Web Desk

December 31, 2019, 10:25 pm

കേരള ഭൂപരിഷ്കരണ നിയമം

Janayugom Online

കാനം രാജേന്ദ്രൻ

കേരളത്തിൽ ഭൂപരിഷ്കരണ നിയമം നടപ്പിൽവന്ന് ജന്മിത്വ സമ്പ്രദായത്തിന് അന്ത്യം കുറിച്ചിട്ട് ഇന്ന് 50 വർഷം തികയുന്നു. സഖാവ് സി അച്യുതമേനോൻ കേരള കാർഷിക പരിഷ്കരണ നിയമം, അതിന്റെ ഉദ്ദേശവും ലക്ഷ്യങ്ങളും എന്ന ലേഖനത്തിൽ ഇങ്ങിനെ എഴുതി ‘കേരള ഭൂപരിഷ്കരണ നിയമത്തിന്റെ ഉദ്ദേശം എന്തായിരുന്നു? ഒറ്റ വാക്കിൽ പറഞ്ഞാൽ ജൻമിത്വം അവസാനിപ്പിക്കുക. അര നൂറ്റാണ്ടു കാലം കേരളത്തിലെ കൃഷിക്കാർ പ്രത്യേകിച്ചും മലബാറിലെ കൃഷിക്കാർ നിരവധി ത്യാഗങ്ങളും യാതനകളും സഹിച്ച് സമരം നടത്തിയത് ജൻമിത്വം നശിപ്പിക്കാനായിരുന്നു. അവരുടെ സ്വപ്നങ്ങൾ 1970 ജനുവരി ഒന്നാം തിയ്യതി മുതൽ പൂർത്തിയായി തുടങ്ങി’. കേരളത്തിൽ ഭൂപരിഷ്കരണ നിയമം അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ 1970 ജനുവരി 1 ന് നിലവിൽ വന്നു എന്നു മാത്രം പറഞ്ഞാൽ കാർഷിക ബന്ധപരിഷ്കരണങ്ങൾക്കായി വലിയ സമരങ്ങളും ത്യാഗങ്ങളും സഹിക്കുകയും രക്തസാക്ഷികളാവുകയും ചെയ്ത, കൊടിയ മർദ്ദനങ്ങൾക്കിരയായി ജീവിക്കുന്ന രക്തസാക്ഷികളായി മാറിയ ആയിരക്കണക്കിന് സഖാക്കളോടുള്ള അനാദരവായിരിക്കും.

ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാൽ 1936ൽ ലക്നോവിൽ വച്ച് അഖിലേന്ത്യാ കിസാൻ സഭ രൂപം കൊള്ളുന്നത് തന്നെ ജൻമിത്വ സമ്പ്രദായത്തിന് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ്. കേരളത്തിൽ 1937ൽ അഖില മലബാർ കർഷക സംഘം രൂപീകൃതമാവുന്നു. 1940 ൽ കൊച്ചി കർഷക സഭയും 1943 ൽ തിരുവിതാംകൂർ കർഷക സംഘവും രൂപീകൃതമായി. ഇതിനോടനുബന്ധമായി നമ്മൾ കാണേണ്ട ഏറ്റവും പ്രധാന വസ്തുത. 1956 നവംബർ ഒന്നിന് ഐക്യകേരള സംസ്ഥാനം നിലവിൽ വരുന്നതുവരെ കേരളം എന്ന് ഇന്ന് വിവക്ഷിക്കപ്പെടുന്ന ഒരേ ഭാഷ സംസാരിക്കുന്ന ഭൂവിഭാഗം വ്യത്യസ്തമായ മൂന്നു പ്രവിശ്യകളായിരുന്നു. തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങൾ, ബ്രിട്ടീഷുകാർ നേരിട്ട് ഭരിച്ച മദ്രാസ് പ്രവിശ്യയുടെ ഭാഗമായ മലബാർ. അതിനാൽ തന്നെ സമാനതകളേറെയുണ്ടെങ്കിലും വ്യത്യസ്ഥമായ നിയമ വ്യവസ്ഥകളാണ് ഈ പ്രദേശങ്ങളിൽ നില നിന്നിരുന്നത്. തിരുവിതാംകൂറിൽ സംഘകാല പരാമർശങ്ങളിൽ ഭൂമിയുടെ അവകാശം കർഷകനുണ്ടായിരുന്നതായി കാണുന്നു. എന്നാൽ പിൽക്കാലത്ത് ബ്രാഹ്മണരും. മറ്റ് ഉയർന്ന സവർണരും ജന്മിമാരും ഭൂരിപക്ഷം വരുന്ന അവർണർ കുടിയാന്മാരും അടിമ തൊഴിലാളികളും ആയി മാറുന്നതാണ് കാണുന്നത്. തിരുവിതാംകൂറിനെ സംബന്ധിച്ചിടത്തോളം 19-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ 50 ശതമാനവും അവസാന ദശകത്തിൽ 80 ശതമാനവും സർക്കാർ വക ഭൂമിയായിരുന്നു. പണ്ടാരവക പാട്ടഭൂമി. പക്ഷെ ഈ ഭൂമിക്കും വലിയ നികുതി നൽകേണ്ടതായി വന്നു. കാരണം പ്രായോഗികമായി തിരുവിതാംകൂർ ഒരു ബ്രിട്ടീഷ് സാമന്തരാജ്യമായിരുന്നു. അതിനാൽ തന്നെ കനത്ത നികുതി ബ്രിട്ടീഷ് സർക്കാരിന് നൽകേണ്ടി വരികയും അത് യഥാർത്ഥത്തിൽ ഭൂമി കൃഷി ചെയ്തിരുന്നവരിൽ നിന്നും പിരിച്ചെടുക്കാൻ ഇടപ്രഭുക്കന്മാർക്ക് അധികാരം ഉണ്ടാവുകയും ചെയ്തു. അവർ വളരെ കൂടുതൽ നികുതി കർഷകരിൽ നിന്നും ഈടാക്കി.

അതിനാൽ തന്നെ കർഷകരുടെ ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. കർഷക തൊഴിലാളികളാവട്ടെ അടിമസമ്പ്രദായം 19-ാം നൂറ്റാണ്ടിൽ തന്നെ നിരോധിക്കപ്പെട്ടിരുന്നെങ്കിലും അതേ സമ്പ്രദായത്തിൽ തന്നെ തുടർന്നു. രണ്ടാമത്തെ നാട്ടുരാജ്യമായ കൊച്ചിയെ സംബന്ധിച്ചിടത്തോളം 1790 മുതൽ 1805 വരെ കൊച്ചിരാജ്യം ഭരിച്ച ശക്തൻ തമ്പുരാന്റെ കാലത്താണ് ഭരണപരിഷ്കാരങ്ങൾക്ക് നാന്ദി കുറിക്കുന്നത്. 1854 ൽ അടിമ സമ്പ്രദായം നിയമം മൂലം അവസാനിപ്പിച്ചുവെങ്കിലും തിരുവിതാംകൂറിനേക്കാൾ വളരെ മോശമായിരുന്നു അധഃസ്ഥിത വിഭാഗങ്ങളുടെ അവസ്ഥ. വളരെ കൂടിയ നിരക്കിൽ നികുതിയും ഈടാക്കിയിരുന്നതിനാൽ കർഷകരുടെ അവസ്ഥയും വളരെ ദയനീയമായിരുന്നു. അടിമ സമ്പ്രദായം തുടരുകയും ചെയ്തു. ഭൂമി ജന്മിമാരുടെ അധീനതയിൽ ആയിരുന്നതിനാ­ൽ കർഷകർക്കോ കർഷക തൊഴിലാളികൾക്കോ ഒരു രീതിയിലുമുള്ള സാമൂഹ്യ സുരക്ഷയും ഉണ്ടായിരുന്നില്ല. നേരിട്ടുള്ള ബ്രിട്ടീഷ് ഭരണത്തിൻ മദ്രാസ് പ്രവിശ്യയുടെ കീഴിലുണ്ടായിരുന്ന മലബാറിൽ വളരെ സങ്കീർണ്ണമായ ഭൂവുടമാ സമ്പ്രദായമായിരുന്നു നിലവിലിരുന്നത്. ഈ പ്രദേശത്ത് ജന്മിമാർക്ക് ഭൂമിയിൽ പരമാധികാരമുണ്ടായിരുന്നു. ഭൂവുടമാ സമ്പ്രദായത്തിൽ തിരുവിതാംകൂറിലോ കൊച്ചിയിലോ കാണാൻ സാധിക്കാത്ത മദ്ധ്യവർത്തികൾ എന്ന സമ്പ്രദായം മലബാറിൽ ഉണ്ടായിരുന്നു. അതായത് ജന്മിമാർക്കും യഥാർത്ഥ കുടിയാന്മാർക്കുമിടയിൽ കൃഷി ചെയ്യാതെ ഭൂമി കൈവശം വെച്ച് കർഷകരെക്കൊണ്ട് കൃഷി ചെയ്യിപ്പിക്കുന്ന ഒരു വിഭാഗം. അവർ യഥാർത്ഥ കുടിയാന്മാർക്ക് കാണം, കുഴിക്കാണം, വെറും പാട്ടം തുടങ്ങിയ പേരുകളിൽ ഒരു കൊല്ലത്തേക്ക് കൃഷിക്കായി ഭൂമി പാട്ടത്തിനു നൽകി. ഈ കർഷകർക്ക്, അതായത് യഥാർത്ഥ കുടിയാന്മാർക്ക് അവർ കൃഷിചെയ്യുന്ന ഭൂമിയിൽ ഒരു അവകാശവും ഉണ്ടായിരുന്നില്ല. ബ്രിട്ടീഷ് അധികാരികൾ നികുതി പണം പിരിച്ചെടുക്കുന്നതിലല്ലാതെ ജന്മിമാരുടെ ദുർഭരണത്തിൽ ഒരു തരത്തിലും ഇടപെട്ടില്ല. 20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ തന്നെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി, നിലവിലിരുന്ന അനാചാരങ്ങൾക്കും ഉച്ചനീചത്വങ്ങൾക്കും എതിരെയുള്ള സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങൾ ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളുടെ അശ്രാന്ത പരിശ്രമ ഫലമായി ആരംഭിച്ചിരുന്നു. 1930 കളിലും 40 കളിലും കേരളത്തിൽ പൊതുവായി സാമൂഹ്യ പരിവർത്തനത്തിനായി സോഷ്യലിസ്റ്റ് ആശയങ്ങളുടെ സ്വാധീനം വ്യാപകമായി. 1912 ൽ ചിലപ്പോൾ നാട്ടുഭാഷകളിൽ ആദ്യമായി തന്നെ കാറൽ മാർക്സിന്റെ ഒരു ജീവചരിത്രം പ്രസിദ്ധീകരിക്കപ്പെടുന്നത് മലയാളത്തിലാണ്. കേസരി ബാലകൃഷ്ണപിള്ള രചിച്ച കാറൽ മാർക്സിന്റെ ജീവചരിത്രം. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളഘടകം രൂപീകൃതമാവുന്നതിന് ഒന്നോ രണ്ടോ മാസംമുമ്പ് തൃശ്ശൂരിൽ ഇടതുപക്ഷ സാഹിത്യകാരന്മാരുടെ ഒരു യോഗം ചേരുകയും ‘ജീവൽ സാഹിത്യ സംഘം’ എന്നൊരു സംഘടന രൂപീകരിച്ച് പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ആദ്യരൂപം നിലവിൽ വന്നു.

