കേരള- കർണാടക അതിർത്തിയിൽ ജീവനും മരണത്തിനുമിടയിൽ 12 കിലോമീറ്റർമാത്രം. കോവിഡിനെക്കാൾ വലിയ വൈറസായി മാറിയിരിക്കുകയാണ് കർണാടക തലപ്പാടിയിൽ മനുഷ്യത്വരഹിത മതിൽ. ഈ മതിൽ തുറക്കാത്തതിനെ തുടർന്ന് ചികിത്സ കിട്ടാതെ കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചത് ഏഴ് പേരാണ്. ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന മെഡിക്കൽ സിറ്റിയായ മംഗലാപുരത്തെയാണ് ചികിത്സക്കായി കാസർകോട് ജില്ലയിലെ ആളുകൾ വർഷങ്ങളായി ആശ്രയിച്ചു വരുന്നത്. അതോടൊപ്പം അതിർത്തി പ്രദേശമായ മഞ്ചേശ്വരത്തെ ജനങ്ങൾ കേരളീയരാണെങ്കിലും ഇവരിൽ എൺപത് ശതമാനം ആളുകളുടെയും പഠനവും ജോലിയും ചികിത്സയുമെല്ലാം മംഗലാപുരത്താണ്. കാസർകോട് നഗരത്തിൽ എത്തിപ്പെടുന്നതിനേക്കാൾ വേഗത്തിലും കുറഞ്ഞ ദൂരത്തിലും ഇവർക്ക് മംഗലാപുരത്ത് എത്തിച്ചേരാനാവും. അത്യാസന്ന നിലയിലുള്ള രോഗികളെ കണ്ടാൽപോലും മനുഷ്യത്വമില്ലാതെ രോഗികളുമായുള്ള ആംബുലൻസ് തിരിച്ചയക്കുകയാണ് കർണാടക പൊലീസ്.
കേരള ഹൈക്കോടതി ഇടപെട്ടെങ്കിലും അതിർത്തി തുറക്കില്ലെന്ന നിലപാടിൽ തന്നെയാണ് കർണാടക. ചികിത്സ കിട്ടാതെ മരിച്ചവരിൽ കർണാടക പൗരന്മാരും ഉൾപ്പെടും.
കർണാടക ബണ്ട്വാൾ സ്വദേശിനി ഫാത്തിമ (പാത്തുഞ്ഞി70) ആണ് മരിച്ചവരിൽ ഒരാൾ. ദിവസങ്ങൾക്ക് മുമ്പ് ഫാത്തിമ മഞ്ചേശ്വരം ഉദ്യാവറിലെ പേരക്കുട്ടിയുടെ വീട്ടിലെത്തുന്നത്. തലപ്പാടി ടോൾ ഗേറ്റിൽ നിന്നും വെറും ഒന്നരകിലോമീറ്റർ ദൂരം മാത്രമാണ് ഫാത്തിമ താമസിക്കുന്ന വീട്ടിലേയ്ക്കുള്ളത്. ശ്വാസതടസം അനുഭവപ്പെട്ടതിനെതുടർന്ന് ബന്ധുക്കൾ ആംബുലൻസിൽ മംഗളുരുവിലേക്ക് പുറപ്പെട്ടെങ്കിലും തലപ്പാടിയിൽ കർണാടക പൊലീസ് തടയുകയും മറ്റ് വഴികൾ നോക്കിയെങ്കിലും എല്ലായിടത്തും തടയുകയായിരുന്നു. കർണാടക സ്വദേശിനി തന്നെയാണ് വണ്ടിയിലുള്ളതെന്ന് പറഞ്ഞിട്ടും പൊലീസ് ചെവിക്കൊണ്ടില്ല. തിരികെ വീട്ടിലെത്തിച്ച ഫാത്തിമ തൊട്ടടുത്ത ദിവസം രാവിലെ മരണമടയുകയായിരുന്നു. തലപ്പാടിയിൽ നിന്ന് വെറും 2.7 കിലോമീറ്റർ മാത്രം ദൂരത്ത് താമസിക്കുന്ന ആസ്തമ രോഗിയായിരുന്ന മഞ്ചേശ്വരം തുമിനാട് സ്വദേശി അബ്ദുൾ ഹമീദാണ് (60) മരിച്ച മറ്റൊരാൾ. തലപ്പാടിയിൽ നിന്ന് 10 കിലോമീറ്റർ ദൂരത്ത് ഹൊസബെട്ടു എന്ന സ്ഥലത്ത് താമസിക്കുന്ന ശേഖര(50) ആണ് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സ കിട്ടാതെ മരിച്ചത്. മഞ്ചേശ്വരം തുമിനാട് സ്വദേശി മാധവൻ(49), കുഞ്ചത്തൂരിലെ ബേബി(60) എന്നിവർ തലപ്പാടിയിൽ നിന്ന് രണ്ടര കിലോമീറ്ററിനുള്ളിലും ഉദ്യാവാർ സ്വദേശിനി ആയിഷ(63) 4.6 കിലോമീറ്ററിനുള്ളിലും ഉപ്പളയിലെ ഹസൈനാർ(6) 12 കിലോമീറ്റനുള്ളിലുമാണ് താമസിക്കുന്നത്. ഈ ദൂരം പിന്നിട്ടിരുന്നെങ്കിൽ ഇവരുടെ ജീവൻ രക്ഷിക്കാനാകുമായിരുന്നെന്ന് മഞ്ചേശ്വരത്തുകാർ പറയുന്നു.
