യത, നടപടിക്രമങ്ങളിലെ ലഘൂകരണം, സർക്കാരിന്റെ പ്രോത്സാഹനം തുടങ്ങിയവ ഈ ഘട്ടത്തിൽ അത്യാവശ്യമാണ്. മലയാളികൾ കേരളത്തിന് പുറത്തു നൽകിയ സംഭാവനകളും അവർ കാഴ്ചവച്ചിട്ടുള്ള അത്ഭുതകരമായ കാര്യക്ഷമതയും പുതിയ സാഹചര്യത്തിൽ കേരളത്തിന്റെ തുടർന്നുള്ള വികസനത്തിനും വളർച്ചയ്ക്കും പ്രയോജനപ്പെടുത്താനുള്ള അവസരം കൂടിയാണിത്.

പ്രവാസികൾ നൽകിയ സംഭാവനകളെ മറക്കാൻ കേരളത്തിനാകില്ല. കഴിഞ്ഞ മഹാപ്രളയകാലങ്ങളിൽ പ്രവാസികൾ കേരളത്തിലേക്ക് ഒഴുക്കിയ സഹായങ്ങൾക്ക് കണക്കില്ല. കയ്യുംമെയ്യും മറന്നാണ് പ്രവാസികൾ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായത്. അതിനാൽ ഗൾഫ് രാജ്യങ്ങളിൽ അടക്കം കോവിഡ് എന്ന മഹാമാരിയുടെ മുന്നിൽ അടിപതറിനിൽക്കുന്ന സഹോദരങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കേന്ദ്ര‑സംസ്ഥാന സർക്കാരുകളും അതിന് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളും സന്നദ്ധ സംഘടനകളും പ്രവർത്തകരും ഒറ്റക്കെട്ടായി നിലകൊള്ളേണ്ട സന്ദർഭമാണിത്.

(തയ്യാറാക്കിയത്: ഷിബു ടി ജോസഫ്)

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.