ഈ സമ്മേളനത്തിൽ കെ ദാമോദരൻ, പി കേശവദേവ്, കെ എ ദാമോദരമേനോൻ, ഇ എം ശങ്കരൻ നമ്പൂതിരിപ്പാട് എന്നിവരൊക്കെ പങ്കെടുക്കുകയും 1936 ൽ പ്രേംചന്ദിന്റെ അദ്ധ്യക്ഷതയിൽ ലക്നൗവിൽ വച്ചു നടന്ന അഖിലേന്ത്യാ പുരോഗമന സാഹിത്യ സമ്മേളനത്തിന്റെ ലക്ഷ്യങ്ങൾ ആണ് ജീവൽ സാഹിത്യ സംഘത്തിന്റെ ലക്ഷ്യങ്ങൾ എന്ന് എടുത്തു പറയുകയും ചെയ്തു. ആ മാനിഫെസ്റ്റോ താഴെ പറയും പ്രകാരമാണ്. ‘ഇന്ത്യയുടെ പുതിയ സാഹിത്യം നമ്മുടെ അടിസ്ഥാന പ്രശ്നങ്ങൾ കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും സാമൂഹ്യമായ പിന്നോക്കാവസ്ഥയുടെയും രാഷ്ട്രീയ അടിമത്തത്തിന്റെയും പ്രശ്നങ്ങളാണ് നമ്മുടെ അടിസ്ഥാന പ്രശ്നങ്ങൾ’. ചാതുർവർണ്യ വ്യവസ്ഥിതി വിവിധ തട്ടുകളിലായി വിഭജിച്ചു നിർത്തിയിരുന്ന, അടിമത്തവും അയിത്തവും നിലനിന്നിരുന്ന, അന്ധവിശ്വാസങ്ങളും ദാരിദ്ര്യവും നിരക്ഷരതയും നടമാടിയ കേരള സമൂഹത്തിൽ അറിവിന്റെയും സമഭാവനയുടെയും സ്വാതന്ത്ര്യത്തിന്റെയും ശുദ്ധവായു കടത്തിവിട്ടത് കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രത്തിൽ ആകൃഷ്ടരായ ഒരു സംഘം ഉല്പതിഷ്ണുക്കളായിരുന്നു. അതിനാൽ തന്നെയാണ് 1957 ഏപ്രിൽ മാസം അഞ്ചാം തീയതി കേരള സംസ്ഥാന രൂപീകരണശേഷം ഭരണമേറ്റെടുത്ത ആദ്യ മന്ത്രിസഭ രൂപീകരിക്കാൻ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സാധ്യമായത്. ഏപ്രിൽ 10-ാം തീയതി തന്നെ ഒരു ഓർഡിനൻസിലൂടെ കുടിയൊഴിപ്പിക്കൽ അവസാനിപ്പിക്കാൻ സിപിഐ സർക്കാരിനെ പ്രാപ്തമാക്കിയത്. ‘സാമൂഹ്യനീതി’ ഉറപ്പുവരുത്തുക എന്നത് ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ പ്രഥമവും പ്രധാനവുമായ കർത്തവ്യമാണ് എന്ന ഉറച്ചബോധം സിപിഐക്കുണ്ടായിരുന്നു. കർഷക സമരങ്ങളും അനാചാരങ്ങൾക്കെതിരെയുള്ള കലാപങ്ങളും സമഗ്രസ്വഭാവമുള്ള ജനകീയ സമരങ്ങളായി മാറി. ഇവ നവോത്ഥാന മൂല്യങ്ങൾ കേരള സമൂഹത്തിൽ വേരുപിടിക്കാൻ വേണ്ടിയുള്ള ശക്തമായ രാഷ്ട്രീയ സമരങ്ങളുമായിരുന്നു. സ്വാതന്ത്ര്യ പൂർവ്വ കാലഘട്ടത്തിൽ കൃഷിഭൂമിയിൽ കർഷകന്റെ അവകാശത്തിനായി പട പൊരുതിയ അതേ ജാഗ്രതയോടെ തന്നെയാണ് സമഗ്ര ഭൂപരിഷ്കരണ നിയമം രൂപീകരിക്കുന്നതിനായി സി അച്യുതമേനോൻ കൺവീനറും ഇ ചന്ദ്രശേഖരൻ നായർ, ഇ ഗോപാലകൃഷ്ണ മേനോൻ, പന്തളം പി ആർ, സി എച്ച് കണാരൻ, കെ ആർ ഗൗരിയമ്മ, ഇ പി ഗോപാലൻ എന്നിവർ അംഗങ്ങളായി ഒരു സമിതി 1957‑ലെ ആദ്യ സിപിഐ സർക്കാർ രൂപീകരിച്ചതും. കമ്മിറ്റി രൂപം കൊടുത്ത കേരള അഗ്രേരിയൻ റിലേഷൻസ് ബിൽ നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കിയതും. ഐക്യ കേരള സംസ്ഥാനം രൂപീകൃതമാവുന്നതിനു മുമ്പ് തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് മലബാറുമായി വേർതിരിഞ്ഞ് നിന്നിരുന്നു. എന്നാൽ ഒരിടത്തും കർഷകന് കൃഷിഭൂമിയിൽ ഉടമസ്ഥാവകാശം ഇല്ലാതിരുന്ന അവസ്ഥക്ക് അറുതി വരുത്തിക്കൊണ്ട് കാർഷിക ബന്ധബിൽ 1957 ഡിസംബർ 21‑ന് സി പി ഐ സർക്കാർ കേരള നിയമസഭയിൽ അവതരിപ്പിച്ചത്.