മംഗലാപുരത്തും അതിർത്തി പ്രദേശമായ തലപ്പാടിയിൽ നിന്ന് 15 കിലോമീറ്ററിൽ ദൂരത്തിലുള്ള ദേർലക്കട്ടയുൾപ്പെടെയുള്ള സ്ഥലത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള നിരവധി മെഡിക്കൾ കോളജുകളും ആശുപത്രികളുമാണുള്ളത്. നിത്യേത നൂറ് കണക്കിന് രോഗികളാണ് മംഗലാപുരത്ത് എത്തി ഡയാലിസിസും വിദഗ്ദ ചികിത്സയും തേടുന്നത്. ഇതാണ് കർണാടക അതിർത്തി അടച്ചതോടെ മുടങ്ങിയത്. മംഗലാപുരത്തെ മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലുമെല്ലാം രോഗികളും ജീവനക്കാരുമെല്ലാം കേരളീയരാണ്. കേരളത്തിലെ രോഗികളെ പ്രതീക്ഷിച്ച് മാത്രമാണ് മംഗലാപുരത്തെ ആശുപത്രികൾ മിക്കവയും പ്രവർത്തിക്കുന്നത്. മംഗലാപുരത്തെ ആശുപത്രികളിൽ അമിത തിരക്കുള്ളതിനാലാണ് കേരളത്തിൽ നിന്നുള്ള രോഗികളെ പ്രവേശിപ്പിക്കാത്തതെന്നാണ് കർണാടക എ ജി കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയിൽ വാദിച്ചത്. എന്നാൽ ഇത് പച്ചക്കള്ളമാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടിരുന്നു. അവിടെ മിക്കആശുപത്രികളിലെയും വാർഡുകൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. മംഗലാപുരത്തെ ജ്യോതി സർക്കിളിലെ കെഎംസി, കുംടികാനയിലെ എ ജെ, ദേർലക്കട്ടയിലെ കെ എസ് ഹെഡ്ഗെ ആശുപത്രികളിൽ ഭൂരിഭാഗവും കിടക്കളും ഒഴിഞ്ഞ് കിടക്കുകയാണ്. മലയാളികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന കെഎംസി ആശുപത്രിയിൽ ആകെയുള്ള 400 കിടക്കളിൽ 100 എണ്ണത്തിൽപോലും രോഗികളില്ല. എജെയിൽ 350 ൽ 280 കിടക്കയും കെഎസ് ഹെഗ്ഡെയിൽ 800 ൽ 600 കിടക്കളും ഇന്ത്യാനയിൽ 150 ൽ 120 കിടക്കളും ഫാദർമുള്ളേഴ്സിൽ 1250 ൽ 950 കിടക്കളും ഒഴിഞ്ഞ് കിടക്കുകയാണ്.
രോഗികളുടെ കുറവ് കാരണം ജീവനക്കാരുടെ എണ്ണവും മാനേജ്മെന്റ് പകുതിയായി കുറച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് രോഗികളെ കടത്തി വിട്ടാൽ മംഗലാപുരത്ത് കോവിഡ് വ്യാപിക്കുമെന്ന രീതിയിലുള്ള വർഗീയ പ്രചരണങ്ങൾ വരെ അവിടെ സംഘപരിവാരും ബിജെപിയും നടത്തുന്നുണ്ട്. ഈ വിഷയത്തിൽ സംസ്ഥാന ബിജെപി നേതൃത്വത്തിന്റെയും കേന്ദ്ര സർക്കാരിന്റെ മൗനം ചർച്ചയാവുകയാണ്.
മരിച്ച രോഗികളുടെ പേരും, വയസ്സും ബ്രാക്കറ്റിൽ തലപ്പാടിയിൽ നിന്നുള്ള ഇവരുടെ വീട്ടിലേക്കുള്ള ദൂരവും. ശേഖര(50) (10 കിലോമീറ്റർ),ബേബി(60) 2.7 കിലോമീറ്റർ),ഹസൈനാർ(60) 12 കിലോമീറ്റർ,മാധവ(49) 2.4 കിലോമീറ്റർ,ആയിഷ(63) 4.6 കിലോമീറ്റർ),ഫാത്തിമ(70) 2.7 കിലോമീറ്റർ,അബ്ദുൾ ഹമീദ്(60)(2.7 കിലോമീറ്റർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.