സെലക്ട് കമ്മിറ്റി പരിശോധിച്ച ബിൽ ഭേദഗതികളോടെ 1959 ജൂൺ പത്തിന് നിയമസഭ പാസാക്കി. 1959 ജൂലൈ 31‑ന് കേന്ദ്ര സർക്കാർ ഭരണഘടനയിലെ വിവാദ വകുപ്പായ ആർട്ടിക്കിൾ 356 ദുരുപയോഗം ചെയ്ത് ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ടതിനാൽ ഇക്കാര്യത്തിൽ കൂടുതൽ നടപടി സാധ്യമായില്ല. പിന്നീട് അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാർ കാർഷിക നിയമത്തെ ദുർബലപ്പെടുത്തുവാനുള്ള നിയമനിർമ്മാണങ്ങൾക്കാണ് മുതിർന്നത്. 28.10. 1963‑ൽ സഖാവ് എൻ ഇ ബാലറാം മന്ത്രി പി ടി ചാക്കോ അവതരിപ്പിച്ച ഭൂപരിഷ്കരണ ബില്ലിനെ എതിർത്തുകൊണ്ടും ബിൽ പൊതുജനാഭിപ്രായത്തിന് വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും സംസ്ഥാന നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ ‘ഈ ബിൽ കാർഷിക പരിഷ്കരണത്തെ കുഴിച്ചുമൂടുകയാണ്’ എന്ന് അഭിപ്രായപ്പെട്ടു. കുടിയാൻമാർ നിലവിൽ നൽകിയിരുന്ന പാട്ടത്തേക്കാൾ വളരെ ഉയർന്ന തുകയാണ് ബില്ലിൽ പി ടി ചാക്കോ ശുപാർശ ചെയ്തത്. അതിനാൽതന്നെ 1967 വരെയുള്ള കേരളത്തിലെ രാഷ്ട്രീയ അസ്ഥിരതയുടെ കാലഘട്ടത്തിൽ 1957‑ലെ കാർഷിക ബന്ധ നിയമത്തിൽ നിന്നും പിറകോട്ട് പോകുവാനുള്ള ശ്രമങ്ങളാണ് കണ്ടത്. 1967‑ലെ സപ്തകക്ഷി മുന്നണി സർക്കാർ മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ അധികാരമേറ്റു. മിനിമം പരിപാടിയിലെ ഒരു പ്രധാന ഇനമായിരുന്നു ഭൂപരിഷ്കരണം. ഈ മന്ത്രിസഭ അധികാരത്തിൽ വന്ന് 18 മാസം കഴിഞ്ഞ് ഭൂപരിഷ്കരണ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. വീണ്ടും ഒരു വർഷം കഴിഞ്ഞാണ് സെലക്ട് കമ്മിറ്റി റിപ്പോർട്ട് വന്നത്. 32 മാസം ഭരണത്തിലിരുന്ന സപ്തകക്ഷി മുന്നണി സർക്കാർ രാജിവെക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് മാത്രമാണ് ബിൽ നിയമസഭ പാസാക്കിയത്. അതിനുശേഷം 1969 നവംബർ ഒന്നിന് അധികാരത്തിൽ വന്ന സി അച്യുത മേനോൻ മന്ത്രിസഭയുടെ കാലത്താണ് 1970 ജനുവരി ഒന്നിന്, കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഭൂപരിഷ്കരണ ഭേദഗതി നിയമത്തിന് പ്രസിഡന്റിന്റെ അനുമതി നേടിയെടുക്കാൻ സാധിച്ചത്. ഇത് കേരള നിയമ നിർമ്മാണ ചരിത്രത്തിലെ ഏറ്റവും തിളക്കമേറിയ അദ്ധ്യായമാണ്. നിയമത്തിന്റെ എല്ലാ വകുപ്പുകളും 1970 ജനുവരി ഒന്നിന് നിലവിൽവന്നു.

1969‑ലെ ഭേദഗതിയിൽ സംസ്ഥാനത്തെ കാർഷിക ബന്ധങ്ങളിൽ ദൂരവ്യാപകമായ മാറ്റങ്ങളുണ്ടായി. ഒന്നാമതായി കുടികിടപ്പുകാർക്ക് പഞ്ചായത്തുകളിൽ പത്ത് സെന്റ്, മുനിസിപ്പാലിറ്റിയിൽ അഞ്ച് സെന്റ്, കോർപ്പറേഷനുകളിൽ 3 സെന്റ്എന്നിങ്ങനെ അവരുടെ കുടികിടപ്പുഭൂമിയിൽ ഉടമസ്ഥാവകാശം നൽകി. രണ്ടാമതായി, സംസ്ഥാനത്ത് ജന്മിത്വ സമ്പ്രദായം പൂർണമായും അവസാനിപ്പിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം കർഷകർക്ക് ലഭിക്കുകയും ചെയ്തു. മൂന്നാമതായി, കൈവശ ഭൂമിക്ക് പരിധി നിർണയം വരികയും അധിക ഭൂമി അഥവാ മിച്ചഭൂമി ഭൂരഹിതരായ കൃഷിക്കാർക്കും കർഷകത്തൊഴിലാളികൾക്കും ലഭ്യമാക്കി. ഈ നിയമം നിലവിൽ വന്ന ജനുവരി ഒന്നാം തീയതി കേരളത്തിലെ 25.36 ലക്ഷം കുടിയാന്മാരാണ് അവർ കൃഷി ചെയ്തിരുന്ന ഭൂമിയുടെ ഉടമകളായി മാറിയത്. 10 വർഷത്തിനുള്ളിൽ 5 ലക്ഷം കുടികിടപ്പുകാരും സ്വന്തം ഭൂമിയുടെ ഉടമകളായി മാറി. 1970 ജനുവരി ഇരുപതിന് ഒരു ഓർഡിനൻസിലൂടെ ഒരു രൂപ പ്രതിഫലം നൽകാതെ കണ്ണൻ ദേവൻ കമ്പനി കൈവശം വെച്ചിരുന്ന 1,32,000 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തു. ഭൂപരിഷ്കരണ നിയമം നടപ്പിലാക്കുന്നതിലും ധാരാളം വെല്ലുവിളികൾ ഉണ്ടായിരുന്നു. ഉദാഹരണത്തിന് 1957‑ൽ മിച്ചഭൂമി 1,75,000 ഏക്കറായാണ് കണക്കാക്കിയിരുന്നതെങ്കിൽ 1967‑ൽ അത് 1,50, 000 ആയും 1970‑ൽ ഒരു ലക്ഷത്തിൽ താഴെയായും മാറി. സർക്കാരിന് മിച്ചഭൂമി കണ്ടെത്താനുള്ള രേഖകൾ പലയിടത്തും അപര്യാപ്തമായിരുന്നു. എങ്കിലും ഇത്തരത്തിലുള്ള നിയമപരവും പ്രായോഗികവുമായ എല്ലാ കടമ്പകളും തരണം ചെയ്ത് ആ സർക്കാർ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കി. ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട് രണ്ട് സുപ്രധാന നിയമങ്ങൾകൂടി ഐക്യമുന്നണി മന്ത്രിസഭ നടപ്പിലാക്കി.

1972‑ലെ കേരള ഭൂപരിഷ്കരണ (ഭേദഗതി) ആക്ടും 1974‑ലെ കേരള കർഷകത്തൊഴിലാളി നിയമവും. രാഷ്ട്രീയ ഇച്ഛാശക്തിയുള്ള ഒരു സർക്കാർ എങ്ങിനെ ഒരു പുരോഗമനപരമായ നിയമനിർമ്മാണത്തിന് എതിരെ ഉയരുന്ന നിയമപരമായതും പ്രായോഗിക തലത്തിലുള്ളതുമായ വെല്ലുവിളികൾ നേരിടും എന്നതിന് ഉദാഹരണമായിരുന്നു ആ മന്ത്രിസഭ. 1974‑ലെ കേരള കർഷക തൊഴിലാളി നിയമം കേരളത്തിലെ കർഷക തൊഴിലാളികളുടെ ”മാഗ്നാകാർട്ട” തന്നെയായിരുന്നു.

ജോലി സമയം നിജപ്പെടുത്തുവാനും ജോലി ഭദ്രത ഉറപ്പു വരുത്തുവാനും പ്രോവിഡന്റ് ഫണ്ട് നടപ്പിലാക്കുവാനും അധിക ജോലിക്ക് അധിക വേതനം ഉറപ്പു വരുത്തുവാനും ആ നിയമംവഴി സാധിച്ചു. മറ്റൊരു വിപഌവകരമായ കാൽവെയ്പായിരുന്നു ലക്ഷംവീട് പദ്ധതി. ഭവനരഹിതരായ പാവപ്പെട്ടവർക്ക് ഒരുലക്ഷം വീടുകൾ നിർമ്മിച്ചു നൽകാനായി സഖാവ് എം എൻ ഗോവിന്ദൻ നായർ നേതൃത്വം നൽകി നടപ്പിലാക്കിയ പദ്ധതി മാർച്ച് 1976‑ലെ കണക്കനുസരിച്ച് 57,000 വീടുകൾ നിർമ്മിച്ചു നൽകി. ഇതേ കാലത്തെ കണക്കുകൾ പറയുന്നത് 12,93,137 ജന്മാവകാശത്തിനുള്ള അപേക്ഷകളും 3,60, 431 കുടികിടപ്പിനുള്ള അപേക്ഷകളും തീർപ്പാക്കി എന്നാണ്. കുടികിടപ്പിനുള്ള പതിനായിരം അപേക്ഷകൾ മാത്രമേ അന്ന് ബാക്കിയുണ്ടായിരുന്നുള്ളൂ. കേരളത്തിലെ സാംസ്കാരിക സാമൂഹ്യ ഭൂമികയിൽ 1957‑ലും അതിനുശേഷവും വന്ന കമ്മ്യൂണിസ്റ്റ് സർക്കാരുകൾ ജന്മിത്വം അവസാനിപ്പിക്കുകയും കുടികിടപ്പവകാശം ഉറപ്പുവരുത്തുകയും പാവങ്ങളിൽ പാവങ്ങൾക്ക് ലക്ഷംവീട് പദ്ധതിയിൽ തുടങ്ങി വിവിധ സാമൂഹ്agriculture.jpgയ സുരക്ഷാ പദ്ധതികളും സാമൂഹ്യ ക്ഷേമ പെൻഷനുകളും നടപ്പിലാക്കുകയും ചെയ്തു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളത്തിൽ ഉണ്ടായ വിദ്യാഭ്യാസ സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ പുരോഗതിക്ക് കാരണവും കമ്മ്യൂണിസ്റ്റ് സർക്കാരുകളുടെ ദീർഘകാല വീക്ഷണത്തോടെയുള്ള നടപടികളാണ്.